Image

ആൻഡ്രുവിന്റെ അറസ്റ്റ് ഏറെ ദുഃഖകരമെന്നു ട്രംപ്; മുൻ രാജകുമാരനെ പോലീസ് വിട്ടയച്ചു (പിപിഎം)

Published on 20 February, 2026
 ആൻഡ്രുവിന്റെ അറസ്റ്റ് ഏറെ ദുഃഖകരമെന്നു ട്രംപ്;  മുൻ രാജകുമാരനെ പോലീസ് വിട്ടയച്ചു (പിപിഎം)

ബ്രിട്ടനിലെ മുൻ രാജകുമാരൻ ആൻഡ്രു മൗണ്ട്ബാറ്റൺ-വിൻഡ്‌സർ അറസ്റ്റ് ചെയ്യപ്പെട്ടത് ദുഃഖകരമാണെന്നു പ്രസിഡന്റ് ട്രംപ്. അമേരിക്കൻ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനും അദ്ദേഹം കാഴ്ച്ചവച്ച പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുമായി ബന്ധം പുലർത്തുമ്പോൾ ആൻഡ്രു ബ്രിട്ടിഷ് വ്യാപാര പ്രതിനിധി എന്ന നിലയിൽ സൂക്ഷിക്കേണ്ട ഔദ്യോഗിക രഹസ്യങ്ങൾ കൈമാറി എന്നതാണ് അറസ്റ്റിനു ആധാരം.

"അതൊരു നാണക്കേടാണെന്നു ഞാൻ കരുതുന്നു," വ്യാഴാഴ്ച്ച ജോർജിയയിലേക്കു പോകാൻ വിമാനം കയറുമ്പോൾ ട്രംപ് പറഞ്ഞു. "അത് വളരെ ദുഖകരമാണ്. രാജകുടുംബത്തിനു ഏറെ മോശമായി. വളരെ, വളരെ ദുഖകരം."

ചാൾസ് മൂന്നാമൻ രാജാവ് അസാമാന്യ വ്യക്തിയാണെന്നു ട്രംപ് പറഞ്ഞു. യുഎസ് 250ആം വാർഷികം ആഘോഷിക്കുമ്പോൾ ചാൾസ് എത്തും.

ചോദ്യമുനയിൽ ചാൾസ്

വ്യാഴാഴ്ച്ച ആൻഡ്രുവിന്റെ അറസ്റ്റ് ഉണ്ടായപ്പോൾ ചാൾസ് ലണ്ടൻ ഫാഷൻ വീക്ക് പ്രദർശനം കാണാൻ കാമില രാജ്ഞിക്കൊപ്പം പോയി. അവിടെ മാധ്യമങ്ങൾ അദ്ദേഹത്തോട് നിരവധി ചോദ്യങ്ങൾ ചോദിച്ചു.  

"സഹോദരന്റെ അറസ്റ്റിനെ കുറിച്ച് അങ്ങേയ്ക്കു എന്തെങ്കിലും പറയാനുണ്ടോ സർ?" ഒരു റിപ്പോർട്ടർ ചോദിച്ചു. "സഹോദരനോട് സംസാരിച്ചോ?" മറ്റൊരു വനിതാ റിപ്പോർട്ടർ ചോദ്യം ഉന്നയിച്ചു.

ചാൾസ് മറുപടി പറഞ്ഞില്ല. പക്ഷെ 'നിയമം അതിന്റെ വഴിക്കു തന്നെ പോകും' എന്നൊരു പ്രസ്താവന അദ്ദേഹം നേരത്തെ ഇറക്കിയിരുന്നു.

ആഘാതമേറ്റ പോലെ ആൻഡ്രു

വ്യാഴാഴ്ച്ച ഏഴു മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം തെയിംസ് വാലി പോലീസ് വിട്ടയച്ച ആൻഡ്രുവിന്റെ ഫോട്ടോകളിൽ അദ്ദേഹം കടുത്ത ആഘാതമേറ്റ നിലയിലാണെന്ന് സൂചനയുണ്ട്. 'ആത്മാനുരാഗിയായ' മുൻ രാജകുമാരനു പ്രശ്നം എന്താണെന്നു മനസിലായിട്ടുണ്ടെന്നു തോന്നുന്നില്ല എന്നാണ് രാജകുടുംബത്തെ നിരീക്ഷിക്കുന്ന ചില ലേഖകന്മാർ പറയുന്നത്.

ആൻഡ്രു പോലീസ് സ്റ്റേഷനിൽ നിന്നു മടങ്ങുമ്പോൾ കാറിന്റെ പിൻസീറ്റിൽ ഇരിക്കുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ മുഖഭാവം ഇടിവെട്ടേറ്റ പോലെയാണ്.

ആൻഡ്രുവിന്റെ വസ്തുവകകളിൽ പോലീസ് തിരച്ചിൽ തുടർന്നു.

Trump feels Andrew's arrest is 'very, very sad' 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക