
ഇന്ത്യൻ അമേരിക്കൻ സമൂഹം പ്രസിഡന്റ് ട്രംപിൽ നിന്ന് അകന്നുപോയതായി യുവ്‌ഗോവ് നടത്തിയ പുതിയ സർവേ ചൂണ്ടിക്കാട്ടുന്നു. 2026 Indian American Attitudes Survey നടത്തിയത് കാർണീജി എൻഡോവ്മെന്റ് ഫോർ ഇന്റർനാഷണൽ പീസ്, അമേരിക്കൻ യൂണിവേഴ്സിറ്റി, ജോൺ ഹോപ്‌കിൻസ്-എസ്എഐഎസ് എന്നിവയുടെ സഹകരണത്തോടെയാണ്.
ആഭ്യന്തര നയമാറ്റങ്ങളും സാമ്പത്തിക ആശങ്കകളും വർധിച്ചു വരുന്ന ഓൺലൈൻ ശത്രുതയും ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ പിടിച്ചുലയ്ക്കുന്നു എന്നാണു സർവേയുടെ കണ്ടെത്തൽ. 1,000 പേർ പങ്കെടുത്ത സർവേ 2025 ഒടുവിലും 2026 ആദ്യവുമാണ് നടത്തിയത്.
ട്രംപിന്റെ ഭരണത്തിൽ മികവുണ്ടെന്നു അംഗീകരിക്കുന്നവർ 29% മാത്രമാണെന്ന് സർവേ കണ്ടെത്തി. യുഎസ് ജനസംഖ്യയിലെ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ചു ഇന്ത്യക്കാർ ട്രംപിനെ കൂടുതൽ വിമർശിക്കുന്നു എന്നതാണ് സൂചന.
ട്രംപിന്റെ നയങ്ങളോട് മൂന്നു കാര്യങ്ങളിൽ കടുത്ത ഭിന്നത കാണുന്നു.
ഇന്ത്യയുമായുള്ള ബന്ധങ്ങൾ യുഎസ് മോശമായാണ് കൈകാര്യം ചെയ്യുന്നതെന്നു 55% പേർ ചൂണ്ടിക്കാട്ടി. 20% പേർ മാത്രമേ ഇക്കാര്യത്തിൽ മതിപ്പു കാട്ടുന്നുള്ളൂ. 25% പേർക്ക് അഭിപ്രായമൊന്നുമില്ല.
ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ മേൽകൈ ഡെമോക്രാറ്റുകൾക്കു തന്നെ. എന്നാൽ അത് 46% ആയി കുറഞ്ഞിട്ടുണ്ട്. റിപ്പബ്ലിക്കൻ പക്ഷമാണ് എന്നു പറയുന്നവർ 19% മാത്രം. സ്വതന്ത്രരായി നിൽക്കുന്നവർ ഇപ്പോൾ 29% ഉണ്ട്.
സമ്പദ് വ്യവസ്ഥയാണ് പ്രധാന ആശങ്ക. വിലക്കയറ്റം 21% പേർക്ക് പ്രധാന ആശങ്കയാവുമ്പോൾ 17% പേർ തൊഴിലില്ലായ്മയെ കുറിച്ചു ചിന്തിക്കുന്നു. ആരോഗ്യ രക്ഷ, കുടിയേറ്റ നയം എന്നിവയാണ് പിന്നീടുള്ള വിഷയങ്ങൾ.
തൊലിയുടെ നിറം, രാജ്യം എന്നിവയുടെ അടിസ്‌ഥാനത്തിൽ വിവേചനം അനുഭവപ്പെടുന്നുണ്ടെന്നു 50% പേർ പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഇന്ത്യക്കാർക്കെതിരെ ആക്രമണം വർധിക്കുന്നു എന്നു ചൂണ്ടിക്കാട്ടി മൂന്നിലൊന്നു ഇന്ത്യക്കാർ ഇന്റർനെറ്റിൽ രാഷ്ട്രീയ ചർച്ചകൾ ഒഴിവാക്കുന്നു.
സർവേയിൽ 68% പേർ ന്യൂ യോർക്ക് മേയർ സോഹ്രാൻ മാംദാനിയെ പിന്താങ്ങി. ഇന്ത്യക്കാരൻ എന്നതു കൊണ്ടു മാത്രമല്ല, അദ്ദേഹത്തിന്റെ നയങ്ങളോടുള്ള മതിപ്പു കൊണ്ടു കൂടിയാണ്.
മതത്തെ വിവാഹവുമായി ബന്ധപ്പെടുത്തിയ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ അഭിപ്രായങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് സർവേയിൽ കണ്ടത്.
Indian Americans disapprove Trump in survey