
ടെക്സസിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിനെതിരെ ആക്രമണങ്ങൾ വർധിക്കുന്നതിനിടെ, സംസ്ഥാനത്തെ നഗരങ്ങളിലെ ഹൗസിംഗ് കമ്മ്യൂണിറ്റികളിൽ ഇന്ത്യൻ-അമേരിക്കക്കാർ തട്ടിപ്പു നടത്തുകയാണെന്ന് ആരോപിച്ചുകൊണ്ട് വലതുപക്ഷ ഇൻഫ്ളുവന്സർ കെയ്‌ലി ക്യാമ്പ്ബെൽ എക്‌സിൽ പങ്കുവച്ച പോസ്റ്റ് ചൂടേറിയ ചർച്ചയ്ക്ക് തിരി കൊളുത്തി.
ഫ്രിസ്കോ സിറ്റി കൗൺസിൽ യോഗത്തിൽ നിന്നുള്ള വീഡിയോയിലാണ് ഇന്ത്യൻ സമൂഹാംഗങ്ങൾ അപ്പാർട്മെന്റുകൾ സ്വന്തമായി ലീസിന് എടുത്ത ശേഷം സുഹൃത്തുകൾക്ക് ‘സബ്‌ലീസ്’ ചെയ്യുന്നുവെന്നു ക്യാമ്പ്ബെൽ ആരോപിച്ചത്. ഇത് മറ്റ് വംശീയ/ദേശീയ വിഭാഗങ്ങളിൽപ്പെട്ടവർക്കുള്ള ഹൗസിംഗ് അവസരങ്ങൾ തടയുകയാണെന്നും അവർ ആരോപിച്ചു.
കൗൺസിൽ യോഗത്തിൽ സംസാരിച്ച അവർ, തനിക്ക് ടെക്സസ് റിയൽ എസ്റ്റേറ്റ് ലൈസൻസ് ഉണ്ടെന്നും ഫ്രിസ്കോയും സമീപ പ്രദേശങ്ങളും ഉൾപ്പെടുത്തി പ്രവർത്തിക്കുന്ന ഒരു അപാർട്മെന്റ് കമ്പനിയിൽ അസിസ്റ്റന്റ് പ്രോപ്പർട്ടി മാനേജറായി ജോലി ചെയ്തിരുന്നുവെന്നും വ്യക്തമാക്കി. തട്ടിപ്പു പ്ലാനോ ഉൾപ്പെടെ പലയിടത്തും വ്യാപകമാണെന്നും പോലീസ് ഇടപെടൽ ആവശ്യമാണ് എന്നും അവർ പറഞ്ഞു.
ലീസ് അപേക്ഷകളിൽ വ്യാജ രേഖകൾ സമർപ്പിക്കപ്പെടുന്നുവെന്നും അവർ ആരോപിച്ചു. ഈ സാഹചര്യങ്ങൾ ടെക്സസുകാർക്കു വീടില്ലാത്ത അവസ്ഥയിലേക്കു നയിക്കുമെന്നും ക്യാമ്പ്ബെൽ പറഞ്ഞു.
ഡാലസ്-ഫോർട്ട് വേർത്ത് മെട്രോപ്ലക്സിൽ ഇന്ത്യൻ വംശരുടെ ജനസംഖ്യ കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി വർധിച്ചതിനിടെ, കുടിയേറ്റ നയങ്ങളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകളോടൊപ്പം ഇന്ത്യൻ സമൂഹത്തിനെതിരായ വിമർശന സ്വരങ്ങളും ശക്തമായതായി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ക്യാമ്പ്ബെലിന്റെ വൈറൽ പോസ്റ്റിന് കീഴിൽ നിരവധി പേർ ഭിന്നാഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. ചിലർ ഹൗസിംഗ് സംബന്ധമായ നിയമാവകാശങ്ങൾ ചൂണ്ടിക്കാട്ടി ആരോപണങ്ങളെ ചോദ്യം ചെയ്തു. മറ്റു ചിലർ ഇന്ത്യൻ വംശജരായ അത്തരം വീട്ടുടമസ്ഥരെയും വാടകക്കാരെയും നാടുകടത്തണമെന്ന് പ്രതികരിച്ചു. ആരോപണങ്ങൾക്ക് ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല.
Indians accused of housing scam in Texas