
ഓസ്‌ട്രേലിയയിൽ 'യഹൂദ വിദ്വേഷികൾ' നടത്തിയ 'ഹീനമായ ഭീകരാക്രമണത്തെ' ന്യൂ യോർക്ക് നിയുക്ത മേയർ സോഹ്രാൻ മാംദാനി അപലപിച്ചു. "ന്യൂ യോർക്കിലെ യഹൂദർക്കു സംരക്ഷണം നൽകും," അദ്ദേഹം ഉറപ്പു നൽകി.
"സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ യഹൂദ സമൂഹം ഹനുക്ക ആഘോഷിക്കുമ്പോൾ നടന്നതു ഹീനമായ ഭീകരാക്രമണമാണ്. കൊല്ലപ്പെട്ടവരെ കുറിച്ചു വിലപിക്കുന്നു. അവരുടെ കുടുംബങ്ങളെയും യഹൂദ സമൂഹത്തെയും ചബാദ് പ്രസ്ഥാനത്തെയും എന്റെ പ്രാർഥനകളിൽ ഞാൻ ഓർമിക്കും," നഗരത്തിന്റെ ഇന്ത്യൻ അമേരിക്കൻ മുസ്ലിം മേയറാവുന്ന മാംദാനി പറഞ്ഞു.
"മരിച്ചവരുടെ ഓര്മ അനുഗ്രഹമാവട്ടെ. വിശദാംശങ്ങൾ ഇനിയും വരാനുണ്ടെങ്കിലും നമുക്ക് അറിയാൻ കഴിഞ്ഞിടത്തോളം കാര്യങ്ങൾ ആഘാതമുണ്ടാക്കുന്നതാണ്."
ന്യൂ യോർക്ക് ബ്രൂക്ലിനിലെ ക്രൗൺ ഹൈറ്സ് മേഖലയുമായി ഉറ്റ ബന്ധമുള്ള ഒരാളാണ് കൊല്ലപ്പെട്ട റാബി ഏലി ശ്ലാങ്കർ എന്നു മാംദാനി ഓർമിച്ചു. "മറ്റൊരു യഹൂദ സമൂഹം കൂടി വിലാപത്തിലും നഷ്ടത്തിലുമായി. ആഘോഷ ദിനം ഇരുട്ടിൽ മുങ്ങി. ലോകമൊട്ടാകെ യഹൂദ സമൂഹങ്ങൾക്കു നേരെ വർധിച്ചു വരുന്ന അതിക്രമങ്ങളുടെ തുടർച്ചയാണിത്.
"പുറത്തു സായുധ കാവൽ ഇല്ലാതെ സിനഗോഗിൽ കയറി പ്രാർഥിക്കാൻ ഒട്ടേറെ ആളുകൾ ഭയപ്പെടുന്നു. ബോണ്ടിയിൽ സംഭവിച്ചത് തങ്ങളുടെ സമൂഹത്തിലും ഉണ്ടാവുമെന്ന് അവർ ഭയപ്പെടുന്നു."
പ്രചാരണ കാലത്തു ഇസ്രയേലിനെ കടന്നാക്രമിച്ച മാംദാനി യഹൂദരുടെ ഇടയിൽ ഒട്ടേറെ ആശങ്ക ഉയർത്തിയിരുന്നു. പലസ്തീൻ വിമോചന സമരമായ ഇന്തിഫാദ ലോകമെങ്ങും ഉണ്ടാവണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
എന്നാൽ ഞായറാഴ്ച്ചത്തെ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു: "ഞാൻ മേയറായാൽ ന്യൂ യോർക്കിലെ യഹൂദർക്ക് സുരക്ഷ ഉറപ്പാക്കാൻ എല്ലാ ദിവസവും പരിശ്രമിക്കുമെന്നു ഉറപ്പു നൽകുന്നു -- തെരുവുകളിൽ, സബ്വേകളിൽ, സിനഗോഗിൽ, എല്ലാ ദിവസവും, എല്ലാ നിമിഷവും. ഓരോ ന്യൂ യോർക്ക് നിവാസിയും ഈ ലക്‌ഷ്യം പങ്കിടണം, ഭീകരമായ ഭൂതകാലം നമുക്കു ഇല്ലാതാക്കാം."
Mamdani deplores Bondi attack, vows security for Jews