
സിഡ്‌നി: സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂതരുടെ ഹനൂക്ക ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പിൽ തോക്കുധാരിയെ സാഹസികമായി കീഴടക്കി ആയുധം പിടിച്ചുവാങ്ങിയ കടയുടമയെ 'ഹീറോ' ആയി വാഴ്ത്തി ഓസ്ട്രേലിയൻ സമൂഹം. 43 വയസ്സുകാരനും രണ്ട് കുട്ടികളുടെ പിതാവുമായ അഹമ്മദ് അൽ അഹമ്മദ് എന്ന പഴക്കച്ചവടക്കാരനാണ് ഈ ധീരകൃത്യം ചെയ്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വെടിവയ്പ്പിനിടെ അക്രമിക്ക് പിന്നിലൂടെ പതുങ്ങിയെത്തിയ അഹമ്മദ് അൽ അഹമ്മദ് ഇയാളുമായി മല്ലിടുകയും തോക്ക് പിടിച്ചുവാങ്ങി അക്രമിയെ സംഭവസ്ഥലത്തുനിന്ന് ഓടിച്ചുവിടുകയും ചെയ്യുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് തോക്കുധാരികളാണ് ആക്രമണം നടത്തിയത്. ഇതിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു.
അക്രമിയെ തടയുന്നതിനിടെ അഹമ്മദ് അൽ അഹമ്മദിന് രണ്ടുതവണ വെടിയേറ്റതായാണ് റിപ്പോർട്ട്. അദ്ദേഹം നിലവിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിലാണ്. അദ്ദേഹത്തിൻ്റെ ഈ പ്രവൃത്തിയെ കുടുംബാംഗങ്ങൾ "നൂറ് ശതമാനം വീരോചിതമാണ്" എന്നാണ് വിശേഷിപ്പിച്ചത്. അഹമ്മദ് അൽ അഹമ്മദിന്റെ ധീരമായ ഇടപെടൽ കൂടുതൽ ജീവൻ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സഹായിച്ചുവെന്നാണ് വിലയിരുത്തൽ.
English summary :
Bondi Beach Shooting: Shopkeeper Disarms Gunman, Hailed as Hero; Nation Praises.