Image

നോര്‍ട്ടനെ ഓര്‍ക്കുമ്പോള്‍: ഡി. ബാബുപോള്‍

ഡി. ബാബുപോള്‍ Published on 17 October, 2012
നോര്‍ട്ടനെ ഓര്‍ക്കുമ്പോള്‍: ഡി. ബാബുപോള്‍
പത്തുനൂറ്റമ്പതു വര്‍ഷം ബ്രിട്ടീഷുകാര്‍ ഭാരതഭാഗ്യവിധാതാക്കളായിരുന്നിട്ടും ഇവിടെ ക്രിസ്തുമതം ഒരു സൂക്ഷ്മന്യൂനപക്ഷം ആയിരുന്നത് അധികാരംകൈയാളിയ ബ്രിട്ടീഷുകാര്‍ക്ക് അധികാരം നിലനിര്‍ത്തുന്നത് മതം പ്രചരിപ്പിക്കുന്നതിനേക്കാള്‍ പ്രധാനമായിരുന്നതിനാലാണ്.

സഹാറക്ക് തെക്കുള്ള ആഫ്രിക്കയിലും ഇന്ത്യയുടെതന്നെ വടക്കുകിഴക്കന്‍ മേഖലയിലും ക്രിസ്തുമതം വളര്‍ന്നതാകട്ടെ ആനിമിസ്റ്റ് ടോട്ടമിസ്റ്റ് മതങ്ങളുമായി കഴിഞ്ഞുവന്ന ഗ്രോത്രവര്‍ഗക്കാര്‍ക്ക് മനുഷ്യകഥാനുഗായിയായ ഒരു ദൈവത്തോട് തോന്നിയ ആകര്‍ഷണം കൊണ്ടായിരുന്നു. 1812ല്‍ സ്കോട്ട്ലാന്‍ഡില്‍ ചേര്‍ന്ന ഒരു യോഗമാണ് ഇപ്പറഞ്ഞ രണ്ടാമത്തെ സംഗതി തിരിച്ചറിഞ്ഞത്. ആ തിരിച്ചറിവിന്‍െറ തുടര്‍ച്ചയായിട്ടാണ് ഡേവിഡ് ലിവിങ്സ്റ്റണ്‍ ആഫ്രിക്കയിലേക്ക് പോയത്. ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇസ്ലാം പ്രചരിച്ചതിന്‍െറയും രഹസ്യം ഇതുതന്നെ.

അതേസമയം, ഈ ദൗത്യവുമായി ഭാരതത്തിലെത്തിയവര്‍ക്ക് അത്ര വിജയം ഉണ്ടായില്ല. അതിനുകാരണം ഇവിടെ വികസിതമായ ഒരു മതം ഉണ്ടായിരുന്നു എന്നതാണ്. അയ്യായിരം വര്‍ഷങ്ങള്‍, അനവധി സങ്കല്‍പങ്ങള്‍, മനുഷ്യന്‍െറ രൂപവും ഭാവവും (പലപ്പോഴും സ്വഭാവവും) ഉള്ള ദേവീദേവന്മാര്‍. അതിനിടെ മനുസ്മൃതിയുടെ നാട്ടില്‍ പത്തുകല്‍പനകള്‍ക്കും ശരിഅത്തിനും കാര്യമായ ചലനം ഒന്നും സൃഷ്ടിക്കാനാവാതിരുന്നതില്‍ അദ്ഭുതമില്ല.

കേരളത്തില്‍ ആദ്യമായി വന്ന പാശ്ചാത്യ മിഷനറിമാര്‍ തെക്ക് റിംഗിള്‍ട്യൂബും മധ്യകേരളത്തില്‍ തോമസ് നോര്‍ട്ടനും ആയിരുന്നു. ഉത്തര കേരളത്തില്‍ ബാസല്‍മിഷന്‍ ആയിരുന്നു അഗ്രഗാമികള്‍. ഇവരുടെയൊന്നും മതപരിവര്‍ത്തനശ്രമങ്ങള്‍ വിജയംകണ്ടില്ല എന്നതിന് കണക്കുകളാണ് സാക്ഷി. ആധുനികകേരളത്തില്‍ ഏകദേശം അഞ്ചിലൊന്നാണല്ലോ ക്രിസ്ത്യാനികള്‍. മൂന്നുകോടി എന്ന് ജനസംഖ്യ കമ്മതി കൂട്ടിയാല്‍ കേരളത്തില്‍ ആകെയുള്ളത് അറുപത് ലക്ഷത്തില്‍ താഴെ ക്രിസ്ത്യാനികളാണ്. അതില്‍ പകുതിയെങ്കിലും സുറിയാനിക്കാരാണ്. അവര്‍ മിഷനറിമാരെ എതിര്‍ത്തവരാണ്.

അതായത്, തോമസ് നോര്‍ട്ടനും റിംഗിള്‍ട്യൂബും ബാസല്‍മിഷനും ഒക്കെ കര്‍മനിരതരായിരുന്ന കാലംതൊട്ട് ഇരുനൂറ് വര്‍ഷംകൊണ്ട് വളരെ പരിമിതമായ തോതില്‍ മാത്രമാണ് മതപരിവര്‍ത്തനം നടന്നത്. എടമരം പോലെ വിരളമായി ഏതാനും നമ്പൂതിരികുടുംബങ്ങള്‍, ചാത്തുമേനോനെയും മറ്റും പോലെ ചില നായര്‍കുടുംബങ്ങള്‍, യാക്കോബ് രാമവര്‍മയെപോലെ ചില ക്ഷത്രിയര്‍ എന്നിവരെ ഒഴിവാക്കിയാല്‍ അവര്‍ണരില്‍നിന്നാണ് ആ മതംമാറ്റം ഉണ്ടായതും.

തിരുവനന്തപുരത്ത് യൂനിവേഴ്സിറ്റി കോളജിന് എതിര്‍വശത്ത് മലയാളവിഭാഗത്തിനും സംസ്കൃത കോളജിനും ഒക്കെ സമാന്തരമായി ഒരു റോഡ് ഉണ്ട്. ഇപ്പോള്‍ റോഡ്; ഞങ്ങള്‍ പഠിക്കുന്ന കാലത്ത് ടാറിട്ട ഇടവഴി. പേര് മീഡ്സ് ലെയ്ന്‍. ഈ മീഡ് മിഷനറി ആയി വന്ന് പ്രണയംകൊണ്ട് പുറത്താക്കപ്പെട്ട വ്യക്തി ആയിരുന്നു. ചാള്‍സ് മീഡ് പ്രണയിച്ചത് ക്രിസ്തുമതം സ്വീകരിച്ച ഒരു പറയ യുവതിയെ ആയിരുന്നു. ആ മഹതി വിദ്യാസമ്പന്നയും ആയിരുന്നു. മിഷനറിമാര്‍ സമ്മതിച്ചില്ല. മീഡ് പുറത്തായി. തിരുവിതാംകൂര്‍ സര്‍ക്കാര്‍ അദ്ദേഹത്തിന് ഉദ്യോഗം നല്‍കി.

പുറത്തായ മറ്റൊരു മിഷനറി ജോണ്‍കോക്സ് ആയിരുന്നു. ഈഴവസമുദായത്തില്‍നിന്ന് ക്രിസ്തുമതം സ്വീകരിച്ച ഒരു യുവതിയെ ആയിരുന്നു കോക്സ് വിവാഹം ചെയ്തത്. മീഡിന്‍െറ വിവാഹംകഴിഞ്ഞ് ഒരു വ്യാഴവട്ടം കടന്നുപോയിരുന്നു. അപ്പോഴേക്ക് മിഷനറിമാര്‍ക്കിടയില്‍ തന്നെ രണ്ട് അഭിപ്രായഗതികള്‍ ഉണ്ടായി. കോക്സിന്‍െറ വിവാഹം ഒരു മിഷനറിതന്നെ ആശീര്‍വദിച്ചതായി ബിഷപ് ഗ്ളാഡ്സ്റ്റണ്‍ എഴുതിയിട്ടുണ്ട്. എങ്കിലും കോക്സിനെയും പുറത്താക്കി. കോക്സും മീഡും മരണംവരെ കേരളത്തില്‍ തുടര്‍ന്നു. കോക്സിന്‍െറ സ്മരണക്ക് കഴിഞ്ഞ നൂറ്റാണ്ടിന്‍െറ അവസാനത്തോടെ ശാപമോക്ഷം കിട്ടി.

നാടാര്‍ സമുദായത്തിന് പരാതി ഉണ്ടാകും എന്നതായിരുന്നു മീഡ് പറയയുവതിയെ വേള്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ മിഷനറിമാര്‍ പറഞ്ഞത്. കോക്സിന്‍െറ കാര്യത്തില്‍ ആ ന്യായവും ഉണ്ടായിരുന്നില്ല: ‘തിരുവല്ലാ ഈഡിക്ട്’ പോലെ തദ്ദേശീയ ജാതിവ്യവസ്ഥയെ മാനിക്കണമെന്ന ചിന്തയല്ലാതെ.

മതപരിവര്‍ത്തനപരിശ്രമങ്ങളില്‍ വിജയിച്ചില്ലെങ്കിലും കേരളത്തിലെ സാമൂഹിക പരിവര്‍ത്തനത്തിന് ചൂട്ടു തെളിച്ചത് മിഷനറിമാര്‍തന്നെ ആയിരുന്നു. നിയതാര്‍ഥത്തില്‍ ബൈബ്ളില്‍ തപ്പുകൊട്ടി പാട്ടുപാടി നടന്ന മിഷനറിമാരേക്കാള്‍ കേണല്‍ മണ്‍റോയെ പോലെയുള്ള ഭരണാധികാരികളെയാണ് നമിക്കേണ്ടത് എന്നുമാത്രം.

മണ്‍റോ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളത് ദേവസ്വംവകുപ്പിന്‍െറ സൃഷ്ടിയിലാണല്ലോ. സത്യത്തില്‍ സ്വകാര്യക്ഷേത്രങ്ങളുടെ സ്വത്ത് ഊരാണ്‍മക്കാരായ നമ്പൂതിരിമാര്‍ നാനാവിധമാക്കുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മണ്‍റോ ക്ഷേത്രസംരക്ഷണത്തിനായി ആ നടപടി സ്വീകരിച്ചത്. 1810ലെ പ്രശസ്തമായ വിളംബരം-പ്രജകളുടെ വിദ്യാഭ്യാസം രാജാവിന്‍െറ ചുമതലയാണ് എന്ന പ്രഖ്യാപനം-ആണ് ആധുനിക കേരളത്തിന്‍െറ വിദ്യാഭ്യാസപുരോഗതിയിലേക്ക് വഴിതെളിച്ചത്. വിംശതിവയസ്കയായ ഒരു രാജകുമാരിയുടെ തലയില്‍ വീണ ആപ്പിള്‍ ആവുകയില്ലല്ലോ ആ വിളംബരം.

 അടിമസമ്പ്രദായം നിരോധിച്ചതും മറന്നുകൂടാ. മണ്‍റോതുരുത്തിലെ അടിമകള്‍ക്ക് സ്വാതന്ത്ര്യം കൊടുത്തത് ധനികരായ ഈഴവര്‍ പോലും എതിര്‍ത്തുവെന്ന് ചരിത്രം പറയുന്നു. രാമയ്യന്‍ദളവയും വി.പി. മാധവരായരും മണ്‍റോയും ആണ് ആധുനികതിരുവിതാംകൂറിന്‍െറ സ്ഥാപകരായി ആദരിക്കപ്പെടേണ്ടത് എന്ന് സി. കേശവന്‍ ‘ജീവിതസമരം’ എന്ന കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മിഷനറിമാര്‍ മുഴുവന്‍ ആക്രമണകാരികള്‍ ആയിരുന്നുവെന്ന സവര്‍ണമതത്തെക്കുറിച്ച് കേശവന്‍ ഇങ്ങനെ എഴുതുന്നു: ‘ഈ മിഷനറിമാരുടെ ‘ആക്രമണം’ ഇല്ലായിരുന്നെങ്കില്‍ ഏഴജാതികള്‍ക്ക് അന്ന് അഭയം എവിടെ കിട്ടുമായിരുന്നു എന്നും ഈ രാജ്യത്തെ വിദ്യാഭ്യാസനിലവാരം എങ്ങനെ നില്‍ക്കുമായിരുന്നു എന്നും ഊഹിക്കാന്‍ പോലും സാധ്യമല്ല. ഹിന്ദുദേവസ്വങ്ങള്‍ക്കും അന്നത്തെ ഊര്‍ധ്വനില്‍ ഒടുങ്ങുകയേ ഗതിയുണ്ടായിരുന്നുള്ളൂ’.

ചാന്നാര്‍ സ്ത്രീകളുടെ ലഹള മണ്‍റോ കുത്തിവെച്ച വിഷംകൊണ്ട് ഉണ്ടായതാണ് എന്ന സവര്‍ണപ്രസ്താവനയില്‍ മിഷനറിമാരുടെ സേവനത്തിന്‍െറ പ്രധാനഭാവം സൂചിതമാണ്. മതംമാറിയ സ്ത്രീകള്‍ മാത്രമായിരുന്നില്ല മാറ് മറയ്ക്കാന്‍ മോഹിച്ചത്. ആ മോഹം ഉണ്ടായത് വിദ്യാഭ്യാസം അന്യമാകാത്ത അവസ്ഥ മിഷനറിമാര്‍ സൃഷ്ടിച്ചതിനാലാണ്. കരുനാഗപ്പള്ളി താലൂക്കു കച്ചേരിയില്‍ ക്രിസ്തുമതം സ്വീകരിച്ച ഈഴവസ്ത്രീക്ക് ഉണ്ടായ ദുരനുഭവം ചരിത്രത്തിന്‍െറ ഭാഗമാണ്. ചട്ട ധരിച്ചു എന്നതായിരുന്നു അവര്‍ ചെയ്ത പാതകം.

 മതംമാറി എന്നുവെച്ച് ഈഴവസ്ത്രീ മാറ് മറയ്ക്കാമോ എന്നായിരുന്നു സവര്‍ണര്‍ കച്ചേരിവളപ്പില്‍ ആക്രോശിച്ചത്. നേരത്തേ സൂചിപ്പിച്ച തിരുവല്ലാ ഈഡിക്ടും മതം മാറിയതുകൊണ്ട് ആചാരങ്ങള്‍ക്ക് ഇളവില്ലെന്ന് സായിപ്പ് പറഞ്ഞതിന്‍െറ ബാക്കിയാണ്: ഈഴവന്‍ ക്രിസ്ത്യാനി ആയാലും ഈഴവന് ആകാത്തതൊന്നും ചെയ്തുകൂടാ! അതായത്, ഭരണകര്‍ത്താക്കളുടെ സ്വാധീനതയല്ല വിദ്യാഭ്യാസത്തിന്‍െറയും അതിന്‍െറ തുടര്‍ച്ചയായ ശാക്തീകരണത്തിന്‍െറയും ഫലമായിരുന്നു ഇത്തരം പരിഷ്കാരങ്ങള്‍ക്കുള്ള അഭിവാഞ്ഛ. മിഷനറിമാരുടെ സ്വാധീനം നമ്മുടെ നവോത്ഥാനത്തിന് ഉപകാരപ്പെട്ടത് അങ്ങനെയാണ്.

അപ്പോള്‍ ‘പുലപ്പള്ളി’കളോ എന്ന് ചോദിക്കാം. അത് ഇവിടത്തെ സവര്‍ണക്രിസ്ത്യാനികളുടെ അനിഷ്ടം ഉണ്ടാകാതിരിക്കാന്‍ കണ്ടെത്തിയ കുറുക്കുവഴിയായിരുന്നു. കറുത്ത തൊലിയോടുള്ള വെറുപ്പും ഉണ്ടായിരുന്നിരിക്കാം പിറകില്‍. ദക്ഷിണാഫ്രിക്കയിലെ അപ്പാര്‍ത്തീഡ് പോലെ. മീഡിനെയും കോക്സിനെയും പുറത്താക്കിയ മനസ്സ് പോലെ.

എന്നുവെച്ച് ഭരിച്ചവര്‍ ഭരണം ഉപയോഗിച്ച് ‘വിപ്ളവം’ ഒന്നും നടത്തിയില്ല എന്ന് ധരിക്കരുത്. പള്ളിക്കൂടങ്ങളില്‍ അവര്‍ണര്‍ക്ക് പ്രവേശവും തുല്യതയും അനുവദിച്ചതും അടിമസമ്പ്രദായം നിരോധിച്ചതും ഊഴിയവേല നിര്‍ത്തലാക്കിയതും ഒക്കെ ഭരണയന്ത്രം ഉപയോഗിച്ച് ബ്രിട്ടീഷുകാര്‍ ചെയ്തതാണ്. അവിടെയും മണ്‍റോയെപോലെ ചില മഹത്തുക്കളെ മാറ്റിനിര്‍ത്തിയാല്‍ പട്ടാളത്തിലോ സിവില്‍ സര്‍വീസിലോ ഉണ്ടായിരുന്ന സായിപ്പ് സ്വമനസ്സാലെയല്ല അത് ചെയ്തത് എന്നുമാത്രം. അവരെ നിര്‍ബന്ധിച്ചത് മിഷനറിമാരാണ്.

ലോകത്തില്‍ പല ഭാഷകള്‍ക്കും ലിപിയും വ്യാകരണവും നിഘണ്ടുവും സംഭാവനചെയ്തത് മിഷണറിമാരാണ് എന്ന് നമുക്കറിയാം. മലയാളത്തില്‍ ലിപിയോ വ്യാകരണമോ ഒന്നും സായിപ്പ് സൃഷ്ടിക്കേണ്ടിയിരുന്നില്ല. എങ്കിലും, മലയാളഗദ്യത്തിന്‍െറ മാനകീകരണത്തിന് ഗോവര്‍ണദോറും റമ്പാനും നല്‍കിയ തുടക്കം മുന്നോട്ടു കൊണ്ടുപോയത് ബെയ്ലിയും ചാത്തുമേനോനും ആയിരുന്നുവെന്നത് വിസ്മരിച്ചുകൂടാ.

ബൈബ്ള്‍ ഭാഷാന്തരം ചെയ്തത് ടിന്‍ഡലും വൈക്ളിഫും മറ്റും യൂറോപ്യന്‍ നവോത്ഥാനത്തിന് തുടക്കംകുറിച്ചതിന് സമാനമായ ഒരു പ്രവൃത്തിതന്നെയായിരുന്നു. അത് അക്ഷരസംയുക്തരല്ലാത്ത അവര്‍ണരെക്കൊണ്ട് വായിപ്പിക്കാനായിരുന്നില്ല; സാക്ഷരരായ സുറിയാനിക്രിസ്ത്യാനികളെ ബോധവത്കരിക്കാനായിരുന്നു. ലക്ഷ്യം അപ്രധാനമാണ് ചരിത്രത്തിന്‍െറ കോടതിയില്‍. ഫലം മലയാളഗദ്യത്തിന്‍െറ മാനകീകരണപ്രക്രിയയിലെ അടുത്തപടി ആയിരുന്നു എന്നതാണ് ഓര്‍മിക്കാനുള്ളത്.

നോര്‍ട്ടണ്‍ ആലപ്പുഴയില്‍ താമസം തുടങ്ങിയതിന്‍െറ ഇരുനൂറാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുമ്പെടുകയാണ് ചിലര്‍. കേരളത്തിലെ മിഷനറിമാര്‍ പ്രഥമത സാമൂഹികപ്രവര്‍ത്തകരായിരുന്നുവെന്ന തിരിച്ചറിവോടെയാവും അവര്‍ അത് നിര്‍വഹിക്കുകയെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.
(Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക