
പ്രമുഖ നടൻ വിജയ് ദേവരക്കൊണ്ടയുടെ കാർ അപകടത്തിൽപ്പെട്ടു. തെലങ്കാനയിലെ എൻ.എച്ച്.-44 ഹൈവേയിൽ വെച്ച് നടൻ്റെ കാറിൽ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ പുട്ടപർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. അപകടത്തിൽ നടൻ വിജയ് ദേവരക്കൊണ്ടയ്ക്ക് പരിക്കുകളൊന്നുമില്ല. അദ്ദേഹം സുരക്ഷിതനായി ഹൈദരാബാദിൽ എത്തിയതായും വിവരമുണ്ട്.
അപകടത്തിന് ശേഷം ഇടിച്ച കാർ നിർത്താതെ ഓടിച്ചുപോയത് ദുരൂഹത വർദ്ധിപ്പിക്കുകയാണ്. വിജയ് ദേവരക്കൊണ്ടയുടെ ഡ്രൈവർ സംഭവത്തിൽ ലോക്കൽ പോലീസിൽ പരാതി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇടിച്ച വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
വിജയ് ദേവരക്കൊണ്ടയും നടി രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു ഇതെന്നാണ് വിവരം. 2026-ൽ വിവാഹം നടക്കുമെന്നും സൂചനയുണ്ട്. എന്നാൽ, വിവാഹം സംബന്ധിച്ച് ഇതുവരെ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
English summary:
Actor Vijay Devarakonda’s car met with an accident; the vehicle that hit his car fled the scene, police investigation underway.