Image

ഗാനമേളകളുടെ റാണി;കോട്ടയം ആലീസ് : വിനോദ് കട്ടച്ചിറ

Published on 26 September, 2025
ഗാനമേളകളുടെ  റാണി;കോട്ടയം ആലീസ് : വിനോദ്   കട്ടച്ചിറ

ഗാനമേളകൾ..അതെവിടെയായാലും ആസ്വാദകരിൽ വല്ലാത്തൊരു ഹരം സൃഷ്‌ടിക്കുന്നൊരു പ്രോഗ്രാമാണ്. ഓരോ പാട്ടുകൾ പാടിക്കഴിയുമ്പോഴും ലഭിക്കുന്ന, നിലയ്ക്കാത്ത കൈയടികളാണ് ഓരോ ഗായകരുടെയും മനസ്സിന്കിട്ടുന്ന ഊർജ്ജം.

പാടുമ്പോഴൊക്കെ നിലയ്ക്കാത്ത കരഘോഷം എപ്പോഴും കിട്ടിയിട്ടുള്ളൊരു പിന്നണി ഗായികയാണ് കോട്ടയം ആലീസ്. ആലീസ് സ്റ്റേജിലെത്തിയാൽ സദസ്സിന് പിന്നെയൊരിളക്കമാണ്.

ഏതുഭാവത്തിലുള്ള പാട്ടും അനായാസം പാടിക്കയറുന്ന ഗായിക. കേരളത്തിൽ ആലീസ് പാടാത്ത ഒരിടവുമുണ്ടാവില്ല എന്നുപറഞ്ഞാൽ അതിൽ അതിശയോക്തിയില്ല.

ഗാനമേളകളിൽ തരംഗം സൃഷ്ടിച്ച ഗായികയാണ് ആലീസ്മാത്യു എന്ന ആലീസ്ഉണ്ണികൃഷ്ണൻ. ഗാനമേളകൾക്ക് ഒരു പ്രത്യേക സ്റ്റൈല് കൊണ്ടുവന്ന ഗായികയാണ് ആലീസ്. 52 വർഷത്തോളമാകുന്നു കേരളത്തിലെ വേദികളിൽ ആലീസ്പാടിത്തുടങ്ങിയിട്ട്. ഇത്രയുമധികം വേദികളിൽ പാടിയിട്ടുള്ളൊരു പിന്നണി ഗായിക ആലീസല്ലാതെ മറ്റാരുമില്ല. ആർക്കും തകർക്കാനാവാത്തൊരു റെക്കോഡാണത്.

അതുകൊണ്ട്തന്നെ മലയാളമറിയാവുന്നവർക്കൊക്കെ ആലീസിനെയുമറിയാം. ഒരുസാധാരണ കുടുംബത്തിൽ ജനിച്ച കോട്ടയം സ്വദേശിനിയായ

ആലീസ്മാത്യു നാലാമത്തെ വയസ്സിൽ “കോട്ടയം സ്കൈലാർക്ക്” എന്ന ഗാനമേള ട്രൂപ്പിലൂടെയാണ് വേദികളിലെത്തിയത്. മലയാള മനോരമ ആഴ്ചപ്പതിപ്പിലെ കാർട്ടൂണിസ്റ്റായിരുന്ന പി.കെ.രാജൻ കുട്ടികൾക്കു വേണ്ടി തുടങ്ങിയ ട്രൂപ്പായിരുന്നത്. 

സ്‌കൂൾ പഠനത്തിനുശേഷം തിരുവനന്തപുരം തരംഗനിസരിയിൽ ഒരു വർഷത്തോളം സംഗീതമഭ്യസിച്ചശേഷം സ്വാതിതിരുനാൾ സംഗീത കോളേജിൽനിന്നും ഗാനഭൂഷണവും, ഗാനപ്രവീണയും നേടി.

ഗായകൻ ബ്രഹ്മാനന്ദനോടൊപ്പമായിരുന്നു ആദ്യകാല പ്രൊഫഷണൽ ഗാനമേളകളിൽ പാടിയത്. "അജന്താ ഓർക്കസ്ട്ര"ട്രൂപ്പിലൂടെ. പിന്നീടങ്ങോട്ട് ഉത്സവപ്പറമ്പുകളുടെ അവിഭാജ്യഘടകമായി മാറി ആലീസ്. “സഖാവ്” എന്നചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ആലീസിന് അടുത്തയവസരം നൽകിയത് രവീന്ദ്രൻ മാസ്റ്ററായിരുന്നു.

“ഒന്നും ഒന്നും പതിനൊന്ന്”എന്നചിത്രത്തിലൂടെ. കെ.എസ്.ചിത്ര, സുജാത,ലതിക,സുനന്ദ എന്നീ നാലു ഗായികമാർ കൂടിയുണ്ടായിരുന്നു ചിത്രത്തിൽ പാടുവാൻ.

മദ്രാസിൽ വച്ചായിരുന്നു റിക്കോർഡിംഗ്. മദ്രാസിൽ തന്നെ തുടരാൻ രവീന്ദ്രൻ മാസ്റ്റർ ആവശ്യപ്പെട്ടുവെങ്കിലും, അവിടെ നിൽക്കാനുള്ള സാഹചര്യമില്ലാത്തതിനാൽ ആലീസ് തിരികെപോന്നു. മലയാളത്തിൽ പിന്നീട് ചീഫ്മിനിസ്റ്റർ ഗൗതമി, ങ്ങളുടെ കൊച്ചുഡോക്ടർ, സാരെജഹാംസെ അഛാ, തുടങ്ങിയ ചിലചിത്രങ്ങളിൽ പാടുവാൻ അവസരം ലഭിച്ചെങ്കിലും, അതിലുമേറെയായിരുന്നു അവഗണനകളും, അധിക്ഷേപങ്ങളും, തരംതാഴ്ത്തലുകളും  ആലീസ് നേരിട്ടത്. അത്രമേൽ അവർ ചവിട്ടിയരയ്ക്കപ്പെട്ടു.

ഒരിയ്ക്കൽ പറഞ്ഞു വച്ച റിക്കോർഡിംഗിനു ചെന്നപ്പോൾ പോയികുളിച്ചിട്ടുവരൂ.."എന്നുവരെ ഒരു സംഗീതസംവിധായകൻ പറഞ്ഞത് ഇന്നും ആലീസ് വേദനയോടെ ഓർക്കുന്നു. തളരാതെ,അപ്പോഴും വേദികളിൽ നിന്നും വേദികളിലേക്ക് നിറഞ്ഞു പാടുകയായിരുന്നു ആലീസ്. ജനലക്ഷങ്ങളുടെ കൈയടിയും സ്നേഹവുമായിരുന്നു, ആലീസിന് കിട്ടിക്കൊണ്ടിരുന്ന അവാർഡുകൾ. ആഡംബരങ്ങളും, ഗ്ലാമർ വേഷങ്ങളുമില്ലാതെ തനി സാധാരണക്കാരിയായി തന്നെയാണ് ആലീസ് അന്നുമിന്നും വേദികളിൽ പാടാനെത്തുന്നത്.

സംഗീതത്തിന് വർണ്ണ വിവേചനമില്ല. ആയിരക്കണക്കിനു പാട്ടുകളൊന്നും സിനിമയിൽ പാടാതെതന്നെ, ലക്ഷക്കണക്കിന്‌ മലയാളികളുടെ ഹൃദയത്തിൽ ഗാനമേളകളിലൂടെ ഇടംനേടാൻ ഒരു ഗായികയ്ക്ക് സാധിച്ചിട്ടുണ്ടെങ്കിൽ അതിലും മഹത്തരമായി മറ്റൊന്നുമില്ല.   അമേരിക്ക, ഗൾഫ്നാടുകൾ തുടങ്ങി മലയാളി എവിടെയുണ്ടോ അവിടെയെല്ലാം പാടുവാൻ ഭാഗ്യം സിദ്ധിച്ചു ആലീസിന്.

പക്ഷേ, അവരുടെ കഴിവുകളെ വേണ്ട വിധമുപയോഗിക്കാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞില്ല. കഴിയാഞ്ഞിട്ടല്ല, മനപ്പൂർവ്വംഒഴിവാക്കുകയായിരുന്നു എന്നതാവും കൂടുതൽശരി. ഇന്നും ഗാനമേളരംഗത്ത് സജീവമാണ് ആലീസ്.

52 വർഷത്തെ ഗാനമേള ജീവിതത്തിൽ ലതാമങ്കേഷ്ക്കറുടെ “സത്യംശിവംസുന്ദരം...” എന്നഗാനമാണ് ആലീസ് എല്ലാ വേദികളിലും പാടിയിട്ടുള്ളത്. ഭർത്താവ് ഉണ്ണികൃഷ്ണൻ സൗണ്ട്എൻജിനീയറാണ്. അദ്ദേഹത്തിന്റെ സപ്പോർട്ടും പ്രോത്സാഹനവുമാണ് ഇന്നും ആലീസിന്റെകരുത്ത്. രണ്ടുമക്കളിൽ ഒരാൾ ചിപ്പി കൃഷ്ണ കാനഡയിലാണ്. മറ്റൊരാൾ കാർത്തി കൃഷ്ണ ടെക്‌നോപാർക്കിൽ ജോലിചെയ്യുന്നു. 

ആലീസിന്റെ ജീവിതത്തിലെ സൗഭാഗ്യങ്ങളൊക്കെ പാട്ടുകൾ കൊണ്ടു വന്നതാണ്. അതുകൊണ്ട്തന്നെ സന്തോഷവതിയാണ് ആലീസ്. അവസാന ശ്വാസം വരെയും ജനങ്ങളുടെ മുന്നിൽ നിന്ന് പാടണമെന്നാണ് ആലീസിന്റെയാഗ്രഹം. ഗായിക ആലീസിന് നന്മകൾ നേരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക