
ചങ്ങനാശ്ശേരി: അന്താരാഷ്ട്ര യുവജന വാരാചരണത്തത്തോടനുബന്ധിച്ച് അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമാ, ചങ്ങനാശ്ശേരി യുവജനവേദിയുമായി കൈകോര്‍ത്ത് സംഘടിപ്പിച്ച യുവജനങ്ങളുടെയും കുട്ടികളുടെയും ലഹരി വിരുദ്ധ കൂട്ടയോട്ടം മഹത്തായ സന്ദേശം പകര്‍ന്ന് ചങ്ങനാശേരി നഗരത്തിന് പുത്തന്‍ അനുഭവമായി. ഇന്ന് (ഓഗസ്റ്റ് 17) രാവിലെ 8 മണിക്ക് ചരിത്രമുറങ്ങൂന്ന ചങ്ങനാശേരി ബോട്ട് ജെട്ടിക്ക് സമീപമുള്ള അഞ്ചുവിളക്ക് സ്ക്വയറില്‍ നിന്ന് ആരംഭിച്ച കൂട്ടയോട്ടത്തില്‍ 500-ഓളം പേര്, ദീപശിഖയോന്തിയ ഫോമാ വൈസ് പ്രസിഡന്റ് ഷാലു മാത്യു പുന്നൂസിനൊപ്പം അണിനിരന്നു.

കേരളത്തില്‍ രാസലഹരി ഉപയോഗം അനിയന്ത്രിതമായി വര്‍ധിച്ചുവരുന്ന ദുരവസ്ഥയില്‍ കുട്ടികളെയും യുവജനങ്ങളെയും ബോധവല്‍ക്കരിച്ച് മാരകമായ ഈ സാമൂഹിക വിപത്തില്‍ നിന്ന് മോചനം നേടാന്‍ ഏവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ഈ വിഷയത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ചങ്ങനാശേരി യുവജനവേദിയുമായി കൈകോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനകളുടെ സംഘടനയായ ഫോമാ നടത്തിയ ഈ പരിപാടി വലിയൊരു മുന്നേറ്റത്തിന്റെ തുടക്കമാണെന്ന് കൂട്ടയോട്ടം ഉദ്ഘാടനം ചെയ്ത ചങ്ങനാശേരി എം.എല്‍.എ ജോബ് മൈക്കിള്‍ ആസംസിച്ചു.
അമേരിക്കയില്‍ നേഴ്സായി ജോലിചെയ്യുന്ന തനിക്ക് മയക്കുമരുന്നിന് അടിമപ്പെട്ട് ആരോഗ്യവും ജീവിതവും മറ്റെല്ലാ സൗഭാഗ്യങ്ങളും നഷ്ടപ്പെട്ട് ആശുപത്രിയിലെത്തുന്ന നിരവധി ആള്‍ക്കാരെ നിത്യവും കാണാനുള്ള ദൗര്ഭാഗ്യമുണെന്നും കേരളത്തിലെ കുട്ടികളെയും യുവജനങ്ങളെയും സര്‍വനാശത്തിലേയ്ക്ക് എടുത്തെറിയുന്ന സിന്തറ്റിക് ഡ്രഗ് ഉള്‍പ്പെടെയുള്ള ലഹരി വ്യാപനത്തിനെതിരെ നമ്മുടെ പുതുതലമുറയെ ശാക്തീകരിക്കുകയെന്നത് സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനയെന്ന നിലയില്‍ ഫോമായുടെ ഉത്തരവാദിത്വമാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഫോമാ വൈസ് പ്രസിഡന്റ് ഷാലു മാത്യു പുന്നൂസ് പറഞ്ഞു.

തുടര്‍ന്ന് ജോബ് മൈക്കിള്‍ എം.എല്‍.എ ഷാലു മാത്യു പുന്നൂസിന് ദീപശിഖ കൈമാറിക്കൊണ്ട് കൂട്ടയോട്ടത്തിന് തുടക്കമിട്ടു. ഫോമായുടെയുടെയും ചങ്ങനാശേരി യുവജനവേദിയടെയും ലോഗോയുള്ള ജേ്സിയണിഞ്ഞ്,"say no to drug" എന്ന ബാന്റ് തലയില്‍ ചുറ്റി കുട്ടികളും യുവജനങ്ങളും ആവേശത്തോടെ കൂട്ടയോട്ടത്തില്‍ പങ്കെടുത്ത് ലഹരിവിരുദ്ധ മുന്നേറ്റത്തിന്റെ ചങ്ങലക്കണ്ണികളായി. ചങ്ങനാശേരി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ആര്.പി ടിനു ലഹരി വിരുദ്ധ സന്ദേശം നല്കി. ചങ്ങനാശേരി മുനിസിപ്പല്‍ ഓഫീസിന് മുന്നിലെത്തിയ കൂട്ടയോട്ടത്തിന്റെ സമാപന സമ്മേളനം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കേരള കോണ്‍ഗ്രസ് നേതാവുമായ വി.ജെ ലാലി ഉദ്ഘാടനം ചെയ്തു.
ചലചിത്രതാരം കൃഷ്ണപ്രസാദ്, ഫോമാ കേരള കണ്വന്ഷന് ചെയര്മാന് പീറ്റര്‍ കുളങ്ങര, മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് ജോമി ജോസഫ്, പ്രമുഖ കായിയ താരവും കോച്ചും മോട്ടിവേഷണല്‍ സ്പീക്കറുമായ ബിനീഷ് തോമസ്, ചങ്ങനാശേരി യുവജനവേദി സെക്രട്ടറി സാം സൈമണ്‍, ദ്രോണ ഫുട്ബോള്‍ അക്കാദമിയുടെ കോച്ച് പി രമേശ്, പൊതുപ്രവര്‍ത്തകനായ അരുണ്‍ ബാബു തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ചങ്ങനാശേരി പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി സജാദ് സ്വാഗതവും ചങ്ങനാശേരി യുവജനവേദി ട്രഷറര്‍ രേഷ്കുമാര്‍ വാഴപ്പള്ളി നന്ദിയും പറഞ്ഞു. യുവജനങ്ങളെ ശാക്തീകരിക്കുക, അവരുടെ സര്‍ഗാത്മകമായ കഴിവുകളെ ക്രിയാത്മകമായി സമൂഹ നന്മയ്ക്കായി വിനിയോഗിക്കുക എന്നീ ലക്ഷ്യത്തോടെ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന പ്രസ്ഥാനമാണ് ചങ്ങനാശ്ശേരി 'യുവജനവേദി'.

കുട്ടികളും യുവാക്കളും ഉള്‍പ്പെടെ ബഹുജനപങ്കാളിത്തത്തോടെ ഫോമാ വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ കൂട്ടയോട്ടത്തിന്റെ സന്ദേശം സമൂഹത്തില്‍ നന്മയുടെ വെളിച്ചം പകരട്ടെയെന്ന് ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്, എന്നിവര്‍ ആശംസിച്ചു.