Image

പുതു യുഗപ്പിറവി(കവിത)- ജോസഫ് നമ്പിമഠം

ജോസഫ് നമ്പിമഠം Published on 17 September, 2012
പുതു യുഗപ്പിറവി(കവിത)- ജോസഫ് നമ്പിമഠം
പുതുയുഗപ്പിറവിയാല്‍ പുളകിത മമനാടേ
പാടീടട്ടെ പുതുമതന്‍ പുതുഗീതങ്ങള്‍.
ഹരിതമാം തുകിലുകള്‍ ചേലിലെടുത്തണിഞ്ഞിട്ടും
ഹിമകണം തുളുമ്പുന്ന താലവുമായി,
വരവേല്ക്കാനണയുന്നു സുരഭില സുപ്രഭാത-
മലതല്ലുമാമോദത്തിന്‍ തിരയാണെങ്ങും
വെള്ള മേഘപ്പാളികളില്‍ വെള്ളിപ്പൂക്കള്‍ നിറയുന്നു,
വെള്ളയാമ്പല്‍ പൊയ്കകളില്‍ പൂക്കളും നീളെ.
മൃദുതെന്നല്‍ തന്റെ ഉള്ളില്‍ പൂവുകള്‍ തന്‍ പുതു ഗന്ധ-
മുണരുന്ന മമ നാടിന്‍ നിശ്വാസം പോലെ.
വനവര്‍ണ്ണ രാജികളെ തഴുകിച്ചിരിക്കും ചോല-
കളും തവശ്രുതി നീട്ടിപ്പാടുന്നു നിത്യം.
ഇളമുളന്തണ്ടുകളീ കണ്ണന്‍ തന്റെ മുരളിപോല്‍,
തൂമയോടെ പാടീടുന്നു തുകിലുണര്‍ത്താന്‍.
സ്വച്ഛമാകുമംബരത്തില്‍ പഞ്ചവര്‍ണ്ണപ്പതംഗിക-
കളല്ലലേതു മറിയാതെ പറന്നീടുന്നു.
പുതുനെല്ലിന്‍ പുതുമണം നിറയുന്നു ധരണിയില്‍
പുതുഗന്ധമുയരുന്നു വയലുകളില്‍.
ഫുല്ലമായ മനമോടെ കരങ്ങളില്‍ കരിയേന്തി
കര്‍ഷകരെ ചെല്ലൂനിങ്ങള്‍ കേദാരങ്ങളില്‍.
ശൂന്യമായ മൃത ഭൂവില്‍ വിരിയട്ടെ പുളകങ്ങള്‍
നിറയട്ടെ ഭൂതലങ്ങള്‍ കതിര്‍മണിയാല്‍.
തോക്കുകളെ തൃജിച്ചിടും കാലം നിങ്ങള്‍ തന്നെ യോദ്ധാ-
ക്കളും വരും ഭാവിലോകത്തിന്റെ വിധിതാക്കളും.
ദൃഢമാകും മനസ്സോടെ പോകൂ തൊഴിലാളികളെ
കുറിക്കുക ഹൃദയത്തിന്‍ വാതായനത്തില്‍
നൂതനമാം മുദ്രാവാക്യമിന്നു ഞാനീഭാരതത്തെ
പ്പുതിയൊട'രു ദയ സൂര്യനാടാ'ക്കി മാറ്റും.
യുവശക്തികളെ വേഗം കുലച്ചിടൂ വില്ലുകളെ
നിഹനിക്കൂ നിര്‍ദ്ദയമീ ശിഖണ്ഡികളെ
മര്‍ക്കടങ്ങളായിരമാ മാര്‍ഗ്ഗമതില്‍ കിടന്നാലും
മടിയോടെ നിന്നീടല്ലേ നിര്‍വീര്യരായി.
കുരുക്ഷേത്രയുദ്ധമിന്നു തുടങ്ങുന്നു വീണ്ടുമിതാ
ശരശയ്യ തന്നിലിന്നും ശയിക്കും സത്യം.
പാഞ്ചജന്യം മുഴങ്ങുന്നു ഉണരുകയല്ലെന്നാകില്‍
കാല ചക്രമതില്‍ കീഴില്‍ ഞെരിയും മര്‍ത്ത്യന്‍
നിദ്രതന്നെയകറ്റീടൂ, മിഴികളെത്തുറന്നിടൂ
പടച്ചട്ടയണിഞ്ഞിടൂ ഉത്സാഹമോടെ.
പുതു യുഗപ്പിറവി(കവിത)- ജോസഫ് നമ്പിമഠം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക