
മലയാളചലച്ചിത്രരംഗത്തെ ആദ്യകാല സംവിധായകരിൽ പ്രമുഖനായിരുന്നു ക്രോസ്ബെൽറ്റ് മണി എന്ന പേരിൽ അറിയപ്പെടുന്ന കെ. വേലായുധൻ നായർ ഓർമ്മയായിട്ട് ഇന്ന് മൂന്നാണ്ട്. അദ്ദേഹം നാല്പതോളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളൂടെ സിനിമാറ്റോഗ്രാഫർ ആയും അദ്ദേഹം പ്രവർത്തിച്ചു.
1935 ഏപ്രിൽ 22-ന് വലിയശാലയിൽ മാധവിവിലാസത്ത് കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി ക്രോസ്ബെൽറ്റ് മണി എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ട വേലായുധൻ നായർ ജനിച്ചു.
ഫോട്ടോഗ്രാഫിയിലുള്ള താൽപര്യമാണ് വേലായുധൻ നായരെ സിനിമാരംഗത്ത് എത്തിച്ചത്. 1956 മുതൽ 1961 വരെയുള്ള കാലത്ത് മെറിലാന്റ് സ്റ്റുഡിയോയിൽ പ്രവർത്തിച്ചു. ഛായാഗ്രഹണത്തിലും സംവിധാനത്തിലും ഉള്ള പ്രാഥമിക പാഠങ്ങൾ അദ്ദേഹം മനസ്സിലാക്കിയത് ഇവിടെ നിന്നാണ്. 1961-ൽ കെ.എസ് ആന്റണി സംവിധാനം ചെയ്ത കാൽപ്പാടുകൾ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ക്യാമറാമാനായി.
1967-ൽ പുറത്തിറങ്ങിയ മിടുമിടുക്കിയാണ് ക്രോസ്‌ബെൽറ്റ് മണി സംവിധാനം ചെയ്ത ആദ്യ സിനിമ. 1970-ൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ക്രോസ്ബെൽറ്റ് എന്ന ചിത്രത്തോടെ ആണ് അദ്ദേഹം പ്രശസ്തനാകുന്നത്. അതോടെ അദ്ദേഹം ക്രോസ്‌ബെൽറ്റ് മണി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.നീതിപീഠം,ദേവദാസ്,കാപാലിക തുടങ്ങിയവ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങൾ.
ഇരണിയൽ ഭഗവതിമന്ദിരത്തിൽ ശ്രീമതിയമ്മയാണ് ആദ്യഭാര്യ. (പിന്നീട് ചലച്ചിത്രനടിയായിരുന്ന രാജകോകിലയെ വിവാഹം കഴിച്ചു)2021 ഒക്ടോബർ 30 ന് അന്തരിച്ചു. രൂപ, കൃഷ്ണകുമാർ എന്നിവരാണ് മക്കൾ.
അദ്ദേഹത്തിന് സ്മരണാഞ്ജലി...!