Image

സാരഥികൾ: ജോയി ചാക്കപ്പൻ, ഫൊക്കാന അസ്സോസിയേറ്റ് സെക്രെട്ടറി 

Published on 11 October, 2022
സാരഥികൾ: ജോയി ചാക്കപ്പൻ, ഫൊക്കാന അസ്സോസിയേറ്റ് സെക്രെട്ടറി 

ന്യൂജേഴ്സിയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള കൾച്ചറൽ ഫോറത്തെ (കെ.സി.എഫ് ) പ്രതിനിധികരിച്ചാണ് ജോയി ചാക്കപ്പൻ ഫൊക്കാന അസോസിയേറ്റ് സെക്രെട്ടറിയായി  എത്തുന്നത്. കെ. സി.എഫിന്റെ പ്രസിഡണ്ട്, സെക്രെട്ടറി, ട്രഷറർ തുടങ്ങിയ നിരവധി പദവികൾ വഹിച്ചിട്ടുള്ള ചാക്കപ്പൻ ഒരു മികച്ച സംഘാടകനും സാമൂഹ്യപ്രവർത്തകനുമാണ്.സീറോ മലബാർ സഭയുടെ ചിക്കാഗോ രൂപതയുടെ രൂപീകരണത്തിനു ശേഷം ആദ്യമായി നടന്ന  സഭയുടെ ചരിത്രത്തിൽ ഇടം പിടിച്ച സീറോ മലബാർ കാത്തലിക്ക് കൺവെൻഷനു പിന്നിൽ ചുക്കാൻ പിടിച്ചത് ചാക്കപ്പൻ എന്ന പേരിൽ പൊതുവെ അറിയപ്പെടുന്ന ജോയി ചക്കപ്പനാണ്. ന്യൂജേഴ്‌സിയിൽ വച്ചായിരുന്നു ചിക്കാഗോ രൂപത നിലവിൽ വന്ന ശേഷം  ആദ്യത്തെ കൺവെൻഷൻ നടന്നത്. കൺവെൻഷന്റെ ജനറൽ സെക്രെട്ടറിയായിരുന്ന ചാക്കപ്പന്റെ നേതൃത്വത്തിൽ കുറ്റമറ്റതായി രീതിയിൽ കൺവെൻഷൻ നടത്തി വിജയകരമാക്കിയതിന്റെ അനുഭവ സമ്പത്തുകൊണ്ടാണ് 2020ൽ ന്യൂജേഴ്‌സിയിൽ വച്ച്  നടക്കാനിരുന്ന ഫൊക്കാന കൺവെൻഷന്റെ ചെയർമാൻ പദവി ചാക്കപ്പനെ തേടിയെത്തിയത്. ന്യൂജേഴ്സിയിലെ കാസിനോ നഗരമായ അറ്റ്ലാന്റിക്ക് സിറ്റിയിലെ പഞ്ച നക്ഷത്ര റിസോർട്ടിൽ അതിവിപുലമായ പരിപാടികളോടെ നടത്താനിരുന്ന കൺവെൻഷൻ ആണ് മറ്റേതു പരിപാടികളേതെന്നപോലെ കോവിഡ് ഭീഷണിമൂലം വേണ്ടെന്നു വയ്‌ക്കേണ്ടി വന്നത്. ചാക്കപ്പന്റെ നേതൃത്വത്തിൽ ഒരു വർഷം മുൻപേ ആരംഭിച്ച ഒരുക്കങ്ങൾ ഏതാണ്ട് പാതി വഴി തീരും മുൻപ് ഉപേക്ഷിക്കേണ്ടി വന്നു. വാക്സീനുകൾ പോലും നിലവിലില്ലാത്ത സാഹചര്യമായതിനാലാണ് ആ മഹാമേള വേണ്ടെന്നു വച്ചു. 

ന്യൂജേഴ്സിയിലെ ബെർഗൻ ഫീൽഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാട്ടുകൂട്ടം എന്ന കലാ -സാംസ്കാരിക സംഘടനയുടെ സജീവ പ്രവർത്തകനായ ജോയി ചാക്കപ്പൻ നാട്ടുകൂട്ടം അവതരിപ്പിച്ചിട്ടുള്ള ഏതാനും നാടകങ്ങളിലും വേഷമിട്ടിട്ടുണ്ട്. നോർത്തേൺ ന്യൂജേഴ്‌സിയിലെ ആദ്യത്തെ ഇടവകയായ (ഇപ്പോഴത്തെ പാറ്റേഴ്സൺ സെയിന്റ് ജോർജ് ചർച്ച്) ഗാർഫീൽഡ് മിഷൻ ആരംഭിക്കുന്നതിനായി അന്നത്തെ വികാരിയും  (ജോയി അച്ചൻ) ഇപ്പോഴത്തെ ചിക്കാഗോ രൂപത അധ്യക്ഷനുമായ  മാർ ജോയി ആലപ്പാട്ടിനൊപ്പം ചാക്കപ്പൻ സജീവമായി ഒപ്പമുണ്ടായിരുന്നു.  
സീറോ മലബാർ സഭയുടെ ന്യൂജേഴ്സിയിലെ പ്രഥമ ഇടവകയായ പാറ്റേഴ്സൺ സെയിന്റ് ജോർജ് ഇടവകയുടെ സജീവ സാന്നിധ്യമായ ചാക്കപ്പൻ ഇടവക ട്രസ്റ്റി, സെക്രട്ടറി തുടങ്ങിയ പദവികൾ പല തവണ വഹിച്ചിട്ടുണ്ട്. പാറ്റേർസണിൽ സ്വന്തമായി പള്ളി വാങ്ങുന്നതിന് പിന്നിലും  ചാക്കപ്പൻറെ പരിശ്രമങ്ങൾ ഉണ്ടായിരുന്നു. നിലവിൽ സീറോ മലബാർ കാത്തലിക്ക് കോൺഫറൻസിന്റെ പാറ്റേഴ്സൺ ഇടവക സെക്രെട്ടറിയാണ് ജോയി ചാക്കപ്പൻ. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്‌റ്ററിന്റെ പ്രസിഡണ്ട് കൂടിയായ അദ്ദേഹം അമേരിക്കയിൽ എത്തും മുൻപ് കോളേജ് രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുകയും കെ.എസ്.യു.പ്രവർത്തകനെന്ന നിലയിൽ വിവിധ ഭാരവാഹിത്വങ്ങളും വഹിച്ചിരുന്നു. കൊരട്ടി സ്വദേശിയായ വളപ്പി -ചാക്കപ്പൻ മറിയം ദമ്പതികളുടെ 8 മക്കളിൽ  എട്ടാമനായ ജോയി ചാക്കപ്പൻ കാലടി ശ്രീശങ്കര കോളേജിൽ നിന്ന് ഫിസിക്സിൽ  ബി.എസ് .സി. ബിരുദമെടുത്തശേഷം 1984ൽ അമേരിക്കയിൽ കുടിയേറി. നാട്ടിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിലെ അനുഭവസമ്പത്ത് കൈമുതലായുള്ള ചാക്കപ്പൻ കെ.സി.എഫിൽ  സജീവമായ പ്രവർത്തനമാരംഭിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക