Image

സിപിഎമ്മില്‍ വീണ്ടും സദാചാര ചികിത്സ: ഉഴിച്ചിലിന്റെയും തിരുമ്മലിന്റെയുമൊക്കെ കാലം

ജി.കെ Published on 28 July, 2011
സിപിഎമ്മില്‍ വീണ്ടും സദാചാര ചികിത്സ: ഉഴിച്ചിലിന്റെയും തിരുമ്മലിന്റെയുമൊക്കെ കാലം
കള്ളകര്‍ക്കിടകം പരമ്പരാഗതമായി സുഖ ചികിത്സയുടെയും ഉഴിച്ചിലിന്റെയും തിരുമ്മലിന്റെയുമൊക്കെ കാലമാണ്‌. ഉള്ളിലുള്ള ദുര്‍മേദസ്സുകളെയെല്ലാം അകറ്റി പുത്തനുണര്‍വോടെ മുന്നോട്ടുപോകാനുള്ള ശക്തി ആര്‍ജിക്കുന്ന കാലം. സുഖചികിത്സയ്‌ക്കല്ലെങ്കിലും കേരളത്തിലെ സിപിഎമ്മിലും തിരുമ്മലിന്‌ പോകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്‌. കര്‍ക്കിടകം വരെ കാത്തു നില്‍ക്കാല്‍ സമയമില്ലാത്ത കണ്ണൂരിലെ സമുന്നത സഖാവ്‌ പി.ശശി കോയമ്പത്തൂരിലെ കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയില്‍ തിരുമ്മാന്‍ പോയി തിരുച്ചുവന്നപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കി `ഗോപി'യാക്കിയതിന്റെ കഥ അണികളും സഖാക്കളും മറന്നു തുടങ്ങുന്നതേയുള്ളു.

അതിനുമുമ്പാണ്‌ എറണാകുളത്തെ മറ്റൊരു സമുന്നത സഖാവിനും തിരുമ്മു ചികിത്സ അനിവാര്യമായിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്‌. എന്തായാലും ജില്ലാ നേതാവിന്റെ രോഗം കര്‍ക്കിടകത്തില്‍ തന്നെ തിരിച്ചറിഞ്ഞത്‌ നന്നായി. ഇനി അന്വേഷണ കമ്മീഷന്‍ നേരിട്ടു നടത്തുന്ന പഞ്ചകര്‍മ ചികിത്സാ കേന്ദ്രത്തില്‍ തിരുമ്മലിനായി സഖാവിനെ എന്നു പറഞ്ഞയക്കണമെന്നേ പാര്‍ട്ടിക്ക്‌ വൈദ്യന്‍മാര്‍ക്ക്‌ ഇനി തീരുമാനിക്കേണ്‌ടതുള്ളൂ. അത്‌ കോട്ടക്കലിലേക്കോ കോയമ്പത്തൂരിലേക്കോ എന്നൊക്കെ സഖാവിന്‌ നിശ്ചിക്കാം. തിരിച്ചുവരുമ്പോള്‍ പാര്‍ട്ടി അംഗത്വം `ഗോപി'യാവുമോ എന്നു ചോദിച്ചാല്‍ കോട്ടയം സമ്മേളനത്തിനുശേഷം കൂടെ നിന്ന്‌ കൂറുകാട്ടിയ സാക്ഷാല്‍ പിണറായി സഖാവ്‌ പോലും മൗനത്തിന്റെ മൂടുപടമണിയും.

മറുപക്ഷത്ത്‌ കണ്ണൂരിലെ ഔദ്യോഗിക പക്ഷത്തിന്റെ കരുത്തനായ നേതാവിനെത്തന്നെ തിരുമ്മി പുറത്താക്കി സുഖചികിത്സയുടെ ഗുണമെന്തെന്ന്‌ ഔദ്യോഗികപക്ഷത്തിന്‌ മനസ്സിലാക്കിക്കൊടുത്ത വി.എസ്‌.പക്ഷം പുതിയ ഒരു ഇരയെ തിരുമ്മാന്‍ കിട്ടിയ സന്തോഷത്തിലുമാണ്‌. ഒരു കാലത്ത്‌ എറണാകുളം ജില്ലയില്‍ തങ്ങളുടെ വിശ്വസ്‌ത കാവല്‍ഭടനായിരുന്ന സഖാവിനെ തിരുമ്മാന്‍ പറഞ്ഞയച്ചേ മതിയാവൂ എന്നാണ്‌ വി.എസ്‌ പക്ഷ വൈദ്യന്‍മാര്‍ കല്‍പിക്കുന്നത്‌. അത്‌ പിടലിവേദനയായാലും ഞരമ്പു പിടുത്തമായാലും ഈ ഒരു ഒറ്റമൂലി മാത്രമേ പ്രതിവിധിയായുള്ളൂ എന്നും അവര്‍ കുറിപ്പടിയില്‍ എഴുതിയിട്ടുണ്‌ട്‌.

എന്നാല്‍ കണ്ണൂരിലെ സഖാവിന്റെ കാര്യത്തിലുണ്‌ടായതുപോലെ എറണാകുളത്തെ സഖാവിന്‌ കടുത്ത ചികിത്സ നിര്‍ദേശിക്കുന്നതിനോട്‌ വി.എസ്‌ പക്ഷത്തിനും രണ്‌ടു മനസ്സാണ്‌. ഒന്നുമില്ലെങ്കിലും കുറേക്കാലം തങ്ങളുടെ കൂടെ ഉണ്‌ടും ഉറങ്ങിയും കഴിഞ്ഞുകൂടിയതിന്റെ ആനുകൂല്യം എറണാകുളത്തെ സഖാവിനെ നല്‍കണമെന്നാണ്‌ ചിലര്‍ പറയുന്നത്‌. ഇനി കണ്ണൂരിലെ സഖാവിനെതിരെ ഉയര്‍ന്നത്‌ പീഡന ആരോപണമാണെങ്കില്‍ എറണാകുളത്ത്‌ സഖാവിന്‌ സ്വഭാവദൂഷ്യമേയുള്ളു എന്നതും കണക്കിലെടുക്കണം. അത്‌ ഉന്നയിച്ചത്‌ പുറത്തു നിന്നാരുമല്ല എന്നത്‌ വേറെ കാര്യം.

വി.എസ്‌.പക്ഷത്തെ ഒരു സെക്രട്ടറിയേറ്റ്‌ അംഗം തന്നെയായിരുന്നു എറണാകുളത്തെ സഖാവിനെതിരെ ആരോപണവുമായി രംഗത്തെതിയത്‌. കോട്ടയം സമ്മേളനത്തില്‍ വി.എസ്‌.പക്ഷത്തെ വഞ്ചിച്ച്‌ പിണറായി പക്ഷത്തേക്ക്‌ കൂടുമാറിയ സഖാവിനിട്ടൊരു പണികൊടുക്കാന്‍ കിട്ടിയ അവസരം വി.എസ്‌.പക്ഷം ഫലപ്രദമായി വിനിയോഗിച്ചു. സംഘടനാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി പ്രതിയോഗികള്‍ക്കെതിരെ ഉന്നയിക്കുന്ന വെറും സംശയരോഗമായി ഇതിനെ തള്ളിക്കളായാനാണ്‌ പിണറായി പക്ഷം ആദ്യം ശ്രമിച്ചത്‌.

എന്നാല്‍ വളരെ ആസൂത്രിതവും ഫലപ്രദവുമായ രീതിയിലാണ്‌ വി.എസ്‌ പക്ഷം സഖാവിന്റെ രോഗനിര്‍ണയം നടത്തിയിരിക്കുന്നത്‌ എന്നതിനാല്‍ വിഴുങ്ങാനും തുപ്പാനും കഴിയാത്ത രീതിയിലാണ്‌ പിണറായി പക്ഷം. അതുകൊണ്‌ടുതന്നെ ഇക്കാര്യത്തില്‍ പെട്ടെന്നൊരു കുറിപ്പടി കുറിയ്‌ക്കാന്‍ സാക്ഷാല്‍ പിണറായി വൈദ്യനും ധൈര്യം പോരാ. കാരണം നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ഥിയെ മാറ്റാന്‍ പിണറായി വൈദ്യന്‍ കുറിച്ചു നല്‍കി കുറിപ്പടി വി.എസ്‌.വൈദ്യന്‌ ഭൂരിപക്ഷമുളള ജില്ലാ സെക്രട്ടറിയേറ്റ്‌ പഥ്യം തെറ്റിച്ചതിനെ തുടര്‍ന്ന്‌ ഫലിക്കാതെ പോയിരുന്നു. അതുകൊണ്‌ടാണ്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗത്തില്‍ മൗനം ഭൂഷണമാക്കി സഖാവ്‌ എല്ലാം സംസ്ഥാന സമിതിയുടെ വിദഗ്‌ധാഭിപ്രായത്തിനായി വിട്ടത്‌.

സത്യം പറഞ്ഞാല്‍ ചെറിയൊരു ചികിത്സകൊണ്‌ട്‌ മാറാവുന്ന രോഗമെ എറണാകുളത്തെ സഖാവിനുണ്‌ടായിരുന്നുള്ളൂ. എന്നാല്‍ വെച്ചുകൊണ്‌ടിരുന്നാല്‍ ഏതു രോഗവും മൂര്‍ച്ഛിക്കുമെന്നതുപോലെ സഖാവിന്റെ രോഗം മൂര്‍ച്ഛിച്ചുവെന്ന്‌ വിഎസ്‌ പക്ഷം തിരിച്ചറിഞ്ഞത്‌ കുറച്ചുകാലം മുമ്പാണ്‌. സഖാവിനൊപ്പം ഇപ്പോള്‍ ആരോപണവിധേയയായ യുവ അഭിഭാഷകയ്‌ക്കു ഗവണ്‍മെന്റ്‌ പ്ലീഡര്‍ പദവി ലഭിച്ചതോടെയായിരുന്നു ഇത്‌.

അഭിഭാഷകയുമായുള്ള സഖാവിന്റെ ബന്ധം പുകഞ്ഞുനില്‍ക്കുമ്പോള്‍ തന്നെയാണ്‌ പാര്‍ട്ടി നിയന്ത്രണത്തിലുള്ള ഓള്‍ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയന്‍ ശിപാര്‍ശ ചെയ്‌ത പട്ടികയില്‍ ഉള്‍പ്പെടാതിരുന്ന അഭിഭാഷകയെ നേതാവിന്റെ നിര്‍ബന്ധത്താല്‍ ഗവ.പ്ലീഡറായി നിയമിച്ചത്‌. ഇതോടെ സഖാവിന്റെ അസുഖവിവരങ്ങളടങ്ങിയ വിശദമായറിപ്പോര്‍ട്ട്‌ പാര്‍ട്ടി നേതൃത്വത്തിന്‌ മുന്നിലെത്തുകയായിരുന്നു.

എന്തായാലും പീഡനാരോപണത്തെത്തുടര്‍ന്ന്‌ പുറത്താക്കിയ ശശി സഖാവിനും പറവൂര്‍ പീഡനക്കേസില്‍ പ്രതിയായതിനെതുടര്‍ന്ന്‌ പുറത്താക്കിയ ലോക്കല്‍ സെക്രട്ടറിയ്‌ക്കും പിന്നാലെ മറ്റൊരു സഖാവിന്‌ കൂടി സമാനമായ രോഗലക്ഷണങ്ങള്‍ കണ്‌ടെത്തിയത്‌ പാര്‍ട്ടി നേതാക്കളെ പരിഭ്രാന്തിയാലാക്കിയിട്ടുണ്‌ട്‌. കേരളത്തില്‍ പകര്‍ച്ചപനി പടരുന്നതുപോലെ സംസ്ഥാന സമ്മേളനം ആരംഭിക്കുമ്പോഴേക്കും ഇത്‌ ആരിലേക്കൊക്കൊ പടരുമെന്നാണ്‌ അണികളും ജനങ്ങളും ഉറ്റു നോക്കുന്നത്‌. ഒപ്പം ഒരിക്കല്‍ തന്റെ വിശ്വസ്‌തനായിരുന്ന സഖാവിന്റെ കാര്യത്തില്‍ വി.എസ്‌.വൈദ്യന്‍ എന്തു നിലപാടെടുക്കുമെന്നും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക