Image

അമേരിക്കൻ സ്വപ്നം കണ്ട് ഇറങ്ങി തിരിച്ചവർ  മരവിച്ചു മരിച്ചപ്പോൾ 

Published on 25 January, 2022
അമേരിക്കൻ സ്വപ്നം  കണ്ട് ഇറങ്ങി തിരിച്ചവർ  മരവിച്ചു മരിച്ചപ്പോൾ 

നാടുകടത്തലും ജീവഹാനിയും ഉണ്ടായിട്ടുപോലും , കൂടുതൽ കൂടുതൽ ഗുജറാത്തികൾ അമേരിക്കയിലെത്തി ജീവിതം പച്ചപിടിക്കും എന്ന വിശ്വാസം കൈവിടുന്നില്ല. 'അമേരിക്കൻ സ്വപ്‌നം' സഫലമാകുന്നതിന് എത്ര അപകടകരമായ വഴികൾ സ്വീകരിക്കുന്നതിനും ഏതറ്റം വരെ പോകുന്നതിനും ഇക്കൂട്ടർക്ക് യാതൊരു മടിയുമില്ല.

കാനഡയിൽ നിന്ന് കനത്ത സ്നോയിൽ നടന്ന്  അമേരിക്കൻ  അതിർത്തിയിൽ നിന്ന് ചുവടുകൾക്കകലെയാണ്    മൂന്ന് വയസുള്ള കുട്ടി ഉൾപ്പടെ നാലംഗ ഗുജറാത്തി കുടുംബം കഴിഞ്ഞയാഴ്ച മരവിച്ചു മരിച്ചത്. 65 ലക്ഷം രൂപയാണ് ഏജന്റ്  ഈടാക്കിയത്. അതുകൊണ്ടുതന്നെ സ്പഷ്ടമായും ഇത് മനുഷ്യക്കടത്തായി കണക്കാക്കാം. മറ്റൊരു കുടുംബത്തെ കാണാതായെന്നും റിപ്പോർട്ടുണ്ട്.

മരണപ്പെട്ടത് ദരിദ്രകുടുംബത്തിൽപ്പെട്ടവരല്ല. ഡിങ്കുചയിലെ അറിയപ്പെടുന്ന ടീച്ചറായിരുന്ന കുടുംബനാഥൻ  ജഗദീഷ് (35), ഭാര്യ വൈശാലി (33), മക്കളായ വിഹാങ്കി (12), ധാർമ്മിക് (3) എന്നിവർ നോർത്ത് ഡക്കോട്ടയിൽ എത്തിച്ചേരാൻ തീരുമാനിച്ച് 65 ലക്ഷം രൂപ  ഏജന്റിന് നൽകിയത്.  ഏജന്റ് പത്രത്തിൽ നൽകിയ പരസ്യം അവർ കണ്ണടച്ച് വിശ്വസിച്ചു . വിസയില്ലാതെ അമേരിക്കയിലെത്താനുള്ള കുറുക്കുവഴി തേടിയപ്പോൾ പതിഞ്ഞിരുന്ന മരണച്ചുഴികൾ അവർ കണ്ടില്ല. മൈനസ് 35 ഡിഗ്രിയിലുള്ള പ്രദേശത്ത് നിന്നാണ്  കുടുംബത്തിന്റെ മൃതശരീരങ്ങൾ കണ്ടെത്തിയത്. 

കഴിഞ്ഞ വർഷം ഏജന്റിന് 30 ലക്ഷം രൂപ കൊടുത്ത് ഇത്തരത്തിൽ 24 കാരനായ ഗുജറാത്തി യുവാവും കബളിക്കപ്പെട്ടിരുന്നു. ഇയാൾ മെക്സിക്കൻ അതിർത്തിവരെ എത്തിച്ചേർന്നെങ്കിലും യു എസ് ബോർഡർ സെക്യൂരിറ്റി അറസ്റ്റ് ചെയ്തു.

ഇവരുടെ മൃതദേഹങ്ങൾ  ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിന്   ടൊറന്റോയിലെ ഇന്ത്യൻ  എംബസി നടപടികളെടുക്കുന്നു.  

ഈ സംഭവത്തിൽ  അറസ്റ്റിലായ 47 കാരനായ അമേരിക്കൻ മനുഷ്യക്കടത്ത്  ഏജന്റ്   സ്റ്റീവ് ഷാൻഡിനെ മിനസോട്ടയിലെ കോടതി ഉപാധികളോടെ വിട്ടയക്കാൻ ഉത്തരവിട്ടു.ഇയാളുടെ  എല്ലാ യാത്രാ രേഖകളും സറണ്ടർ ചെയ്യണമെന്നും കോടതിയിൽ ഹാജരാകാൻ അല്ലാതെ ഒരുകാരണവശാലും  ഫ്ലോറിഡയിലെ വീട്ടിൽ നിന്ന് പുറത്തുപോകരുതെന്നും ആയുധങ്ങൾ കൈവശം വയ്ക്കരുതെന്നുമാണ്  ഉത്തരവ്.

ജീവൻ പണയം വച്ചും അമേരിക്കയിലേക്ക് കടക്കാൻ ആളുകൾ എന്തിനു മുതിരുന്നു എന്ന  ചോദ്യം സജീവമായി തുടരുന്നു.

ഗുജറാത്തിന്റെ തലസ്ഥാനമായ ഗാന്ധിനഗറിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയുള്ള ഡിങ്കുച എന്ന 3,000 നിവാസികൾ മാത്രമുള്ള ഗ്രാമത്തിൽ നിന്നുള്ള 1,800-ലധികം ആളുകളും അമേരിക്കയിലാണ് താമസിക്കുന്നത്. അതിൽ അഭിമാനിക്കുന്നവരുമാണ്. പട്ടേൽ ആധിപത്യമുള്ള പ്രദേശത്തെ ഇവർ, 70-കളുടെ ആരംഭം മുതൽ അമേരിക്കയിലേക്ക് കുടിയേറാൻ തുടങ്ങിയതാണ്. കുടുംബത്തിൽ ഒരാളെങ്കിലും അമേരിക്കയിലില്ലെങ്കിൽ എന്തോ കുറച്ചിൽ പോലെയാണ് അവർക്ക്.

നിറപ്പകിട്ടാർന്ന  അമേരിക്കൻ സ്വപ്‌നങ്ങൾ ഡിങ്കുചവാസികൾ ഇപ്പോഴും കാണുന്നതിന്റെ പൊരുൾ ആർക്കുമറിയില്ല. മഞ്ഞുമൂടിയ രാത്രികളിൽ മരംകോച്ചുന്ന തണുപ്പിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനത്തേക്കാൾ കുറഞ്ഞ ശമ്പളം കൈപ്പറ്റിക്കൊണ്ട് ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള സ്റ്റോറുകളിൽ നിൽക്കാൻ എന്തിനാണ് ഇത്ര തത്രപ്പാട്? ഗുജറാത്തിൽ നിന്നുള്ള എംബിഎ ബിരുദധാരിക്കുപോലും അമേരിക്കയിൽ എത്തുക എന്ന സ്വപ്നം പൂവണിയുന്നതിനുവേണ്ടി ഡോനട്ട് വിൽക്കാനോ ശുചിമുറി വൃത്തിയാക്കാനോ അങ്ങനെ ഏത് തൊഴിലിൽ ഏർപ്പെടാനും  മടിയില്ല. 

എല്ലാ തൊഴിലിനും  അതിന്റേതായ അന്തസ്സുണ്ടെന്നാണ് അമേരിക്കൻ പ്രമാണമെങ്കിലും വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി നാട്ടിൽ കിട്ടുമോ എന്ന് ശ്രമിക്കുക പോലും ചെയ്യാതെ വിദേശത്തേക്ക് കടക്കുന്നത് എന്തിനാണെന്ന ചോദ്യം അവശേഷിക്കുന്നു.

 

Join WhatsApp News
Vayanakkaran 2022-01-26 02:57:05
ഇതേ കാറ്റഗറിയിലല്ലേ നമ്മൾ മലയാളികളും. അഭ്യസ്തവിദ്യരായ എത്രയോ മലയാളികൾ ഇവിടെ വന്നു മിനിമം കൂലിക്കു സ്റ്റോറുകളിൽ സെയിൽസ്മാൻ ആയി ജോലി നോക്കുന്നു! ഇവരൊക്കളെ ലീഗൽ ആയി വന്നവരാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. നാട്ടിൽ ഇവർക്കു നല്ല വരുമാനമുള്ള ജോലിസാധ്യത ഉണ്ടെങ്കിൽ ഇവിടെ വന്നു കിടന്നു കഷ്ടപ്പെടുമോ?
Shafeeque 2022-01-26 09:47:29
നാട്ടിൽ വലിയ ക്വാളിഫിക്കേഷൻ ഉള്ളവർ വരെ വെറുതെയിരിക്കുന്ന അവസ്ഥയാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക