Image

കുറ്റപത്രത്തില്‍ സിഐയുടെ പേരില്ല ; മോഫിയയുടെ പിതാവ് കോടതിയിലേയ്ക്ക് 

ജോബിന്‍സ് തോമസ് Published on 19 January, 2022
കുറ്റപത്രത്തില്‍ സിഐയുടെ പേരില്ല ; മോഫിയയുടെ പിതാവ് കോടതിയിലേയ്ക്ക് 

ആലുവയില്‍ നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ സിഐയെ ഒഴിവാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍  മോഫിയയുടെ പിതാവ് ഇപ്പോള്‍ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.  കുറ്റപത്രത്തില്‍ നിന്നും ആലുവ സി.ഐ സുധീറിനെ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ് എന്നാണ് മോഫിയയുടെ പിതാവ് ദില്‍ഷാദ് ഉന്നയിക്കുന്ന ആരോപണം. മകളുടെ ആത്മഹത്യയില്‍ സിഐയ്ക്കും പങ്കുണ്ട്. പൊലീസ് ഉദ്യോഗസ്ഥനെയും കേസില്‍ പ്രതി ചേര്‍ക്കണം. ഇല്ലെങ്കില്‍ കോടതിയെ സമീപിക്കും എന്നും ദില്‍ഷാദ് പറഞ്ഞു.

ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മോഫിയയുടെ ഭര്‍ത്താവ് സുഹൈലാണ് ഒന്നാം പ്രതി. സുഹൈലിന്റെ അമ്മ റുഖിയ രണ്ടാം പ്രതിയും പിതാവ് യൂസഫ് മൂന്നാം പ്രതിയുമാണ്. ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും മോഫിയ ഇരയായെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

നിലവില്‍ സുഹൈല്‍ ജയിലിലാണ്. സുഹൈലിന്റെ മാതാപിതാക്കള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 21നാണ് സുഹൈലിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കുന്നത്. ഇതിന് മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചതോടെ കേസില്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.

മോഫിയയെ സുഹൈല്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നും ഈ മര്‍ദ്ദനമാണ് മോഫിയയുടെ ആത്മഹത്യ വരെ എത്തിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തല്‍. സുഹൈലിന്റെ അമ്മയും മോഫിയയെ നിരന്തരം മര്‍ദ്ദിച്ചുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പിതാവ് യൂസഫ് മര്‍ദ്ദനത്തിന് കൂട്ടുനിന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക