Image

ഫ്രാങ്കോ കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് മാര്‍പ്പാപ്പയോട് ഡോ. സുനിത കൃഷ്ണന്‍

Published on 18 January, 2022
ഫ്രാങ്കോ കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് മാര്‍പ്പാപ്പയോട് ഡോ. സുനിത കൃഷ്ണന്‍

 


_നെല്ലും പതിരും വേര്‍തിരിക്കാന്‍ കോടതിക്ക് കഴിയുന്നില്ല_

ഫ്രാങ്കോ കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് മാര്‍പ്പാപ്പയോട് ഡോ. സുനിത കൃഷ്ണന്‍

ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കന്യാസ്ത്രീ പീഡനക്കേസില്‍ സ്വതന്ത്രമായ അന്വേഷണം നടത്താനും നീതി ഉറപ്പാക്കാനും ഇടപെടണമെന്ന്  വിഖ്യാത മനുഷ്യാവകാശ പ്രവര്‍ത്തക പത്മശ്രീ ഡോ. സുനിത കൃഷ്ണന്‍ മാര്‍പ്പാപ്പയോട് അഭ്യര്‍ത്ഥിച്ചു. ട്വിറ്ററില്‍ ഫ്രാന്‍സിസ് രണ്ടാമന്‍ മാര്‍പ്പാപ്പയെ ടാഗ് ചെയ്ത പോസ്റ്റിലൂടെയാണ് സുനിതയുടെ അഭ്യര്‍ത്ഥന.

ട്വീറ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ:
_പരിശുദ്ധ പിതാവേ..നെല്ലും പതിരും വേര്‍തിരിക്കാന്‍ കഴിയാത്തതിനാല്‍ കേരളത്തില്‍നിന്നുള്ള ഒരു മെത്രാനെ ഇന്ത്യയിലെ ഒരു കോടതി ബലാത്സംഗക്കേസില്‍ കുറ്റവിമുക്തനാക്കിയിരിക്കുന്നു!_

_സ്വതന്ത്രമായ അന്വേഷണം നടത്താനും നീതി ഉറപ്പാക്കാനും അങ്ങയോട് അഭ്യര്‍ത്ഥിക്കുന്നു.  മതത്തിന്റെ മേല്‍വിലാസത്തില്‍ വേട്ടക്കാരന്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല._  

പതിനഞ്ചാം വയസില്‍ കൂട്ടബലാത്സംഗത്തെ അതിജീവിച്ച് സ്ത്രീ സുരക്ഷയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ ഭാഗമായ സുനിത മുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനകളിലൊന്നായ പ്രജ്വലയുടെ സ്ഥാപകയാണ്. മോണ്ട് ഫോര്‍ട്ട് സന്യാസ സഭാംഗവും മലയാളിയുമായ  ബ്രദര്‍ ജോസ് വെട്ടികാട്ടിനൊപ്പമാണ് ഈ രംഗത്ത് പ്രവര്‍ത്തനമാരംഭിച്ചത്.  

ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രജ്വല പതിനയ്യായിരത്തോളം സ്ത്രീകളെയും പെണ്‍കുട്ടികളെയും സെക്സ് റാക്കറ്റുകളുടെ പിടിയില്‍നിന്ന് രക്ഷപ്പെടുത്തുകയും ഇവരില്‍ ഏറെപ്പേരെയും പുനരധിവസിപ്പിക്കുകയും ചെയ്തു. 

കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിയിലെ  പൊരുത്തക്കേടുകള്‍ സുനിത കഴിഞ്ഞ ദിവസം ഫേസ്ബുക്കിലും ചൂണ്ടിക്കാട്ടിയിരുന്നു.  അവ ഇങ്ങനെയാണ്. 

_-കേസിലെ പ്രധാന സാക്ഷിയായ സിസ്റ്റര്‍ അനുപമ കോടതി മുറിയില്‍ പറഞ്ഞതിനേക്കാള്‍  ഇതേ സാക്ഷി ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പ്രാധ്യാനം നല്‍കുന്നത് എന്തുകൊണ്ടാണ്?_ 

_-ഒരാളെ അറസ്റ്റു ചെയ്യിക്കുക എന്ന ഉദ്ദേശത്തോടുകൂടി മാത്രം നടത്തിയ പ്രതിഷേധ പരിപാടിയുടെ ഭാഗമായത് ശരിയല്ല എന്ന് വിധിന്യായത്തില്‍ ഒരു ഭാഗത്ത് ചൂണ്ടിക്കാട്ടുന്നു. ഇതിന് ബലാത്സംഗ കേസുമായി എന്തു ബന്ധമാണുള്ളത്?_

_-വിധിന്യായത്തില്‍ penile penetration നെക്കുറിച്ച് ആവര്‍ത്തിച്ചു പരാമര്‍ശിക്കുന്നു. ബലാത്സംഗത്തിന് penile penetration അനിവാര്യമല്ലെന്ന് 2013ലെ ക്രിമിനല്‍ നിയമ ഭേദഗതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിരലുകള്‍ ഉപയോഗിച്ചുള്ള പീഡനവും ബലാത്സംഗത്തിന്റെ ഭാഗം തന്നെയാണ്. വിരലുകള്‍കൊണ്ടുള്ള പീഡനത്തെക്കുറിച്ച് പരാമര്‍ശമുള്ളപ്പോള്‍ penile penetrations എത്രമാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകത എന്താണ്?_ 

_-പരാതിക്കാരിയുടെ ഒരു വഴിവിട്ട ബന്ധത്തെക്കുറിച്ചുള്ള ഒരു പരാതിയും കേസില്‍ ആവര്‍ത്തിച്ചു പരാമര്‍ശിക്കുന്നുണ്ട്. ഈ പരാതി വാസ്തവമോ വ്യാജമോ എന്നത് അവഗണിച്ച് അധ്യാപിയായ ഒരാള്‍ക്ക് വ്യാജ പരാതി നല്‍കാന്‍ കഴിയില്ല എന്നാണ് വിധിന്യായം പറയാതെ പറയുന്നത്. ഇനി അങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നു എന്ന് നമുക്ക് സങ്കല്‍പ്പിക്കാം. പക്ഷെ, ആ കാരണം കൊണ്ട് മറ്റൊരാള്‍ നടത്തിയ പീഡനത്തെ നിസ്സാരവത്കരിക്കാനാകുമോ?_

_-ഇതിലെല്ലാം ഉപരിയായി ജീവിത വൃതംതന്നെ ലംഘിക്കപ്പെട്ടതിന്റെ കുറ്റബോധവും സ്വാധീനത്തിന് അതിരുകളില്ലാത്ത അധികാരികളോടുള്ള ഭയവും  ഒരു വിഭാഗം വിശ്വാസികളുടെ ആക്രമണങ്ങള്‍ സൃഷ്ടിക്കുന്ന  അങ്കലാപ്പും  എതിര്‍ കക്ഷിയെയും സംരക്ഷിക്കുന്ന സംവിധാനത്തിന്റെ തണലില്‍ ഇപ്പോഴും ജീവിക്കേണ്ടിവരുന്നതിന്റെ മാനസിക ആഘാതവും അനുഭവിക്കേണ്ടിവരുന്ന ഒരു സ്ത്രീയുടെ അവസ്ഥ നിയമ സംവിധാനത്തിന്  മനസിലാകില്ലേ.?_

 

Join WhatsApp News
Ponmelil Abraham 2022-01-18 20:00:27
I fully support the petition send to Holy Father Pope Francis.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക