Image

എടാ ഷിബുവേ, ഇതാണു മിന്നല്‍ മുരളി (ദുര്‍ഗ മനോജ്)

Published on 16 January, 2022
എടാ ഷിബുവേ, ഇതാണു മിന്നല്‍ മുരളി (ദുര്‍ഗ മനോജ്)

പ്രിയ സുഹൃത്തുക്കളേ, ഇതൊരു മലയാള സിനിമയെക്കുറിച്ചാണ്. സംഗതി ഇപ്പോള്‍ വലിയ പൊളപ്പന്‍ സംഭവമായി മാറിക്കഴിഞ്ഞു. ടൊവിനോ തോമസ് നടിച്ച ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമാണെന്നാണ് വയ്പ്. സംഗതി എന്തായാലും നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തതോടെ, ഡിസംബര്‍ 24 നു ശേഷം മലയാള സിനിമയിലേക്കൊരു മിന്നല്‍ ചരിത്രം സൃഷ്ടിച്ചു. കാര്യം പറഞ്ഞാല്‍ ഈ സ്‌പൈഡര്‍മാനേയും, സൂപ്പര്‍മാനേയും ഒക്കെ കണ്ടു കോരിത്തരിക്കുകയും കൈയ്യടിക്കുകയും ചെയ്യാത്ത ബാല്യക്കാരുണ്ടാവില്ലല്ലോ. ന്നാപ്പിന്നെ മലയാളത്തിന് സ്വന്തമായി ഒരു മാനുണ്ടായാലെന്താ കുഴപ്പം? പഴയ കാല ഭക്ത പുരാണ സിനിമകളും, വടക്കന്‍ വീരകഥകളുമൊക്കെ മലയാളികളെ ഹരം കൊള്ളിച്ചപ്പോഴും, ആളുകള്‍ കണ്ടു നില്‍ക്കേ നൂറു നിലപറന്നു കയറുന്ന നായകന്‍ നമുക്ക് അന്യമായി തുടര്‍ന്നു. നാട്ടില്‍ ഇല്ലാത്ത നൂറു നില എങ്ങനെ പറന്നു കയറും എന്ന ചിന്ത വേണ്ട. സിനിമയില്‍ ചോദ്യമില്ല. ഏതായാലും എല്ലാറ്റിനും ഒരു അവസാനമായിരിക്കുന്നു. മലയാളിക്കും കിട്ടി ഒരു മാനെ. കലമാനും പുള്ളിമാനുമല്ല നല്ല ലക്ഷണമൊത്ത ചുറുക്കുള്ള ചുന്ദരന്‍ മാന്‍. അതാണു മിന്നല്‍ മുരളി.ആ മിന്നലാണിപ്പോള്‍ സിനിമാ ചരിത്രത്തില്‍ മിന്നലാകുന്നത്.


സംഗതി ഇതാണ്.
നെറ്റ് ഫ്‌ലിക്‌സ് ഹിറ്റ് ലിസ്റ്റില്‍ ഇംഗ്ലീഷ് ഇതര സിനിമാ വിഭാഗത്തില്‍ ലോകത്തു നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നു മിന്നല്‍ മുരളി. കൂടാതെ ഇന്ത്യ, ഒമാന്‍, ഖത്തര്‍, യു. എ. ഇ എന്നീ രാജ്യങ്ങളില്‍ ടോപ്പ് വണ്‍ ആണു മിന്നല്‍. കൂടാതെ മറ്റു പതിനൊന്നു രാജ്യങ്ങളില്‍ ടോപ്പ് ടെന്നില്‍ മിന്നല്‍ മുരളി ഉണ്ട്. ലോകത്തെമ്പാടുമായി 59.9 ലക്ഷം മണിക്കൂര്‍ ആണ് ജനം മിന്നലിനെക്കാണുവാന്‍ ചെലവിട്ടിരിക്കുന്നത്. ഇതു വായിക്കുമ്പോള്‍ തോന്നാം നാള്‍ക്കുനാള്‍ ഇതു വര്‍ദ്ധിക്കുമല്ലോ എന്ന്. എന്നാല്‍ ഡിസംബര്‍ 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ മാത്രം നടത്തിയ കണക്കെടുപ്പിലാണ് മിന്നല്‍ ഈ നേട്ടം നേടിയത്. എന്നു വച്ചാല്‍ റിലീസ് ചെയ്തു വെറും രണ്ടു ദിവസം കൊണ്ട് മിന്നല്‍ നേടിയ കണക്കാണ് മുകളില്‍ പറഞ്ഞിരിക്കുന്നത് എന്നര്‍ത്ഥം.
ഏതായാലും റിക്കോര്‍ഡ് ഭേദിച്ച ചരിത്ര സിനിമയുടെ സംവിധായകന്‍ ബേസില്‍ ജോസഫിന് അഭിമാനിക്കാം, മലയാളികള്‍ക്ക് സ്വന്തമായി ഒരു സൂപ്പര്‍ പവര്‍മാനെ നല്‍കിയതിനും അതു ലോക ഹിറ്റാക്കിയതിനും. ചിത്രത്തിന്റെ തിരക്കഥ അരുണ്‍ അനിരുദ്ധനാണ്. ഷാന്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഏതായാലും ഒന്നുണ്ട് ടോനോയുടെ മിന്നല്‍ മുരളി ജനങ്ങളെ രസിപ്പിച്ചു മുന്നേറുന്നു എന്നത് ഇപ്പോള്‍ ഒരു ലോക കാര്യമായി മാറിയിരിക്കുന്നു.


സിനിമ കാണുമ്പോള്‍, ഹോളിവുഡിലെ സാക്ഷാല്‍ ഷ്വാര്‍സെനഗറുടെ ടെര്‍മിനേറ്റര്‍ ഓര്‍മ്മവരും. അതു മാത്രമല്ല, അങ്ങനെ പലതും ഓര്‍മ്മ വരും. അതൊക്കെയങ്ങ് മനസ്സില്‍ വച്ചാല്‍ മതി, ഇത് വെറൈറ്റിയാണെന്നു പറയാതെ വയ്യ. ചിത്രം കാണാത്ത മലയാളിയൊക്കെ പെട്ടെന്നു തന്നെ നെറ്റ്ഫ്‌ലിക്‌സില്‍ കേറി പടം കണ്ടോളൂ. അതിനിടയ്ക്ക് ഒരു കാര്യം പറയാനും മറന്നു. യുഎസിലും ക്യാനഡയിലും നെറ്റ്ഫ്‌ലിക്‌സ് ചാര്‍ജ് കൂട്ടിയിട്ടുണ്ട്. അതു കൊണ്ട് നോക്കിയും കണ്ടുമൊക്കെ മിന്നലടിച്ചാല്‍ മതി. സിനിമയിലെ വില്ലന്‍ ഷിബു പറയുന്നതു പോലെ, ഈ പണി നിനക്കുള്ളതല്ല, എനിക്കുള്ളതാണ്.


നെറ്റ്ഫ്‌ലിക്‌സ് പ്ലാന്‍ അനുസരിച്ച് യുഎസില്‍ പ്രതിമാസ സബ്‌സ്‌ക്രിപ്ഷന്‍ വിലകള്‍ 1 ഡോളര്‍ മുതല്‍ 2 ഡോളര്‍ വരെ വര്‍ദ്ധിക്കുമെന്ന് കമ്പനി അറിയിച്ചു. ഒരു സമയം ഒരു സ്‌ക്രീന്‍ മാത്രം അനുവദിക്കുന്ന യുഎസിലെ അടിസ്ഥാന പ്ലാനിന് 9.99 ഡോളറാണ് വില. സ്റ്റാന്‍ഡേര്‍ഡ് പ്ലാനിന്റെ വില 14 ഡോളറില്‍ നിന്ന് പ്രതിമാസം 15.50 ഡോളറായി ഉയര്‍ത്തി. സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ ഒരു സമയം രണ്ട് സ്‌ക്രീനുകള്‍ അനുവദിക്കുന്നു. 4കെ പ്ലാനിന്റെ വില 18 ഡോളറില്‍ നിന്ന് പ്രതിമാസം 20 ഡോളര്‍ ആയി ഉയരും. ഈ പ്ലാന്‍ ഒരു സമയം നാല് സ്‌ക്രീനുകള്‍ അനുവദിക്കുന്നു. അടിസ്ഥാന പ്ലാനിന്റെ വിലയും ഒരു ഡോളര്‍ വര്‍ദ്ധിപ്പിച്ചു. കാനഡയില്‍ നെറ്റ്ഫ്ലിക്സ് അതിന്റെ സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ വിലയും വര്‍ദ്ധിപ്പിച്ചിരുന്നു. കാനഡയിലെ സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ 14.99 ഡോളറില്‍ നിന്ന് 16.49 ഡോളര്‍ ആയി ഉയര്‍ത്തി. പ്രീമിയം പ്ലാന്‍ രണ്ടു ഡോളറില്‍ നിന്ന് 20.99 ഡോളര്‍ ആയി ഉയര്‍ത്തി. എന്നിരുന്നാലും, അടിസ്ഥാന പ്ലാനിന്റെ വില നെറ്റ്ഫ്ലിക്സ് വര്‍ദ്ധിപ്പിച്ചിട്ടില്ല. ഇത് 9.99 ഡോളറില്‍ മാറ്റമില്ലാതെ തുടരുന്നു.


അതു കൊണ്ട്, മലയാളികളെ നമ്മുടെ സൂപ്പര്‍ഹീറോ മിന്നലിനെ കാണാന്‍, നെറ്റ്ഫ്‌ലിക്‌സ് പണി തരുന്നതിനു മുന്നേ വേഗം കണ്ടോളീ!!

 

Join WhatsApp News
Elizabeth Joy 2022-01-17 05:11:29
Funny Article. Durga you are a talented writer. I spot you every day last a couple of week. Go Ahead
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക