Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  - ഞായറാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 16 January, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  - ഞായറാഴ്ച (ജോബിന്‍സ്)

ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ധീരജിന്റെ കൊലപാതകത്തില്‍ പ്രതികള്‍ നിരപരാധികളെങ്കില്‍ സംരക്ഷിക്കുമെന്നാണ് കെ സുധാകരന്‍ പറഞ്ഞതെന്നും പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ആറ് പേര്‍ ചേര്‍ന്ന് 100 പേരെ ആക്രമിച്ചതെങ്ങിനെയെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
**********************************
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള സിപിഎമ്മിന്റെ തിരുവനന്തപുരത്തെ മെഗാ തിരുവാതിര വിവാദമായതിന് പിന്നാലെ തൃശൂരിലും മെഗാ തിരുവാതിരയുമായി സിപിഎം. ജില്ലാ സമ്മളനത്തിന് മുന്നോടിയായാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. എന്നാല്‍ തിരുവാതിരയെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി രംഗത്തെത്തി. തിരുവാതിര നിഷേധിച്ച കലാരൂപമല്ലെന്ന് ജില്ലാ സെക്രട്ടറി എംഎം വര്‍ഗ്ഗീസ് പ്രതികരിച്ചു. 
************************************
സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയന്‍ ഓപ്പണ്‍  കളിക്കാനാവില്ല. താരത്തിന്റെ വിസ റദ്ദാക്കിയത് ചോദ്യം ചെയ്ത് സമര്‍മിപ്പിച്ച അപ്പീല്‍ ഓസ്ട്രേലിയന്‍ കോടതി തള്ളി. താരത്തോട് ഉടന്‍ ഓസ്ട്രേലിയ വിടാനാണ് നിര്‍ദേശം. മൂന്ന് വര്‍ഷത്തേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനവും കോടതി ചോദ്യം ചെയ്തില്ല. 
*************************************
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ സുപ്രധാന മാറ്റങ്ങള്‍. മുന്‍ എംപിയും നിലവില്‍ മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എ. സമ്പത്തിനെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. അപ്രതീക്ഷിത നീക്കമാണ് ഇവിടെ സിപിഎം നടത്തിയിരിക്കുന്നത്.അനധികൃത ദത്ത് നല്‍കല്‍ കേസില്‍ ആരോപണ വിധേയനും ശിശുക്ഷേമ സമിതി അധ്യക്ഷനുമായ ഷിജുഖാനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ.പ്രശാന്ത്, അരുവിക്കര എംഎല്‍എ ജി.സ്റ്റീഫന്‍ എന്നിവരെ ജില്ലാ നേതൃത്വത്തിലേയ്ക്ക് പരിഗണിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ല.
************************************
കിറ്റക്സ് കമ്പനിക്കെതിരെ പുതിയ ആരോപണം . പെരിയാര്‍ വാലി കനാല്‍ തുരന്ന് അനധികൃതമായി കിറ്റക്സിന്റെ ഉടമസ്ഥതയിലുള്ള കുളത്തിലേയ്ക്കും ഒപ്പം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും വെള്ളമെടുക്കുന്നുവെന്നാണ് ആരോപണം. 
സ്ഥലത്തെത്തിയ എംഎല്‍എയെ കിറ്റക്സ് തൊഴിലാളികള്‍ തടഞ്ഞത് വാക്കുതര്‍ക്കത്തിനിടയാക്കി.
************************************
സൂപ്പര്‍ താരം മമ്മൂട്ടികക്ക് കോവിഡ്. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. മമ്മൂട്ടി പൂര്‍ണ്ണ ആരോഗ്യവാനാണെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.കെ മധു സംവിധാനം ചെയ്യുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്റെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു മമ്മൂട്ടി.
*********************************
സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മരുമകള്‍ ബിജെപിയിലേക്കെന്ന് സൂചന. മുലായം സിംഗിന്റെ ഇളയമകന്‍ പ്രതീക് യാദവിന്റെ ഭാര്യ അപര്‍ണ യാദവാണ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന സൂചന നല്‍കുന്നത്. 
നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഭരണനേട്ടങ്ങള്‍ക്കും നിരവധി തവണ അവര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാമക്ഷേത്ര നിര്‍മാണത്തിന് 11 ലക്ഷം രൂപ സംഭാവന ചെയ്തും ദേശീയ പൗരത്വ രജിസ്റ്ററിനെ പരസ്യമായി പിന്തുണച്ചും ബിജെപി സര്‍ക്കാരിനോടുള്ള അനുഭാവം അപര്‍ണ യാദവ് നേരത്തെ പ്രകടിപ്പിച്ചിട്ടുണ്ട്.
******************************
കൊറോണ വൈറസിന്റെ അന്ത്യം അടുത്തിരിക്കുന്നു എന്നും അണയാന്‍ പോകുന്ന തീ ആളികത്തുന്നത് പോലെയാണ് ഇപ്പോഴുള്ള തീവ്ര വ്യപനമെന്നും അമേരിക്കന്‍ ആരോഗ്യ ഗവേഷകകരുടെ പഠനം . വാഷിംഗ്ടണില്‍ നിന്നുള്ള ശാസ്ത്രജ്ഞനും വൈറോളജിസ്റ്റുമായ ഡോക്ടര്‍ കുതുബ് മഹമൂദാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
****************************
ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കെഎസ്‌യു ഇടുക്കി ജില്ലാ ജനറല്‍ സെക്രട്ടറി നിതിന്‍ ലൂക്കോസാണ് പിടിയിലായത്. കേസില്‍ നാലാം പ്രതിയാണ് നിതിന്‍. ഇതോടെ കേസില്‍ പിടിയിലാവുന്നവരുടെ എണ്ണം ആറായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക