Image

റിട്ടയർമെൻ്റിനൊരുങ്ങി ഒരു കുഞ്ഞിപ്പെണ്ണ് (ദുർഗ മനോജ് )

Published on 15 January, 2022
റിട്ടയർമെൻ്റിനൊരുങ്ങി ഒരു കുഞ്ഞിപ്പെണ്ണ് (ദുർഗ മനോജ് )

റിട്ടയർ ചെയ്യേണ്ട പ്രായം ഏതാണ്? അമ്പത്താറ്? അമ്പത്തെട്ട്? അതോ അറുപതോ?
ഇതിലെല്ലാം നാട്ടിൽ തർക്കം തുടരുന്നുണ്ട്. അമ്പതുകൾ എന്നാൽ വാർദ്ധക്യം എന്നു ചിന്തിച്ചിരുന്ന തലമുറ അപ്രത്യക്ഷമായിക്കഴിഞ്ഞു. അറുപതിലും സിക്സ്പാക്കുമായി നല്ല സ്റ്റൈലായി ജോഗ് ചെയ്യുന്ന പുരുഷന്മാരും, സൂക്ഷിച്ചു നോക്കിയാൽപ്പോലും വാർദ്ധക്യത്തിൻ്റെ നൂൽ വര മുഖത്തെ ചർമ്മത്തിൽ വീഴാത്ത, ഗംഭീരമായി സൽസ കളിക്കുന്ന സ്ത്രീകളും ഇന്നു പുതുമയല്ല. വയസ്സായില്ലേ എന്നു ചോദിച്ചാൽ തിരികെ, ആർക്കു വയസ്സായി എന്നു മറു ചോദ്യം ചോദിക്കുന്ന കാലം. മാത്രമോ റിട്ടയർ ചെയ്താലും അതേ ലാവണത്തിൽ രാഷ്ട്രീയ പിടിപാടുകൾകൊണ്ടും,  ഇരുന്നിരുന്നു വേരിറങ്ങി ആ മേഖലയിലെ കുത്തകയായ ചില അറിവുകളും കൈമുതലാക്കി വീണ്ടും വർഷങ്ങളോളം പല പേരിൽ തുടരുന്നതും സർക്കാർ സംവിധാനത്തിൽ പുത്തരിയല്ല. അതുപോലെ ഓഫീസിൽ പോകേണ്ടാത്ത ദിവസം എന്തോ നഷ്ടപ്പെട്ട ഫീലുമായി നടക്കുന്നവരും കുറവല്ല.
ഇതിനൊക്കെ ഇടയിലാണ് അങ്ങ് ആസ്ത്രേലിയയിൽ നിന്നൊരു  കുഞ്ഞിപ്പെണ്ണു ചിരിച്ചു കൊണ്ടു പറയുന്നത്, " പതിനഞ്ചു വയസ്സാകട്ടെ. ഞാൻ റിട്ടയർ ചെയ്യും." എന്ന്. ആളുടെ പേര് പിക്സി കേർട്ടിസ്. വയസ്സു വെറും പത്ത്. ബിസിനസ് ഇൻസൈഡർ ആണ് പിക്സി കേർട്ടിസിൻ്റെ വിജയഗാഥപുറത്തെത്തിച്ചിരിക്കുന്നത്.

പിക്സിക്കു വെറും രണ്ടു വയസ്സുള്ളപ്പോൾ അമ്മ റോക്സി ജസെൻകോയാണ് പിക്സീസ് ബൗസ് എന്ന സംരംഭം ആരംഭിച്ചത്. കുട്ടികളുടെ തലമുടി അലങ്കരിക്കുന്ന ആക്സെസറീസ് ആണു വിപണനം ചെയ്യുന്നത്. പിങ്ക്ഫ്രോക്ക് വാങ്ങുമ്പോൾ പിങ്ക് ഹെയർബൺ, ബോ, വള, മാല എന്നൊക്കെ ചിണുങ്ങുന്ന സുന്ദരികൾ അറിയുന്നുണ്ടോ ഇത് അവരുടെ തന്നെ പ്രായമുള്ള ഒരു കൊച്ചു സുന്ദരിയുടെ കമ്പനിയുടെ വിറ്റുവരവിലേക്ക് മുതൽക്കൂട്ടാവുകയാണെന്ന്? ഒന്നല്ല രണ്ടു കമ്പനികൾ ഇന്നവർക്കുണ്ട്. കുഞ്ഞിൻ്റെ പേരിൽ അമ്മ നടത്തുന്ന ബിസിനസ് എന്നു പറഞ്ഞു മുഖം തിരിക്കാൻ വരട്ടെ. ആദ്യമൊക്കെ ഇതിനു വേണ്ടി എല്ലാം നോക്കിയിരുന്നത് അമ്മയായിരുന്നെങ്കിലും ഇപ്പോൾ പിക്സിയും ബിസിനസ് ഇഷ്ടപ്പെടുകയും ക്രിയാത്മകമായി ഇടപെട്ടു തുടങ്ങുകയും ചെയ്തിരിക്കുന്നു. കടൽത്തീരത്തോടു ചേർന്നൊരു വീടും ഗാരേജിൽ ലംബോഗിനിയും, എസ് യു വി യും ഒക്കെയാണ് അവളുടെ സ്വപ്നം. അതിനായി കൂടുതൽ സമയം ജോലി ചെയ്യാൻ അവൾ തയ്യാറാണ്. ലക്ഷ്യം നേടാൻ കൂടുതൽ അധ്വാനിക്കുക. ഒപ്പം ലഭിക്കുന്ന ലാഭം കൃത്യമായി നിക്ഷേപിക്കുക. ഇതാണ് അമ്മ മകളെ പഠിപ്പിക്കുന്ന പാഠം. 

2021 ൽ ആണു രണ്ടാമത്തെ കമ്പനിയായ പിക്സീസ് ഫിഡ്ഗറ്റ്സിൻ്റെ‌ തുടക്കം. കുട്ടികളുടെ കിളക്കോപ്പുകളാണ് ഈ സംരംഭത്തിൽ വിറ്റഴിക്കുന്നത്. രണ്ടു കമ്പനികളും ഒന്നിച്ച് പിക്സീസ് പിക്സ് എന്ന ബ്രാൻഡിലാണ് ഇപ്പോൾ അറിയപ്പെടുന്നത്.
ഇപ്പോൾ പിക്സിയുടെ ഏഴു വയസ്സുള്ള സഹോദരനും ബിസിനസ്സിൽ കാലു വയ്ക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഏതൊരമ്മയേയും പോലെ കുട്ടികളുടെ സന്തോഷവും ആരോഗ്യവുമാണ് തൻ്റെ ആഗ്രഹമെന്ന് ഈ അമ്മയും പറയുന്നു.

കുഞ്ഞുങ്ങൾ പഠിക്കുക മാത്രം ചെയ്യേണ്ടുന്ന കാലം എന്നു നമ്മൾ നിശ്ചയിച്ചിരിക്കുന്ന പ്രായമാണ് പിക്സിക്കും. എന്നാൽ ആ പ്രായത്തിൽ അവളുടെ അമ്മ പക്ഷേ, മകളെ അവരുടെ സംരംഭത്തിൽ പങ്കാളിയാക്കിയത്. ഒപ്പം അത് അവളുടെ തന്നെ പേരിലേക്കു മാറ്റുകയും ചെയ്തതു വഴി, യൗവ്വനാരംഭത്തിൽ ചെയ്തു തുടങ്ങേണ്ട കാര്യങ്ങൾ ചെറുപ്രായം  മുതൽ അവൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തു തുടങ്ങി. കുട്ടികൾ വെറും കുട്ടികൾ അല്ലെന്നും അവരിലെ കഴിവുകൾക്ക് പരിധി നിശ്ചയിക്കേണ്ടതു മുതിർന്നവരല്ലെന്നും ചേർത്തു വായിക്കാം. ജീവിക്കാനായി ജോലി ചെയ്യുക എന്ന ആപ്തവാക്യം മാറ്റിയെഴുതി, സ്വന്തം ഹൃദയം പറയുന്നതു കേട്ടു ജീവിക്കുവാൻ കൗമാരം കടക്കുമ്പോൾ തന്നെ പിക്സിക്കു സാധിക്കട്ടെ. നമ്മൾ റിട്ടയർമെൻ്റിനു ശേഷം ചെയ്യുവാൻ മാറ്റിവയ്ക്കുന്നത് അവർ ചെറുപ്പത്തിൽത്തന്നെ ആസ്വദിച്ചു ചെയ്യട്ടെ. ജീവിതത്തെ ആഘോഷമാക്കട്ടെ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക