Image

സസ്‌പെന്‍സ് നീളുന്നു ; വിഐപി മെഹബൂബാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബാലചന്ദ്ര കുമാര്‍

ജോബിന്‍സ് Published on 15 January, 2022
സസ്‌പെന്‍സ് നീളുന്നു ; വിഐപി മെഹബൂബാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബാലചന്ദ്ര കുമാര്‍

ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ വിഐപിയെ സംബന്ധിച്ച സസ്‌പെന്‍സ് നീളുന്നു. വിഐപി കോട്ടയം സ്വദേശി മെഹബൂബാണെന്ന് ഇന്ന് രാവിലെ മുതല്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനു പിന്നാലെ മെഹബൂബ് ഇത് നിഷേധിച്ച് രംഗത്ത് വന്നു. 

ഇപ്പോള്‍ ആരോപണ മുന്നയിക്കുകയും വിഐപിയെ കണ്ടു എന്നു പറയുകയും ചെയ്ത സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ തന്നെ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. മെഹബൂബാണ് വിഐപി എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നാണ് ബാലചന്ദ്ര കുമാര്‍ പറഞ്ഞത്. 

മെഹബൂബാണ് വിഐപി യെന്ന് പറഞ്ഞിരുന്നില്ല. അദ്ദേഹം പരസ്യമായി രംഗത്ത് വന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. വിഐപി ആരെന്ന് തിരിച്ചറിയാനുള്ള പൊലീസിന്റെ നീക്കം അന്തിമഘട്ടത്തിലാണ്. മുന്ന് പേരുടെ ശബ്ദ സാമ്പിളുകളാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

താന്‍ ദിലീപിന്റെ വീട്ടിലുള്ള സമയം ഇക്ക എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാള്‍ അവിടെ എത്തുകയും ദിലീപിന് ഒരു പെന്‍ഡ്രൈവ് കൈമാറുകയും ചെയ്‌തെന്നാണ് ബാലചന്ദ്രകുമാറിന്റെ ആരോപണം. ഈ പെന്‍ഡ്രൈവ് ലാപ്‌ടോപില്‍ ഘടിപ്പിച്ച ശേഷം പള്‍സര്‍ സുനിയുടെ ക്രൂരകൃത്യം കാണാന്‍ ദിലീപ് ക്ഷണിച്ചുവെന്നും ബാലചന്ദ്രകുമാര്‍ ആരോപിക്കുന്നു. ഒരു വിഐപിയെ പോലെ പെരുമാറിയ ഇയാള്‍ ദിലീപിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ മന്ത്രിയുടെ മുന്നില്‍ ഇരുന്ന് ചീത്ത പറഞ്ഞാല്‍ മാത്രമേ സമാധാനം ആകൂവെന്ന് പറഞ്ഞതായും വെളിപ്പെടുത്തിയിരുന്നു. ഈ വിഐപി ആരാണെന്ന് അന്വേഷണ സംഘം ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക