Image

യോഗി ആദിത്യനാഥ് ഇത്തവണ അയോധ്യയിലേയ്ക്കില്ല ;  ഗോരഖ്പൂരില്‍ മത്സരിക്കും

ജോബിന്‍സ് Published on 15 January, 2022
യോഗി ആദിത്യനാഥ് ഇത്തവണ അയോധ്യയിലേയ്ക്കില്ല ;  ഗോരഖ്പൂരില്‍ മത്സരിക്കും

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോരഖ്പൂര്‍ (അര്‍ബന്‍) സീറ്റില്‍ നിന്നും മത്സരിക്കും. ബിജെപി ഉച്ചയ്ക്ക് ശേഷം തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി.

 കേശവ് പ്രസാദ് മൗര്യ പ്രയാഗ്രാജ് ജില്ലയിലെ സിറത്തു മണ്ഡലത്തില്‍ മത്സരിക്കും. മുഖ്യമന്ത്രിയുടെ കോട്ടയായ ഗോരഖ്പൂര്‍ (അര്‍ബന്‍) സീറ്റിലേക്കുള്ള പോളിംഗ് ആറാമത്തെയും അവസാനത്തെയും ഘട്ടത്തിലാണ്. ആദിത്യനാഥ് 2017 വരെ തുടര്‍ച്ചയായി അഞ്ച് തവണ ലോക്സഭയിലേക്ക് വിജയിച്ചത് ഇവിടെനിന്നാണ്.

''വളരെ കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുത്തത്. അന്തിമ തീരുമാനം എടുത്തത് പാര്‍ട്ടിയുടെ ഉന്നത നേതൃത്വമാണ്,'' കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ''പാര്‍ട്ടി തന്നോട് ആവശ്യപ്പെടുന്ന ഏത് സീറ്റില്‍ നിന്നും താന്‍ മത്സരിക്കും എന്ന് യോഗി പറഞ്ഞു. ഇത് പാര്‍ട്ടിയുടെ തീരുമാനമായിരുന്നു,'' ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഗോരഖ്പൂരില്‍ മത്സരിക്കണമെന്ന കാര്യത്തില്‍ ആദിത്യനാഥ് നിര്‍ബന്ധം പിടിച്ചു എന്ന ഊഹാപോഹങ്ങള്‍ ധര്‍മേന്ദ്ര പ്രധാന്‍ തള്ളി. ഒരു പുതിയ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നതിന് പകരം ഗോരഖ്പൂരില്‍ നിന്ന് മത്സരിക്കാനാണ് ആദിത്യനാഥ് താല്പര്യം കാണിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

യോഗി ആദിത്യനാഥ് ഗോരഖ്പൂരില്‍ മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചതിന് പിന്നാലെ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആദിത്യനാഥിനെ പരിഹസിച്ച് രംഗത്തെത്തി: ''ബിജെപി അദ്ദേഹത്തെ (മുഖ്യമന്ത്രിയെ) ഗോരഖ്പൂരിലേക്ക് അയച്ചത് എനിക്കിഷ്ടമായി. യോഗി അവിടെ തുടരണം... അവിടെ നിന്ന് ഇനി ഇങ്ങോട്ട് വരണമെന്നില്ല.'' അഖിലേഷ് യാദവ് പറഞ്ഞു.

ഇന്നത്തെ പട്ടികയില്‍ ബിജെപി മറ്റ് 105 സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, ഇതില്‍ 83 സീറ്റുകളില്‍ ബി.ജെ.പി 2017-ല്‍ വിജയിച്ചിരുന്നു. വിജയിച്ച 63 എംഎല്‍എമാരെ നിലനിര്‍ത്തിയിട്ടുണ്ട്, ശേഷിക്കുന്ന 20 പേര്‍ പുതുമുഖങ്ങള്‍ ആണ്. യുപിയിലെ 403 അംഗ നിയമസഭയിലെ മറ്റ് 296 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക