Image

രാജൻ പടവത്തിൽ: ഫൊക്കാന നിലപാടുകളിലെ തത്വദീക്ഷ (അഭിമുഖം: മീട്ടു  റഹ്മത് കലാം)

മീട്ടു  റഹ്മത് കലാം  Published on 08 January, 2022
രാജൻ പടവത്തിൽ: ഫൊക്കാന നിലപാടുകളിലെ തത്വദീക്ഷ  (അഭിമുഖം: മീട്ടു  റഹ്മത് കലാം)

രാഷ്ട്രീയ-സാമൂഹിക-സാമുദായിക  വിഷയങ്ങളിൽ സജീവമായി ഇടപെടുക എന്നത് ചിലർക്ക് ജീവിതചര്യയായിരിക്കും. തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് നീങ്ങുമ്പോഴും മറ്റുള്ളവർക്ക് ഉപകാരപ്രദമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സമയം കണ്ടെത്തുന്നത് അക്കൂട്ടർക്ക്  പ്രയാസമാവുകയുമില്ല. കേരളത്തിലെ  വിദ്യാഭ്യാസകാലയളവിൽ   കെ .എസ്. യു -വിൽ നിന്ന് പകർന്നുകിട്ടിയ  സംഘടനാപ്രവർത്തനങ്ങളുടെ ആദ്യപാഠങ്ങളും പ്രവാസജീവിതത്തിൽ നിന്ന് ആർജ്ജിച്ച അനുഭവസമ്പത്തും ഉൾചേർത്ത് തന്റെ നേതൃത്വത്തിൽ  ഫൊക്കാനയുടെ  മുഖം എങ്ങനെ മാറുമെന്ന പ്രതീക്ഷകൾ ഇ-മലയാളിയുമായി  പങ്കുവയ്ക്കുകയാണ് പ്രസിഡന്റ് രാജൻ (ജേക്കബ്) പടവത്തിൽ.

താങ്കളുടെ ഒപ്പം വിദ്യാർത്ഥിരാഷ്ട്രീയത്തിൽ ആദ്യാക്ഷരം കുറിച്ചവരുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസത്തിലേക്കുള്ള കൂടുമാറ്റം ഉചിതമായിരുന്നെന്ന് വിശ്വസിക്കുന്നുണ്ടോ?

1968 ൽ കെ.എസ്.യു ബാനറിൽ കോളജ് യൂണിറ്റ് സെക്രട്ടറിയായി വിജയിക്കുമ്പോൾ തന്നെ സാമൂഹിക പ്രവർത്തനത്തിൽ താല്പര്യമുണ്ടായിരുന്നു. 1974 ൽ   ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് സർവീസിൽ നിന്ന് ഇലക്ട്രോണിക്സിൽ  ഡിപ്ലോമ പൂർത്തിയാക്കിയ ശേഷം   'കംപ്യൂട്രോണിക്‌സ് ഇന്ത്യ' എന്ന സ്ഥാപനത്തില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററായും പിന്നീട് പി.ആര്‍.ഒ ആയും പ്രവർത്തിച്ചു.നാല് സഹോദരങ്ങളാണ് എനിക്കുള്ളത്-പരേതയായ ബേബി (ന്യൂയോർക്ക്), എബ്രഹാം പടവത്തിൽ , മോളി ജോയ് മങ്ങാട്ട്, മേരി തോമസ് ചിലമ്പത്ത്. അവരെല്ലാം അമേരിക്കയിലേക്ക് പറന്നപ്പോഴും നാട്ടിലെ ജീവിതത്തോടായിരുന്നു എനിക്ക് പ്രിയം. ഡൽഹിയിലെ ജോലിക്കിടയിൽ പിതാവിന് അസുഖം വന്നപ്പോൾ നാട്ടിലേക്ക് അദ്ദേഹത്തെ ശുശ്രൂഷിക്കാൻ വന്നതോടെയാണ്  വീണ്ടും പൊതുപ്രവർത്തനം  തലയ്ക്ക്  പിടിക്കുന്നത്. കോട്ടയം അയ്മനമാണ് എന്റെ നാട്. അന്നവിടെ ബസ് സർവീസില്ല, നല്ല റോഡില്ല, മോട്ടോർ സൈക്കിൾ മാത്രം കടന്നുപോകുന്ന ചെറിയ വഴിയായിരുന്നു. എന്റെ കൂടി ശ്രമഫലമായാണ് അവിടെ റോഡ് വന്നതെന്നോർക്കുമ്പോൾ അഭിമാനമുണ്ട്. അത്തരം കാര്യങ്ങളിൽ ഇടപെടാനുള്ള കഴിവെനിക്ക് ഉണ്ടെന്ന് നാട്ടുകാർ വിധിയെഴുതിയതിന്റെ ഫലമായി 82- ൽ  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റും  തുടർന്ന്  മണ്ഡലം സെക്രട്ടറി, ബ്ലോക്ക് സെക്രട്ടറി എന്നീ സ്ഥാനങ്ങളും  വഹിച്ചു. പാലാ കെ.എം.മാത്യു സർ എന്നോട് പ്രത്യേക വാത്സല്യം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് കോൺഗ്രസ് കമ്മിറ്റിയിൽ (ഡിസിസി) അംഗമാകാനും ഭാഗ്യം ലഭിച്ചു. 85- ൽ പിതാവ് മരണപ്പെട്ടതോടെ സഹോദരങ്ങൾക്കൊപ്പം അമ്മയും  അമേരിക്കയിലെത്തി. അമ്മയുടെ സ്നേഹം നിറഞ്ഞ നിർബന്ധത്തിന് വഴങ്ങിയാണ് 89 -ൽ  അമേരിക്കയിൽ എത്തുന്നത്. 91- ലായിരുന്നു അമ്മയുടെ വേർപാട്.

നഴ്‌സായ ഭാര്യ ലിസിക്കൊപ്പം രാപകലില്ലാതെ ആദ്യ നാലു വർഷങ്ങൾ ശരിക്ക് കഷ്ടപ്പെട്ടാണ് ജീവിതം മെച്ചപ്പെട്ടത്.. ജീവിതാനുഭവങ്ങളിൽ  നിന്ന് ഏതൊരു  അമേരിക്കൻ മലയാളിയുടെയും  ദുഃഖം  മനസ്സിലാക്കാനുള്ള കഴിവ് സ്വായത്തമായി. കഴിവിനൊത്ത് സഹായങ്ങൾ ചെയ്യാനുള്ള മനസാകാം സംഘടനാപ്രവർത്തനങ്ങൾക്ക് വേണ്ടി സമയം കണ്ടെത്താൻ പ്രേരകമായത്. ഒരു നിമിത്തം പോലെ അമേരിക്കയിൽ എത്തിപ്പെട്ടതാണെന്ന് ചിലപ്പോൾ തോന്നും. നമ്മളെ ആവശ്യമുള്ള കുറെയധികം ആളുകൾ ഇവിടെയുണ്ട്. മലയാളികളാൽ ചുറ്റപ്പെട്ട് കഴിയുന്നതുകൊണ്ടാകാം പ്രവാസത്തെ ഒരു കൂടുമാറ്റമായി കാണുന്നില്ല. ഓരോ വ്യക്തിക്കും അവരുടെ ജീവിതത്തിൽ ചെയ്തുതീർക്കാൻ ചിലകാര്യങ്ങൾ കാണും. താരതമ്യം എപ്പോഴും അവനവനോട് തന്നെയാണ്. അതിനാൽ തന്നെ എന്റെ കർമ്മപഥത്തിൽ ഞാൻ സന്തുഷ്ടനാണ്.

അമേരിക്കയിൽ വിവിധ സംഘടനകളുമായി ചേർന്ന് ഏതൊക്കെ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്?

1994-ല്‍ ഫൊക്കാന എന്ന ദേശീയ പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത് വലിയൊരു വഴിത്തിരിവായി കാണുന്നു. 1995 - 1997 കാലഘട്ടത്തില്‍ ഇന്ത്യന്‍ കാത്തലിക്ക്  അസോസിയേഷന്‍ ഓഫ് ഫ്‌ളോറിഡയുടെ പ്രസിഡന്റായി. തുടര്‍ന്ന് 2002- 2003-ല്‍ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 2003- 2004-ല്‍ അതേ സംഘടനയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചു. അതേ വര്‍ഷം തന്നെ ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. 2004- 2009 വര്‍ഷത്തില്‍ കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ സ്ഥാപകന്‍, ബോര്‍ഡ് ഓഫ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2004- 2006-ല്‍ ഫൊക്കാന ദേശീയ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, 2007- 2008 ഫൊക്കാന വൈസ് പ്രസിഡന്റ്, 2009 - 2010-ല്‍ കൈരളി ആര്‍ട്‌സ് ക്ലബിന്റെ പ്രസിഡന്റ്, എന്നീ നിലകളിലും  പ്രവർത്തിച്ചു. 2008 മുതല്‍ 2012 വരെ ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍, 2010- 2012-ല്‍ ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി വൈസ് ചെയര്‍മാന്‍, 2012 ൽ ഫൊക്കാന ചീഫ് ഇലക്ഷൻ കമ്മീഷണർ .  2012-14 ല്‍ ഫൊക്കാന ഫൗണ്ടേഷൻ ചെയർമാനും, 2012- 2016 ല്‍ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സ്ട്രാറ്റജി പ്ലാനിംഗ് കമ്മീഷന്‍, 2016 -18 ൽ ക്‌നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ ജോയിന്റ് സെക്രട്ടറിയും പിന്നീട് സെക്രട്ടറിയും , 2017 - 2019-ല്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ്, 2019- 2020 ഐ.ഒ.സി ട്രഷറര്‍,  2020-ല്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുഎസ്എയുടെ ദേശീയ സെക്രട്ടറി, 2021 മുതല്‍ അതേ സംഘടനയുടെ ദേശീയ ട്രഷറർ, ഫൊക്കാന(ഫെഡറേഷൻ ഓഫ് കേരള അസ്സോസിയേഷൻസ് ഓഫ് നോർത്ത് അമേരിക്ക ) യുടെ ദേശീയ പ്രസിഡന്റ് എന്നിങ്ങനെയാണ് എന്റെ പ്രവർത്തന സപര്യ എത്തിനിൽക്കുന്നത്.

ഫൊക്കാനയുടെ പ്രതാപകാലത്തും ഇടർച്ചയിലും ഒപ്പം നിന്നിരുന്നല്ലോ? എവിടെയാണ് പിഴവ് സംഭവിച്ചത്? താങ്കളുടെ നേതൃത്വത്തിൽ ഫൊക്കാനയിൽ പ്രധാനമായും എന്തുമാറ്റമാണ് പ്രതീക്ഷിക്കേണ്ടത്?

1983-ല്‍  ഫൊക്കാന രൂപീകൃതമാകുമ്പോൾ അതിന്റെ സ്ഥാപക പ്രസിഡന്റ്  ഡോ.എം. അനിരുദ്ധൻ ഉൾപ്പെടെയുള്ള  അന്നത്തെ നേതാക്കന്മാരുടെ  പ്രധാന ലക്ഷ്യം മലയാള ഭാഷയുടെ വളര്‍ച്ചയും വികസനവുമായിരുന്നു.  അമേരിക്കൻ മലയാളി  സംഘടനകളുടെ സംഘടനയായി  രൂപംകൊണ്ട ആദ്യ അസോസിയേഷൻ  എന്ന നിലയില്‍ ഫോക്കാന പ്രവാസിസമൂഹത്തിൽ വലിയൊരു സ്വാധീനശക്തിയാണ്. സംഘടനയുടെ പ്രവർത്തനങ്ങൾ പുതുതലമുറയിൽ  മാനവികത വളർത്തിയെടുക്കാനും ശ്രദ്ധേയമായ സംഭാവന നൽകിയിട്ടുണ്ട്. അന്നൊക്കെ, ഫൊക്കാനയുടെ പ്രസിഡന്റ് കേരളത്തിൽ വന്നിറങ്ങുമ്പോൾ അമേരിക്കൻ-മലയാളികളുടെ ഒരു അംബാസഡർ എന്ന നിലയ്ക്കാണ് നോക്കിക്കണ്ടിരുന്നത്. ആ മഹാപ്രസ്ഥാനം ഒരു വടവൃക്ഷമായി വളരുന്നതിനിടയിലാണ് ആദ്യ പിളർപ്പിന് വേദനയോടെ സാക്ഷ്യം വഹിക്കുന്നത്. 2006 ൽ  ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ വച്ചു നടന്ന ഫൊക്കാനയുടെ കണ്‍വന്‍ഷന്‍ ചെയര്‍മാനായിരുന്നു ഞാൻ. കണ്‍വന്‍ഷന് തിരശീല വീഴാൻ  മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ്  തെരഞ്ഞെടുപ്പിലുണ്ടായ താളപ്പിഴകൾ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചകളും കേസുമൊക്കെയായി നീണ്ട 15  മാസങ്ങൾ  കടന്നുപോയി. 2007 ഒക്‌ടോബര്‍ മാസത്തില്‍ അവസാനത്തെ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഫൊക്കാന പിളരുകയും  ഫോമ എന്ന സംഘടന രൂപീകൃതമാവുകയും ചെയ്തു.

വ്യക്തികള്‍ക്കോ, മതങ്ങള്‍ക്കോ പ്രാതിനിധ്യം കൊടുക്കാതെ  മതേതര സംഘടനയായാണ്  ഫൊക്കാനയെ സ്ഥാപക നേതാക്കൾ വിഭാവനം ചെയ്തത്. ഭരണഘടനയും ആദര്‍ശങ്ങളും മുറുകെപ്പിടിച്ചുകൊണ്ട് മുന്നോട്ട് പോകുന്നതിനിടയിൽ ഇടയ്ക്ക് കാലിടറിയെങ്കിൽ പോലും പഴയകാല പ്രൗഢിയും പ്രതാപവും  വീണ്ടെടുക്കാൻ ഫൊക്കാനയ്ക്ക് സാധിച്ചു.
അഭിപ്രായവ്യത്യാസം മൂലം ഫൊക്കാനയുടെ ഭാരവാഹിത്വത്തിൽ  നിന്നൊരു നാലു വർഷം മാറിനിന്നപ്പോഴാണ് ക്നാനായ കത്തോലിക്ക  കോൺഗ്രസിൽ  സജീവമായത്. മാധവൻ നായർ നടത്തിയ മുപ്പത്തിയേഴാമത് കൺവൻഷനിൽ പങ്കെടുത്തുകൊണ്ട്   ഫൊക്കാനയിലേക്ക്     തിരിച്ചുവന്നത്.


സ്ഥാനമാനങ്ങൾക്കുള്ള വടംവലിക്കിടയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി  സംഘടനയുടെ ഉദ്ദേശശുദ്ധിയിൽ നിന്ന് ചിലർ വ്യതിചലിക്കുന്നതായി ബോധ്യപ്പെട്ടപ്പോൾ   ഞാനടക്കമുള്ളവർക്ക് അതുമായി മുന്നോട്ട് പോകാൻ കഴിയാതെ വന്നു. 2030 വരെ ആരൊക്കെ  ഏത് സ്ഥാനത്തിരിക്കണമെന്ന് തീരുമാനിച്ചുറപ്പിച്ച പ്രസ്ഥാനത്തിൽ വിശ്വാസമർപ്പിക്കുന്നതിൽ കഴമ്പില്ല. വിലപേശി ഫൊക്കാനയെ ഒരു വില്പനച്ചരക്കാക്കി മാറ്റുന്നതിനോടും യോജിപ്പില്ല.

കോവിഡ് മഹാമാരി മൂലം  2018- 2020 കാലയളവിൽ  ഭരണസമിതിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഭരണഘടന അനുസരിച്ച് ഫൊക്കാനയുടെ ജനറല്‍ബോഡി മീറ്റിംഗും  തെരഞ്ഞെടുപ്പും നേരിട്ട് മുഖാമുഖം വേണം നടത്താൻ. സൂം മീറ്റിംഗിലൂടെ വർച്വലായി നടത്തുന്നതിന് നിയമസാധുതയില്ല. ബോര്‍ഡ് ഓഫ് ഡയറക്ടര്‍ മീറ്റിംഗ്, നാഷണല്‍ കമ്മിറ്റി മീറ്റിംഗ്, ജനറല്‍ബോഡി മീറ്റിംഗ്, ഇവ മൂന്നും വിളിച്ചുകൂട്ടുവാന്‍ ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറിക്ക് മാത്രമേ അധികാരമുള്ളൂ എന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 5 ൽ സെക്ഷൻ 11 ലും ആർട്ടിക്കിൾ 6 ൽ സെക്ഷൻ 7 -നമ്പർ 4 ലും വ്യക്തമാക്കുന്നുണ്ട്.

നാഷണല്‍ കമ്മിറ്റി, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്, നിലവിലുള്ള ഫൊക്കാനയുടെ അംഗ സംഘടനകളുടെ പ്രസിഡന്റുമാരും  തലേവര്‍ഷത്തെ പ്രസിഡന്റുമാരും ഉള്‍പ്പെടുന്ന ബോഡിയും ചേർന്നതാണ്  ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ്. ഫൊക്കാന ഭരണഘടന പ്രകാരം, ബോർഡ് ഓഫ് ഡയറക്ടർമാരുടെ അധികാര പരിധി സെക്ഷൻ 7 എ നമ്പർ 3 ലും സെക്ഷൻ 8 നമ്പർ 1 ലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ബോഡിയാണ് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത്. അതും നേരിട്ട് കൂടിയിരുന്ന് വേണം. ഏതെങ്കിലും സാഹചര്യത്തില്‍ ബോർഡ് ഓഫ്  ഡയറക്ടര്‍സിന്  നേരിട്ട് കൂടാൻ സാധിക്കാതെ വന്നാല്‍ അതേ അധികാരം ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റിക്കുണ്ട്.  ഈ അധികാരം ഉപയോഗിച്ചാണ് ഫൊക്കാനയുടെ നാഷണല്‍ കമ്മിറ്റി കോവിഡ്   സാഹചര്യം കണക്കാക്കി  നിലവിലുള്ള ഭരണസമിതിയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയത്. 2021 ജൂലൈ 31 -നുള്ളില്‍ ജനറല്‍ബോഡിയും ഇലക്ഷനും നടത്താൻ  തീരുമാനിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നീട്ടിയത്. ഇതിന് ഘടകവിരുദ്ധമായി ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലെ 9 പേരില്‍ 5 പേര്‍ മാത്രം കൂടി നടത്തിയ ഒരു തട്ടിക്കൂട്ടലാണ് 2020 ഇലക്ഷന്‍ എന്ന പേരില്‍ അരങ്ങേറിയത്.

തങ്ങളെ പ്രകീർത്തിക്കുന്നവരെ  പ്രതിഷ്ഠിക്കാന്‍ കാണിച്ചുകൂട്ടിയ പരാക്രമത്തില്‍ നിരപരാധികളായ ഒരുകൂട്ടം ആളുകൾ  ക്രൂശിക്കപ്പെട്ടു എന്നുകൂടി ഇതുമായി ചേർത്തുവായിക്കണം. ഈ തെരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ട് ന്യൂയോര്‍ക്ക് കോടതി ഉത്തരവിട്ടു. ഇതിനെതിരായി അവർ വീണ്ടും മേരിലാന്‍ഡ് ഫെഡറല്‍ കോടതിയെ സമീപിച്ചു. നീണ്ട നാലുമാസങ്ങള്‍ക്കുശേഷം കോടതി ആ കേസ്  തള്ളിക്കളഞ്ഞു. കീഴ്കോടതിയില്‍ വീണ്ടും കേസ് ഫയല്‍ ചെയ്തതോടൊപ്പം നിലവിലുള്ള ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ ഓര്‍ഡര്‍ കിട്ടുന്നതിനും മറ്റ് എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കുന്നതിനുവേണ്ടിയുള്ള ശ്രമവും നടത്തി. ഏപ്രില്‍ 30-ന് ഇരുകൂട്ടരുടേയും വാദം കേട്ടതിനുശേഷം കോടതി ആ കേസും  തള്ളിക്കളഞ്ഞു.

ഏവർക്കും തുല്യ പങ്കാളിത്തമുണ്ടാകുന്നതിനും പരസ്പരം സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും നാടിന്റെ സംസ്‌കാരവും കലാസാംസ്‌കാരിക മൂല്യങ്ങളും സാഹിത്യാഭിരുചിയും നിലനിര്‍ത്താനുമുള്ള  പൊതുവേദിയായി ഫൊക്കാനയെ മാറ്റാനാണ് ഞങ്ങളുടെ ടീമിന്റെ ശ്രമം. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ  ആസൂത്രണം ചെയ്ത ഇരുപത്തിയഞ്ചോളം പദ്ധതികളുമായി സുഗമമായി  മുന്നോട്ടുപോകാൻ കഴിയുന്നതുകൊണ്ടുതന്നെ  സംഘടനയുടെ ആത്മവിശ്വാസം പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്.

അംഗബലം കുറഞ്ഞത് സംഘടനാപ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയുണ്ടോ?

2021 ജൂലൈ 31 ന് മുഖാമുഖം നടന്ന ജനറൽ ബോഡിയാണ് എന്നെ ഫൊക്കാന പ്രസിഡന്റായി തിരഞ്ഞെടുത്തത്. ജനറൽ സെക്രട്ടറി : വർഗീസ് പാലമലയിൽ, ട്രഷറർ : ഏബ്രഹാം കളത്തിൽ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് : സുജാ ജോസ്, വൈസ് പ്രസിഡന്റ് : എബ്രഹാം വർഗീസ് (ഷിബു വെണ്മണി), അസോസിയേറ്റഡ് സെക്രട്ടറി: ബാല വിനോദ്, അസോസിയേറ്റ്  ട്രഷറർ : അലക്സാണ്ടർ പൊടിമണ്ണിൽ, അഡീഷണൽ അസോസിയേറ്റ്  ട്രഷറർ : ജൂലി ബോബി ജേക്കബ്, വിമൻസ് ഫോറം ചെയർ: ഷീല ചേറു, ബോർഡ് ഓഫ് ട്രസ്റ്റി ചെയർ: അഡ്വ.വിനോദ് കെയാർക്കേ, സെക്രട്ടറി: ബോബി ജേക്കബ്, അഡ്വൈസറി ബോർഡ് ചെയർ: ജോസഫ് കുരിയപുരം, ഫൗണ്ടേഷൻ ചെയർ: ജോർജ് ഓലിക്കൽ എന്നിവരടങ്ങുന്ന 40 അംഗ കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്.

എണ്ണത്തിലല്ല, ഗുണത്തിലാണ് കാര്യമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മഹാഭാരതം മുതൽ പുരാണങ്ങൾ പരിശോധിച്ചാൽ തന്നെ ഇതിനുള്ള ദൃഷ്ടാന്തങ്ങൾ ഉണ്ടല്ലോ.  അംഗബലത്തെക്കുറിച്ച് പാണ്ഡവർ ആകുലപ്പെട്ടിരുന്നെങ്കിൽ കൗരവരെ നേരിടാൻ സാധിക്കുമായിരുന്നില്ല. എവിടെയും സത്യവും ധർമ്മവും വിജയിക്കണം. സംഘടനകൾ വളരുമ്പോൾ പിളരുന്നത് സ്വാഭാവികമായ ഒരു പ്രതിഭാസമാണ്. ഇതൊരു യുദ്ധമൊന്നുമല്ല. ഇവിടെ ശത്രുതയില്ല, മത്സരബുദ്ധിയുണ്ട്. അത് വ്യക്തികേന്ദ്രീകൃതമല്ല,  സംഘടനാപരമാണ്. ഫോമായുടെ പ്രസിഡന്റ് അനിയൻ ജോർജുമായി എനിക്ക് വളരെ അടുത്ത സ്നേഹബന്ധമുണ്ട്. കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ സംഘടന നടപ്പാക്കണമെന്ന വാശി ഓരോ അസോസിയേഷനും പ്രകടിപ്പിച്ചാൽ അത് മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കുകയെ ഉള്ളൂ. കൂടുതൽ പേർക്ക് അതിന്റെ ഗുണങ്ങൾ ഉണ്ടാകുകയും ചെയ്യും.

ഒളിഞ്ഞും മറഞ്ഞും കല്ലെറിയുന്നവർ ഉണ്ടാകാം. ഒരുകൂട്ടർ നമ്മളെ എതിരാളിയായി കണക്കാക്കുന്നുണ്ടെങ്കിൽ, നമ്മുടെ വളർച്ച അവരെ ഭയപ്പെടുത്തുന്നു എന്നാണ് അതിൽ നിന്ന് മനസ്സിലാക്കേണ്ടത്. മോശം പ്രചാരങ്ങളിലൂടെയും പാര പണിതും ആർക്കും ഒന്നും നേടാനോ മറ്റുള്ളവരെ തളർത്താനോ സാധിക്കില്ല. കാറ്റുവിതച്ചാൽ കൊടുങ്കാറ്റ് കൊയ്യും. ഉദ്ദേശശുദ്ധിയോടെ മുന്നോട്ടുപോയാൽ ദൈവം കൂടെക്കാണും.

സ്ത്രീകൾക്കും യുവാക്കൾക്കും കൂടുതൽ  പ്രാതിനിധ്യം നൽകുന്ന തീരുമാനത്തിന് പിന്നിൽ?

ഒരുപാട് പ്രതിസന്ധികൾ  നേരിട്ടുകൊണ്ടാണ് ഇവിടെ വരെയെത്തിയത്. വലിയ  അപകടങ്ങളിൽ നിന്നുപോലും  അത്ഭുതകരമായി രക്ഷപ്പെടുമ്പോഴൊക്കെ അതെന്റെ അമ്മയുടെ അനുഗ്രഹവും ഭാര്യയുടെ പ്രാർത്ഥനയും കൊണ്ടാണെന്നാണ് വിശ്വാസം. വ്യക്തിജീവിതത്തിലായാലും സംഘടനാപ്രവർത്തനങ്ങളിലായാലും സ്ത്രീകളുടെ ദീർഘവീക്ഷണവും അർപ്പണബോധവും പ്രശംസനീയമാണ്. ഫൊക്കാനയുടെ വിമൻസ് ഫോറം ചെയർപേഴ്സൺ ഷീല ചെറുവിന്റെ നേതൃത്വത്തിൽ വിവിധ സ്റ്റേറ്റുകളിൽ വിപുലപ്പെടുന്നത് സംഘടനയുടെ വളർച്ചയുടെ പടവുകളായാണ് ഞാൻ കാണുന്നത്.

ഒരേ താല്പര്യത്തോടെയും സ്വരച്ചേർച്ചയോടെയും കുറച്ചുപേർ ചേർന്നാൽ പോലും അത് വലിയ മാറ്റം കൊണ്ടുവരും. അഭിപ്രായവ്യത്യാസമുള്ള ഒരുപാടുപേർ ഒത്തുചേരുന്നതിനേക്കാൾ നല്ലതും അതായിരിക്കും.
ഏതൊരു പോരാട്ടവും ഉജ്ജ്വലവും സര്‍ഗാത്മകവുമായി നയിക്കാൻ  യുവാക്കൾ മുന്നോട്ടുവരേണ്ടതുണ്ട്. പുതിയ ആശയങ്ങൾ ഉരുത്തിരിയുന്നതിനും നടപ്പാക്കുന്നതിനും അത് ഗുണം ചെയ്യും. മുതിർന്നവരുടെ അനുഭവങ്ങളും യുവാക്കളുടെ ചടുലതയും ചേരുമ്പോഴാണ് സംഘടന കരുത്താർജ്ജിക്കുന്നത്. പ്രായ-ലിംഗ ഭേദമന്യേ ഏവരും മുന്നോട്ട് പോകണമെന്നാണ് സംഘടന  ലക്ഷ്യം വയ്ക്കുന്നത്.

സംഘടനയുടെ വരുംകാല പ്രവർത്തനങ്ങൾ?

ജന്മനാട്ടിലെയും അമേരിക്കയിലെയും പ്രശ്നങ്ങൾ ഒരേ പ്രാധാന്യത്തോടെ കണ്ട് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നുണ്ട്. കേരളത്തിലെ സാഹചര്യങ്ങൾ നേരിൽക്കണ്ട് വിലയിരുത്താൻ  സംഘടനയുടെ വൈസ് പ്രസിഡന്റ് ഷിബു വെണ്മണിയെ  കേരളത്തിലേക്ക് അയച്ചിരിക്കുകയാണ് . ഓൾഡേജ്‌  ഹോമുകളിൽ ഭക്ഷണവിതരണം, മെഡിക്കൽ ക്യാമ്പ് തുടങ്ങിയവ സംഘടിപ്പിച്ചു. ഭവനപദ്ധതികളുടെയും  നിരവധി ക്ഷേമപദ്ധതികളുടെയും പണിപ്പുരയിലാണ്. കൾച്ചറൽ ഫെസ്റ്റുകളും  കായിക മത്സരങ്ങളും സംഘടിപ്പിച്ചുകൊണ്ട് അംഗങ്ങളെ കൂടുതൽ സജീവമാക്കും.

അമേരിക്കൻ മലയാളികൾക്കായി  'ഗോഫണ്ട് മി' ഏകോപിപ്പിച്ച് പണം കണ്ടെത്തുന്നുണ്ട്. വിദ്യാർത്ഥികൾക്കുള്ള വിവിധ സ്കോളർഷിപ്പുകളും ഏർപ്പെടുത്തും. ബിസിനസ് സെമിനാറുകൾ നടത്താനും പദ്ധതിയുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളുടെ തുടക്കം എന്നോണം  ആദ്യ ഗഡു മീറ്റിംഗ് സംഘടിപ്പിച്ച്  ജനുവരി 9 ന് കൈമാറും.

അമേരിക്കൻ രാഷ്ട്രീയത്തിൽ നമ്മുടെ വരുംതലമുറയ്ക്ക് സാധ്യതയുടെ വലിയൊരു ലോകം തന്നെയുണ്ട്. അങ്ങനൊരു ദിശാബോധം അവർക്ക് പകർന്നുനൽകാൻ സംഘടന പ്രതിജ്ഞാബദ്ധമായിരിക്കും. ഇലക്ഷൻ എന്ന് കേൾക്കുമ്പോൾ വോട്ട് ചെയ്യാൻ പോലും താൽപ്പര്യം കാണിക്കാത്ത മലയാളികളുണ്ട്. ഓരോ വോട്ടും വിലപ്പെട്ടതാണെന്നും നമ്മളിൽപ്പെട്ടവർ മേയർ, സെനറ്റർ തുടങ്ങി താക്കോൽസ്ഥാനങ്ങളിൽ  വരെ എത്തിച്ചേരേണ്ടത് കമ്മ്യൂണിറ്റിയുടെ വളർച്ചയ്‌ക്കുകൂടി ഗുണകരമാണെന്നുമുള്ള സന്ദേശം എത്തിക്കും. മലയാളികളായ സ്ഥാനാർത്ഥികൾക്ക് സംഘടനയുടെ ഭാഗത്ത് നിന്ന് വോട്ട് തേടുന്നതിലും പ്രചാരണത്തിലും   എല്ലാവിധ പിന്തുണയും നൽകണമെന്നും തീരുമാനിച്ചിട്ടുണ്ട്.

കുടുംബത്തിൽ നിന്നുള്ള പിന്തുണ?

ഭാര്യ ലിസിയാണ് എന്റെ ഏറ്റവും വലിയ ശക്തി. സൗഹൃദങ്ങൾക്ക് വിലമതിക്കുന്ന ആളാണ് ഞാൻ. ഉച്ചഭക്ഷണത്തിന് മിക്കവാറും കൂടെ ആളുകൾ ഉണ്ടായിരിക്കും. എത്രപേർ വരുമെന്ന് സ്നേഹപൂർവ്വം ചോദിച്ച് അവർക്കുവേണ്ടി വിരുന്നൊരുക്കുമെന്നല്ലാതെ ഒരിക്കലും മുഖം മുഷിഞ്ഞ അനുഭവം ഉണ്ടായിട്ടില്ല. പൊതുപ്രവർത്തനങ്ങളിൽ സജീവമാകുന്നതിന് വീട്ടിൽ നിന്നുള്ള പിന്തുണ അത്യാവശ്യമാണ്. ഞങ്ങൾക്ക് രണ്ട് പെണ്മക്കളാണ്.മൂത്തയാൾ  ജാസ്മിൻ, മരുമകൻ :തോമസ്. അവർക്ക് രണ്ടുമക്കൾ -വാലന്റിനയും ആഞ്ചലീനയും. ഇളയമകൾ സോനു, മരുമകൻ: ജോയ്സ്മോൻ ലൂക്കോസ്. അവർക്ക് മൂന്നു മക്കൾ: അഞ്ജലി,  നോവ, ജോഡൻ. സംഘടനാപ്രവർത്തനങ്ങളിൽ മക്കളും മരുമക്കളും എല്ലാവിധ പിന്തുണയുമായി ഒപ്പമുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക