Image

ഒഐസിസിയെ വിദേശ രാജ്യത്തെ ഏറ്റവും വലിയ ചാരിറ്റി സംഘടനയാക്കി മാറ്റും : ഗ്ലോബല്‍ ചെയര്‍മാന്‍

Published on 06 January, 2022
ഒഐസിസിയെ വിദേശ രാജ്യത്തെ ഏറ്റവും വലിയ ചാരിറ്റി സംഘടനയാക്കി മാറ്റും : ഗ്ലോബല്‍ ചെയര്‍മാന്‍

തിരുവനന്തപുരം: ഒഐസിസി മെമ്പര്‍ഷിപ്പ് കാമ്പയിനുകളുടെയും പുനഃസംഘടനയുടെയും മുന്നോടിയായി ഒഐസിസി വിവിധരാജ്യങ്ങളില്‍ പുതിയ കണ്‍വീനര്‍മാരെയും ഭാരവാഹികളെയും നിയമിച്ചതായി കെപിസിസി തെരഞ്ഞെടുത്ത ഒഐസിസിയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു.

കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഒഐസിസി ഗ്ലോബല്‍കമ്മിറ്റി ചെയര്‍മാനായി കുമ്പളത്ത് ശങ്കരപ്പിള്ള ചുമതലയേറ്റതിന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ മിഡില്‍ ഈസ്റ്റിലുംപുതിയ ഭാരവാഹികളെ ഉള്‍പ്പെടുത്തി സംഘടനാ സംവിധാനം സജീവമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം നടത്തിയിട്ടുള്ളത്. ഒഐസിസിയുടെ മുന്‍ ചെയര്‍മാന്‍ സി.കെ. മേനോന്റെ കമ്മറ്റിയിലെ പ്രധാന ചുമതലക്കാരനായിരുന്ന കുമ്പളത്ത് ശങ്കരപിള്ള കഴിവുറ്റ സംഘാടകനും മികച്ച വാഗ്മിയും കോണ്‍ഗ്രസ്സിന്റെ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുന്നയാളുമാണെന്നുള്ളത് ഓഐസിസിയ്ക്ക് ഗുണകരമാകും.

കോവിഡ് മൂലം പ്രവാസലോകത്ത് മരിച്ചവരില്‍ ഏറെയും സാധാരണക്കാരും തൊഴിലാളികളുമാണ്. വലിയ ബാധ്യതയോടെയാണ് ഇവര്‍ പ്രവാസലോകത്തേക്ക് എത്തിയത് തന്നെ. കോവിഡ് കാലത്തുണ്ടായ പ്രതിസന്ധി ഇവരില്‍ പലരേയും സാമ്പത്തികമായി ദുരിതത്തിലാഴ്ത്തിയിരുന്നു. ഇവരുടെ മരണത്തോടെ ആ കുടുംബങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. സര്‍ക്കാരുകളുടെ ചില അനാവശ്യമാനദണ്ഡങ്ങളെ തുടര്‍ന്ന് ഇത്തരം സഹായങ്ങള്‍ക്ക് പുറത്തുനില്‍ക്കേണ്ടി വരുന്ന കുടുംബങ്ങളും ഏറെയാണെന്ന് അദ്ദേഹം വ്യക്തമാക്കി .

മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കണം. അവരുടെ മുന്നോട്ടുള്ള ജീവിതചെലവുകള്‍ക്കായി ചെറുകിട പദ്ധതികള്‍ തുടങ്ങുന്നതിന് പലിശരഹിത വായ്പ നല്‍കുക, കുട്ടികളുടെ പഠനചെലവ് ഏറ്റെടുക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. ഈ വിഷയങ്ങളിലെ അവ്യക്തത നീക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയതും അദ്ദേഹം വ്യക്തമാക്കി .

കേരളം വളരെയധികം പ്രതീക്ഷയോടെ മുന്നോട്ട് വച്ച ലോക കേരളസഭ അങ്ങേയറ്റം പരാജയമായിരുന്നുവെന്നും, അതിന് ചിലവാക്കിയ കോടികള്‍ നോര്‍ക്ക വഴി സാധാരണ പ്രവാസികളിലേക്ക് എത്തിച്ചിരുന്നുവെങ്കില്‍ അത് ഉപകാരപ്പെട്ടേനെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള മുഖ്യമന്ത്രിയുടെ ലോക കേരളസഭയെക്കുറിച്ചുള്ള ആശയങ്ങളും കാഴ്ചപ്പാടും വളരെയധികം നല്ലതാണെങ്കിലും പ്രവര്‍ത്തികമാക്കാന്‍ സാധിക്കാത്തത് മൂലം അത് കേവലം ഒരു പ്രഹസനം മാത്രമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരിച്ചു വരുന്ന പ്രവാസികളെ രാഷ്ട്രീയ പകപോക്കലിന് വിധേയമാക്കുന്നതിനെ കുറിച്ചും അദ്ദേഹം തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി.

വളരെയധികം അനുഭവസമ്പത്തും സാങ്കേതിക കഴിവുകളും ഉള്ള നിരവധി പ്രവാസികള്‍ കേരളത്തെ ഉപേക്ഷിച്ച് മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറുന്നത് ഇനിയും പുതിയ സുഗതന്മാര്‍ ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.പ്രവാസികള്‍ക്ക് വളക്കൂറുള്ള മണ്ണല്ല കേരളത്തില്‍ ഇപ്പോഴുള്ളതെന്നും അത് തന്റെ അനുഭവത്തില്‍ നിന്നാണ് പറയുന്നതെന്നും കുമ്പളത്ത് ശങ്കരപ്പിള്ള വ്യക്തമാക്കി.

പ്രവാസികള്‍ എല്ലാവരും സമ്പന്നരാണെന്നുള്ള മിഥ്യ ധാരണ തിരുത്തിക്കുറിക്കേണ്ട സമയമായെന്നും സര്‍ക്കാരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇത്തരമൊരു മുന്‍വിധി മാറ്റി അവര്‍ക്കും കേരളത്തില്‍ വ്യവസായമുന്നേറ്റം നടത്തുവാനുള്ള അവസരം നല്‍കണമെന്നും എങ്കില്‍ മാത്രമേ കേരളത്തില്‍ എല്ലാ പ്രവാസിക്കും തന്റെതായി വെന്നിക്കൊടി പാറിക്കാന്‍ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. കെ പി സി സി ഓഫീസില്‍ പോഷക സംഘടനയായ ഒ ഐ സി സി യ്ക്ക് മാത്രമായി ഒരു ഓഫീസ് തുറക്കാന്‍ അനുവദിച്ചതില്‍ ഇപ്പോഴത്തെ കെ പി സി സി
പ്രസിഡന്റ്‌റിനോടുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. കോണ്‍ഗ്രസിന്റെമറ്റൊരു പോഷകസംഘടനകള്‍ക്കും കെ.പി.സി.സി ആസ്ഥാനത്ത് ഓഫീസ് അനുവദിച്ചിട്ടില്ല. അത് ഒഐസിസിയ്ക്ക് പാര്‍ട്ടി നല്‍കിയ അംഗീകാരമാണ് എന്ന് ഗ്ലോബല്‍ പ്രസിഡന്റ് കുമ്പളത്ത് ശങ്കരപിള്ള പറഞ്ഞു.

കേരളത്തില്‍ രാഷ്ട്രീയപരമായും, വ്യവസായികമായും മൊത്തത്തിലുള്ള മാറ്റം പ്രവാസിക്ക് അനുകൂലമായിരിക്കുമെന്നും അത്തരമൊരു മാറ്റത്തിനായി പ്രതീക്ഷയര്‍പ്പിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഓ.ഐ.സി.സി മിഡില്‍ ഈസ്റ്റ് കണ്‍വീനര്‍മാരുടെ യോഗം ജനുവരി അവസാനത്തോടെ കെപിസിസി പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേരുവാന്‍ തീരുമാനിച്ചിട്ടുണ്ട് എന്നും ഗ്ലോബല്‍ പ്രസിഡന്റ് അറിയിച്ചു.

ജോസ് എം ജോര്‍ജ്

 

Join WhatsApp News
mera bharath mahan 2022-01-20 00:00:05
rashtreeyam vere, charity vere....athu enkilum aadyam padikkooo...OICC
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക