Image

അസ്തമയം (കഥ: അലക്സ് കോശി)

Published on 04 January, 2022
അസ്തമയം (കഥ: അലക്സ് കോശി)

ചുമ്മാ കാറെടുത്ത് ലോംങ് ഡ്രൈവ് ചെയ്യുക എന്നത് സജിയെന്ന തന്റെ  ഒരു സ്ഥിരം കലാപരിപാടിയായിരുന്നു.
യാതൊരു മുൻ വിധികളുമില്ലാത്ത യാത്ര....
അങ്ങനെയാണ് വൈകുന്നേരം ഒരു നാല് മണിയോടു കൂടി കന്യാകുമാരിയിലെത്തിയത്..
200 ൽ പരം കിലോമീറ്റർ 6 മണിക്കൂറിൽ കൂടുതൽ യാത്ര.
നേരെ മനോഹരമായ ഒരു ഇന്റർനാഷണൽ ഹോട്ടലിലേക്ക് കാറ് തിരിച്ചു ,
ചെക്ക് ഇൻ ചെയ്തു..
കടലിനോട് ചേർന്ന്,  കടലിന് അഭിമുഖമായ മനോഹരമായ ഹോട്ടൽ...
അതിന്റെ ഏത് ബാൽക്കണിയിൽ ഇരുന്നാലും സൂര്യാസ്തമനവും ഉദയവും നന്നായി കാണാം...

യാത്ര സുഖകരമായിരുന്നു , വലിയ ട്രാഫിക്ക് ഒന്നും കിട്ടിയില്ല.
അഷ്ടമുടിക്കായലിനെ മുറിച്ചുള്ള കൊല്ലം ബൈപാസ്സ് ഡ്രൈവ്  അതി മനോഹരമായിരുന്നു.
തിരുവനന്തപുരം സിറ്റിയിൽ കൂടിയുള്ള അരമണിക്കൂർ ഡ്രൈവ് മാത്രമാണ് സ്വല്പം  സ്ലോ ആയത്.
തിരുവനന്തപുരത്തിന്റെ പഴയ രാജകീയ പ്രൗഢിക്ക് ഇപ്പഴും അധികം മങ്ങലേറ്റിട്ടില്ല...

കടൽത്തീരത്ത് തന്നെ പോയി സൂര്യാസ്തമയം കാണാം.
താൻ കുളിച്ച് ഫ്രെഷ് ആയി ,
താഴെ റെസ്റ്റോറന്റിൽ പോയി മസാല ദോശയും ഫിൽറ്റർ കോഫിയും കഴിച്ചു..
നല്ല മൊരിഞ്ഞ ദോശ, മസാലയിൽ സ്വല്പം ബീറ്റ്റൂട്ടും ഇട്ടിട്ടുണ്ട് , ഒരു ഇൻഡ്യൻ കോഫീഹൗസ് സ്റ്റൈൽ, നല്ല ഫ്രെഷ് മൊരിഞ്ഞ ഉഴുന്ന വട, മൂന്ന് തരം ചമ്മന്തിയും സാമ്പാറും..
എല്ലാം കേമം, തക്കാളി ചട്ട്ണി അതി കേമം.
വായ്ക്കും വയറ്റിനുമൊരു സുഖം...

അഞ്ച് മിനിറ്റ് നടന്നാൽ കടൽത്തീരമായി.
ഇന്ന് അധികം തിരക്ക് ഇല്ല.
നല്ല തെളിഞ്ഞ അന്തരീക്ഷം.
കന്യാകുമാരിയിൽ പലപ്രാവശ്യം വന്നിട്ടുണ്ട്,
എന്തിനാണാവോ നമ്മൾ കന്യാകുമാരി തമിഴന് വെറുതേ വിട്ടു കൊടുത്തത്.
മൂന്ന് സമുദ്രങ്ങൾ ഒന്നിക്കുന്ന മനോഹരമായ കന്യാകുമാരി...
കന്യകയായ ദേവി,
പാർവ്വതി ....
തിരുവള്ളുവർ പ്രതിമ തലയുയർത്തി നില്ക്കുന്നു.
ശാന്തിയുടെ ,  സമാധാനത്തിന്റെ വിവേകാനന്ദ പാറ..
എന്തൊരു ആത്മചൈതന്യമാണ് അവിടെ പോയാൽ കിട്ടുന്നത്.

ഇപ്പോൾ മണിയഞ്ചര ,
സൂര്യൻ പതുക്കെ പതുക്കെ ഭൂമിയേ ചുംബിക്കാൻ താഴോട്ട് വരുന്നു ,
ശരിക്കും സൂര്യന്റെ കാമുകിയാണോ ഭൂമിദേവി,
വികാരതരളിതമായ യാത്ര പറച്ചിലാണ് ,
മുഖമാകെ ചുവന്ന് തുടുത്ത് അതിമനോഹരം, യാത്ര പറച്ചിലിലും എന്തൊരു തേജസ് ഈ അന്തസ്സുള്ള കാമുകന്....
പകൽ മുഴുവൻ കാമുകിക്ക് അവന്റെ സകല ഊർജ്ജവും പകർന്ന് കൊടുത്തിട്ടാണ് യാത്ര....
കാമുകി നിദ്രാവിഹീനയായി ഓർമ്മകളുടെ ചെറിയ ആലസ്യത്തിൽ അവന്റെ വരവിനായി കാത്തിരിക്കും, പ്രഭാതം വരെ....
പ്രഭാതം വിടരുമ്പോഴുള്ള അവളുടെ ഒരു നൈർമ്മല്യവും, കുളിർമ്മയും ,  സൗരഭ്യവും വർണ്ണനാധീതമാണ്..
ഉദയ സൂര്യനാണോ സൗന്ദര്യം കൂടുതൽ,  അതോ അസ്തമയ സൂര്യനോ?
താൻ  പലപ്പഴും ചിന്തിച്ചിട്ടുണ്ട്..

താനും ഒരു അസ്തമയത്തിന് ഒരുങ്ങുകയല്ലെ? നീണ്ട മൂപ്പത്തഞ്ച് വർഷത്തിന് ശേഷം .....
ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചിട്ട് അധിക നാളുകളായിട്ടില്ല...
വശ്യസുന്ദരമായ ഔദ്യോഗിക ജീവിതം,
മനോഹരമായ ഒരു ഔദ്യോഗിക പദവിയായിരുന്നു അത്..

വിദ്യാഭ്യാസം കഴിഞ്ഞ് ജോലിക്ക് വേണ്ടി നാട് വിടുമ്പോൾ പല പല മോഹന സ്വപ്നങ്ങളായിരുന്നു മനസ്സിൽ...
ഇൻഡ്യയുടെ കൊമേഴ്സ്യൽ ക്യാപിറ്റൽ സിറ്റിയിൽ ചെന്നയുടനേ തന്നെ അധികം മോശമല്ലാത്ത ഒരു പ്രൈവറ്റ് ഫേമിൽ ജോലി കിട്ടി...
ഒന്നര വർഷം കഴിഞ്ഞ് ആദ്യത്തേ അവധിയ്ക്ക് നാട്ടിൽ വന്നു...
അന്നൊക്കെ എല്ലാവരും തമ്മിൽ ഭയങ്കര സ്നേഹമാണ്, സ്വന്തക്കാരും , ബന്ധുക്കാരും , സൃഹൃത്തുക്കളും നാട്ടുകാരും ഒക്കെ തമ്മിൽ...
സ്നേഹത്തിന്റെ ചങ്ങല കൊണ്ട് എല്ലാവരും പരസ്പരം ബന്ധിതരായിരുന്നു..
പെട്ടെന്ന് പൊട്ടിച്ചെറിയാൻ വയ്യാത്തത്ര ശക്തമായിരുന്നു ആ ചങ്ങലയുടെ ബന്ധനം...
അവധിക്ക് ചെല്ലമ്പോൾ ബന്ധുവീട്ടുകളിലൊക്കെ കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും  പോകും , വന്നെന്ന് അറിയിക്കാനും , പിന്നെ തിരികെ പോകുമ്പോൾ , പോയിട്ട് വരട്ടെയെന്ന  യാത്ര പറയാനും....
തിരുവനന്തപുരത്തും പോകും..
കേശവദാസപുരം , പട്ടം, നാലാഞ്ചിറ, മണ്ണന്തല, കവടിയാർ, ശ്രീവരാഹം ഇവിടെയൊക്കെ ബന്ധുക്കളുണ്ട്..
പട്ടത്തു കൂടി നടന്ന് പോകുമ്പോഴാണ് ആ മനോഹാരമായ കെട്ടിടം കണ്ണിൽ പെട്ടത്...
ഇൻഡ്യയിലെ ഏറ്റവും വലിയ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ  ഡിവിഷണൽ ആഫീസിന്റെ കെട്ടിടമായിരുന്നു...
താൻ നിർന്നിമേഷനായി റോഡരികിൽ നിന്ന് ഏകദേശം അര മണിക്കൂറോളം ആ പ്രൗഢ ഗംഭീരമായ കെട്ടിടത്തിൽ തന്നെ നോക്കിക്കൊണ്ട് നിന്നു...
തികഞ്ഞ ഈശ്വരവിശ്വാസിയായ താൻ ദൈവത്തോടെ ഉള്ളുരുകി പ്രാർത്ഥിച്ചു...
എന്റെ ദൈവമേ എനിക്ക് ഈ സ്ഥാപനത്തിൽ ഒരു ജോലി കിട്ടണേ.. കിട്ടണേ... കിട്ടണേ...
പ്രാർത്ഥനയുടെ മൂർത്തന്യതയിൽ കണ്ണുനീർ ധാരധാരയായി തന്റെ കണ്ണുകളിൽ കൂടി ഒഴുകാൻ തുടങ്ങി...
അവധി കഴിഞ്ഞ് തിരികെ മഹാനഗരത്തിൽ എത്തി...
താൻ ലോക്കൽ ട്രെയിനിൽ VT station ൽ ഇറങ്ങി ക്രോസ് മൈതാനും മുറിച്ചു നടന്നാണ് തന്റെ ആഫീസ് നില്ക്കുന്ന ചർച്ച് ഗേറ്റിലെത്തുന്നത്...
15-20 മിനിറ്റത്തേ നടത്തം  ഉണ്ടായിരുന്നു...
ഇതിനിടെ താൻ പല പല ജോലിക്കു വേണ്ടിയുള്ള ടെസ്റ്റുകളെഴുതാൻ തുടങ്ങിയിരുന്നു...

ക്രോസ് മൈതാൻ എന്ന പേര്  വരാൻ കാരണം, ആ അതിവിശാലമായ മൈതാനത്തിന്റെ ഏറ്റവും വടക്കുവശത്തായി ഒരു കുരിശുണ്ടായിരുന്നു..
വളരെ പണ്ട് പോർച്ചുഗീസുകാർ സ്ഥാപിച്ചതാണ് ആ കൽക്കുരിശ്..
നാനാ മതസ്ഥർക്കും അതി ഭയങ്കരമായ വിശ്വാസമുണ്ടായിരുന്ന ഒരു കുരിശായിരുന്നു അത്..
വിശ്വാസികൾക്ക് അത്ഭുതങ്ങൾ കാട്ടി കൊടുക്കുന്ന കുരിശ്...
താനും ദിവസവും വൈകിട്ട് തിരികെ VT station ലേക്ക് നടന്ന് പോകുമ്പോൾ cross ന്റെവിടെ പോയി പ്രാർത്ഥിക്കുമായിരുന്നു...
ഒരൊറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു..
ആ പൊതുമേഖലാ സ്ഥാപനത്തിൽ ഒരു ജോലി കിട്ടണം,  ഹെന്റെ ദൈവമേ!

നാല് പൊതുമേഖലാ സ്ഥാപന ങ്ങളിലേക്കുള്ള interview card ഏകദേശം അടുപ്പിച്ചടുപ്പിച്ചാണ് വന്നത്...
താൻ തിരെഞ്ഞെടുത്തത്, താൻ കണ്ണുനീരോടെ ക്രോസ് മൈതാനിയിലെ ക്രോസിൽ പോയി പ്രാർത്ഥിച്ചിരുന്ന ആ സ്ഥാപനത്തിലെ ജോലിയാണ് ..
ജീവിതം തന്നെ വേറൊരു ലെവലിലായി...

ജീവിതത്തിന്റെ ഓരോ പടികളും സർവ്വേശ്വരൻ വലിയ കുഴപ്പങ്ങളില്ലാതെ നടത്തിക്കൊണ്ടു പോന്നു..
വിവാഹം, മക്കൾ, അവരുടെ വിദ്യാഭ്യാസം, അവരുടെ വിവാഹങ്ങൾ ....
സ്വന്തമായി ഒരു ഭവനം....
ഇതെല്ലാം സംഭവിച്ചത്  അങ്ങുതങ്ങളിൽക്കൂടി മാത്രമായിരുന്നു...
ഇതെല്ലാം എങ്ങനെ നടന്നു പോയെന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ അതിശയം തോന്നുന്നു,
ഒരെത്തും പിടിയും കിട്ടുന്നില്ല ,
എല്ലാം സർവ്വശക്തന്റെ മഹാകരുണ......
കാറ്റും കോളും പേമാരിയും വെള്ളപ്പൊക്കവുമൊക്കെ പലപ്പോഴും വന്നിട്ടുണ്ട്,
ആറ്റുവഞ്ചി പല കാരണങ്ങളാലും പലപ്പോഴും ആടി ഉലഞ്ഞിട്ടുണ്ട്..
അപ്പോഴെല്ലാം ശരണം ആ ക്രോസ് ആയിരുന്നു..
അതിന്റെ അഭൗമികമായ ശക്തിയായിരുന്നു..

സൂര്യ ഭഗവാൻ കടലിലേക്ക് താഴ്ന്നിറങ്ങുന്നു, എന്ത് ഭംഗിയാണതിന്...
അതിമനോഹരം!!!
ഇളം തെന്നൽ വീശുന്നു...സന്ധ്യയാകുന്നു..
ഇരുട്ട് പരക്കുന്നു.കുറേ നേരം അവിടെ വെറുതേ അലസമായി ഇരുന്നു...
ശരീരത്തിനും മനസ്സിനും നല്ല ഉന്മേഷം കിട്ടുന്നുണ്ട്...
ഒരു തമ്പി നല്ല ചൂട് മസാല കപ്പലണ്ടി കൊണ്ടുവന്നു...
നല്ല മസാല കപ്പലണ്ടി ...
അത് തീർന്നപ്പോൾ ഹോട്ടലിലേക്ക് തിരികെ നടന്നു...

പ്രത്യേകിച്ച് അല്ലലൊന്നുമില്ലാത്ത ജീവിതസായാഹ്നം..
സുഖമായി ജീവിക്കാനുള്ള പെൻഷൻ തന്റെ അന്നദാതാവ് കൃത്യം ഒന്നാം തിയതി തന്നെ  അക്കൗണ്ടിൽ ക്രെഡിറ്റ് ആക്കുന്നുണ്ട്...
സ്വതന്ത്രമായി ചെയ്യാവുന്ന,  ഇച്ചിരി ജോർജ്കുട്ടി തടയുന്ന, വേറെയും ചില അസ്സയിൻമെന്റുകളൊക്കെ
അവർ തന്നിട്ടുണ്ട്...
നന്ദിയുണ്ട് അന്നദാദാവേ, പെരുത്ത് നന്ദി...
റും ബോയ് വന്ന് ചോദിക്കുന്നു , എന്തെങ്കിലും വേണോയെന്ന്....
പ്രത്യേകിച്ച് ഒന്നും വേണ്ടാ, ഒരു ഫിൽട്ടർ കോഫി മധുരമിടാതെ നല്ല ചൂടോടെ ഉടനേ തന്നെ വേണം...
9 മണിക്ക് ഡിന്നർ റൂമിൽ സേർവ് ചെയ്യണം , മെനു പറഞ്ഞു കൊടുത്തു...
ശരി സർ എന്ന് പറഞ്ഞ് അവൻ തിരികെ പോയി..
ബാത്ത് റൂമിൽ പോയി ഒന്ന് ഫ്രെഷ് ആയി...
പൗഡറുമൊക്കെ ഇട്ട്,  ബോഡി സ്പ്രേയുമൊക്കെ അടിച്ച് ഉള്ള തലമുടിയൊക്കെ ഒന്ന് ഒതുക്കി സുന്ദരകുട്ടപ്പനായി ....
എവിടെയായിരുന്നാലും ദിവസവുമുള്ള സന്ധ്യാ പ്രാർത്ഥനമുടക്കാനൊക്കില്ല .....സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, തന്ന സകല നന്മകൾക്കും കൃപകൾക്കും , കഷ്ടതകൾക്കും  സ്തുതി..
ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നില്ല , എന്നാൽ അന്ത്യം വരെയും ആരോഗ്യം തരണമേ, മന:സ്സമാധാനവും സന്തോഷവും തരണമേ,
നല്ല ചിന്തകൾ മാത്രം തരണമേ,
നല്ല കാര്യങ്ങൾ ചെയ്യാനുള്ള മനസ്സും സാമ്പത്തികവും അവസരങ്ങളും തരണമേ....
സർവ്വ മഹത്ത്വവും നിനക്കുള്ളതാകുന്നു....

ബാൽക്കണിയിൽ ഈസി ചെയറുണ്ട്, ഇരുന്നു...
ചെറിയ നിലാവ് ഉണ്ട്,കടലുകാണാം ,ഇരമ്പം കേൾക്കുന്നു ,ചെറിയ കാറ്റ് വീശുന്നു...നാളെ രാവിലെ എഴുന്നേറ്റ് സൂര്യോദയം കാണണം ...
ഇതിന് മുൻപും കന്യാകുമാരിയിലെ സൂര്യോദയം കണ്ടിട്ടുണ്ട്, അതി മനോഹരമാണ്...ഡോർ ബെല്ലടിക്കുന്നു ,റും ബോയ് ആണ്...ഭക്ഷണം കൊണ്ടുവന്നതാണ്...ഭക്ഷണം കഴിച്ചു...മണി ഒൻപതര,ഉറങ്ങിക്കളയാം...
സുന്ദരമായ ബെഡ് ഷീറ്റ്...തൂവെള്ള പില്ലോകൾ....

എന്തുകൊണ്ടോ ഈ വാക്യം മനസ്സിൽ കൂടെ കടന്ന് പോയി...
മാതാ പിതാ ഗുരു ദൈവം ....തീർച്ചയായും എല്ലാവരേയും ഓർക്കണം , മനസ്സിൽ നമിക്കണം,നമിച്ചു...
എന്നാൽ താൻ ശരിക്കും നമിച്ചത് തനിക്ക് അന്നം തന്ന ആ മഹത്തായ സ്ഥാപനത്തേയും,  ആ ക്രോസ് മൈതാനിയിലെ ക്രോസിനേയുമാണ്....

കണ്ണുകളടയുന്നു...തൂക്കം വന്താഞ്ച്.....
സുന്ദരമായ ഒരു ജീവിത അസ്തമയം അയാൾ സ്വപ്നം കാണുകയാണോ?

അസ്തമയം (കഥ: അലക്സ് കോശി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക