Image

ഡോ. ജേക്കബ് തോമസ്: ഫോമായുടെ ഭാവി ഈ കൈകളിൽ ഭദ്രം  

Published on 02 January, 2022
ഡോ. ജേക്കബ് തോമസ്: ഫോമായുടെ ഭാവി ഈ കൈകളിൽ ഭദ്രം  

ഫോമയില്‍ മാന്യമായ ഒരു മത്സരത്തിന് അരങ്ങൊരുങ്ങുകയാണ്. ഡോ. ജേക്കബ് തോമസിന്റേയും, ജയിംസ് ഇല്ലിക്കലിന്റേയും നേതൃത്വത്തില്‍ രണ്ടു പാനലുകള്‍. ഇതിലെ നല്ല കാര്യം ജയിച്ചാലും തോറ്റാലും സംഘടനയും സൗഹൃദങ്ങളുമാണ് പ്രധാനമെന്ന് വിശ്വസിക്കുന്നവരാണ് ഇരുവരുമെന്നതാണ്. രണ്ട് പേരും അമേരിക്കയിലെത്തുന്നത് 1984-ൽ. പ്രകടന പത്രികയിലും  സമാനത.

'മാരത്തോണില്‍ ഒരാളെ ജയിക്കാറുള്ളല്ലോ. ജയിച്ചാലും തോറ്റാലും സംഘടനാ പ്രവര്‍ത്തനം തുടരും. - ഡോ. ജേക്കബ് തോമസ് നയം വ്യക്തമാക്കുന്നു. ഒരാളുമായും പിണങ്ങാനോ, മുഖം കറുത്ത് സംസാരിക്കാനോ ആഗ്രഹിക്കുന്നില്ല.

എന്‍വയണ്‍മെന്റല്‍ സയന്സിൽ  പി.എച്ച്.ഡി ഉള്ള അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ഡോ. ജേക്കബ് തോമസ്. കാനഡയിലെ ഗ്വല്‍പ്  യൂണിവേഴ്‌സിറ്റിയില്‍ ഗ്ലോബല്‍ വാമിംഗിനെപ്പറ്റി മറ്റൊരു പിഎച്ച്ഡി ചെയ്യാന്‍ തയാറെടുപ്പിലാണ്. ഗസ്റ്റ് പ്രൊഫസറായി വല്ലപ്പോഴും ഒരു ക്ലാസ് എടുക്കുന്നതൊഴിച്ചാല്‍ സമയം ധാരാളം. ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് അതോറിറ്റിയില്‍ നിന്ന് വിരമിച്ചിട്ട് ഏതാനും വര്‍ഷമായി. നേരത്തെ നാലു വര്‍ഷം യു.എസ് നേവിയില്‍ പ്രവര്‍ത്തിച്ച കാലം കൂടി സര്‍വീസില്‍ കൂട്ടിയപ്പോള്‍ 30 വര്‍ഷം തികഞ്ഞു. അതിനാല്‍ നേരത്തെ റിട്ടയര്‍ ചെയ്തു. കൂടെയുള്ള പലരും ഇപ്പോഴും ജോലി ചെയ്യുന്നു.

സംഘടനാ പ്രവര്‍ത്തനത്തിനും വ്യക്തിപരമായ കാര്യങ്ങള്‍ക്കുമൊക്കെ സമയം കണ്ടെത്താനായിരുന്നു നേരത്തെ വിരമിച്ചത്.

കഴിഞ്ഞ ദിവസം ജേക്കബിന്റെ വീടിന്റെ മുന്നിലെ റോഡ് സൈഡില്‍ ഒരു അണ്ണാന്‍ കാലൊടിഞ്ഞ് അവശനായി കിടന്നു. അതുകണ്ട് അതിന് വെള്ളവും തീറ്റയും കൊണ്ടുപോയി കൊടുത്തു. ഏതാനും മണിക്കൂര്‍ കഴിഞ്ഞ് ഒരു അമേരിക്കക്കാരി അതിനെ എടുക്കാന്‍ ചെന്നപ്പോള്‍ അത് കുതറി മാറി. അതിനു ജീവന്‍ വച്ചിരിക്കുന്നു. ജേക്കബ് അതിനെ ശുശ്രൂഷിക്കുന്നതില്‍ അവര്‍ക്കും സന്തോഷം. ഏതാനും മണിക്കൂര്‍ കഴിഞ്ഞ് അണ്ണാന്‍ മരംകയറി...

ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുന്ന ചെറിയ മനുഷ്യനാണ്  താനെന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ജേക്കബ് പറഞ്ഞു.

പത്തനാപുരത്തെ ഗാന്ധിഭവനില്‍ പ്രായമുള്ളവരെ പാര്‍പ്പിച്ചിരിക്കുന്നതു കണ്ടപ്പോള്‍ അതിശയം തോന്നി. ഇത്രയും വെടിപ്പും, ഉയര്‍ന്ന നിലവാരവും അമ്പരിപ്പിക്കുന്നതായിരുന്നു. അതില്‍ നിന്ന് ആവേശംകൊണ്ട് കൊല്ലത്ത് അതേ മോഡലില്‍ ഒരു സ്ഥാപനം സ്വന്തമായി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. പത്ത് പുരുഷന്മാര്‍ക്കും പത്ത് സ്ത്രീകള്‍ക്കും താമസിക്കാനുള്ള ചെറിയ സംവിധാനം. അതിനു പബ്ലിസിറ്റിയോ അംഗീകാരമോ വേണ്ട. മയ്യനാട് സ്പോർട്ട്സ് ക്ലബിന്റെ രണ്ടാം നില പണിതു കൊടുത്തു. അവിടെ ലൈബ്രറിക്കു പുസ്തകങ്ങളും വാങ്ങുന്നു

ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്ന ജേക്കബ് അമേരിക്കയില്‍ വന്ന കാലം മുതല്‍ സംഘടനകളില്‍ പ്രവര്‍ത്തിച്ച പാരമ്പര്യമുണ്ട്.

പാനല്‍ സംവിധാനത്തോട് പലര്‍ക്കും ആശങ്കയുണ്ടെങ്കിലും അതില്‍ തെറ്റില്ലെന്നാണ് ജേക്കബിന്റെ പക്ഷം. പാനലില്ലെന്നു പറയുമ്പോഴും ഒളിച്ചും പാത്തും പാനലായിട്ട് പ്രവര്‍ത്തിക്കുന്നതാണ് കാണുന്നത്. അതിലും എത്രയോ നല്ലതാണ് പാനല്‍ പ്രഖ്യാപിച്ച് മത്സരിക്കുന്നത്. ഒരേ ചിന്താഗതിക്കാര്‍ ഒരുമിച്ച് മത്സരിക്കുന്നത് നല്ലതാണ്.

ഇനി, എതിര്‍ പാനലിലുള്ളവര്‍ ജയിച്ചുവന്നാല്‍ അവരുമൊത്ത് പ്രവര്‍ത്തിക്കാനും ഒരു വിഷമവും ഉണ്ടാവില്ല. എല്ലാവരും ഫോമക്കാരാണല്ലോ.  ആരുമായും വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നുമില്ല. ജയിംസ് ഇല്ലിക്കല്‍ മുമ്പ് പ്രസിഡന്റായി മത്സരിച്ചപ്പോള്‍ താൻ പിന്തുണച്ചിട്ടുള്ളതാണ്.

പള്ളിയും ക്ഷേത്രവും മാത്രമായാല്‍ നമ്മുടെ ലോകം ചുരുങ്ങിപ്പോകുമെന്ന് ജേക്കബ് ചൂണ്ടിക്കാട്ടുന്നു. സംഘടനയില്‍ ആകുമ്പോൾ പല വിഭാഗക്കാര്‍ വരുന്നു. അമേരിക്ക മൊത്തമുള്ള ആളുകളുമായി ബന്ധപ്പെടാനാകുന്നു. പള്ളിയിലോ ക്ഷേത്രത്തിലോ അത് പറ്റില്ല. ഇതൊക്കെ സെക്കുലർ സംഘടനകളുടെ പ്രാധാന്യമാണ് ചൂണ്ടിക്കാട്ടുന്നത്.

ഫോമ അനുദിനം വളരുന്ന സംഘടനയാണ്. 30 അസോസിയേഷനുകളുമായി തുടങ്ങി ഇപ്പോള്‍ 75 അസോസിയേഷനുകളായി. മലയാളി സമൂഹത്തിന്റെ തുടിപ്പ് ഈ സംഘടനയിലുണ്ട്. അതു കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് തന്റെ ഭാഗത്തുനിന്നുണ്ടാകുക. ഇപ്പോഴുള്ള എല്ലാ നല്ല കാര്യങ്ങളും തുടരും.

നമ്മുടെ ജന്മനാട്ടില്‍ പ്രളയം വന്നപ്പോഴും കോവിഡ് വന്നപ്പോഴും ഫോമ സഹായത്തിനു മുൻപന്തിയിലുണ്ടായിരുന്നു. അത് വേണ്ടത് തന്നെ. അതുപോലെ തന്നെ നമുക്ക് ഇവിടെയും ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഒരുപാട് മലയാളികള്‍ ഇവിടെയുമുണ്ട്. വീട് നന്നാക്കാതെ നാട് നന്നാക്കാനിറങ്ങാനാവില്ലല്ലോ.

വ്യക്തിപരമായി മുൻകാലങ്ങളിൽ സഹായം ചെയ്തിട്ടുള്ള പലരും ഇപ്പോള്‍ ഉന്നത നിലയില്‍ എത്തിയെന്നു കാണുമ്പോള്‍ സന്തോഷമുണ്ട്.

ഫോമ വനിതാഫോറം കേരളത്തിലെ 100 വിദ്യാര്‍ത്ഥികള്‍ക്ക് 1000 ഡോളര്‍ വീതം സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി തികച്ചും ശ്ശാഘനീയമാണ്. ഏപ്രിലില്‍ കൊല്ലത്ത് നടക്കുന്ന കേരള കണ്‍വന്‍ഷനില്‍ അത് നല്‍കുമെന്ന് കരുതുന്നു. കൺവൻഷന്റെ ചെയർ എന്ന നിലയിൽ മികച്ച പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അതിനു പുറമെ ഹൌസ്   ബോട്ടും ടൂറിസ്റ്റു ബസും ഒക്കെ ഒരുക്കിയിട്ടുമുണ്ട്.  ഏപ്രിൽ ആകുമ്പോഴേക്കും കോവിഡ് ഒതുങ്ങുമെന്ന് കരുതുന്നു.

പുതിയ തലമുറയില്‍ പലരും സംഘടനയുമായും മറ്റും ബന്ധമില്ലാതെ പോകുന്നതു കണ്ടിട്ടുണ്ട്. ചിലര്‍ കുറെ വര്‍ഷങ്ങള്‍ക്കുശേഷം ജോലിയിലും മറ്റും പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ തിരിച്ചുവരുന്നതും  കണ്ടിട്ടുണ്ട്. നമ്മെ തുണക്കാൻ നമ്മൾ തന്നെയാണുള്ളത് എന്ന് മറക്കരുത്.

യുവജനതയ്ക്ക് അഭികാമ്യമായ രീതിയില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ മാറണം. അതുപോലെ രാഷ്ട്രീയ രംഗത്ത് വിജയിച്ച ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ്, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ.പി ജോര്‍ജ് എന്നിവര്‍ക്കൊന്നും നമ്മുടെ സമൂഹം കാര്യമായ സപ്പോര്‍ട്ടൊന്നും ചെയ്തിട്ടില്ല. അവര്‍ സ്വന്തം കഴിവു കൊണ്ടാണ് സ്ഥാനങ്ങള്‍ നേടിയത്. അതിനാൽ ഭാവിയിൽ രാഷ്ട്രീയ രംഗത്തൊക്കെ വരാന്‍ താത്പര്യമുള്ളവരെ കണ്ടെത്തി അവരെ തുണയ്ക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

ഗ്രാന്‍ഡ് കാന്യന്‍ യൂണിവേഴ്‌സിറ്റിയുമായി ബിരുദ പഠനത്തിനുള്ള ബന്ധം കൂടുതല്‍ യൂണിവേഴ്‌സിറ്റികളുമായി  ഉണ്ടാക്കാന്‍ ശ്രമിക്കും. ജോ. സെക്രട്ടറി സ്ഥാനാര്‍ഥി ഡോ. ജയ്‌മോള്‍ ശ്രീധറാണ് ഈ നിര്‍ദേശം വച്ചത്.

പാനലിലെ ആരൊക്കെ ജയിച്ചാലും ഈ ആശയങ്ങളൊക്കെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും.  പാനലിലുള്ളവർ ഇവരാണ്:  സണ്ണി വള്ളിക്കളം, വൈസ് പ്രസിഡന്റ് (ചിക്കാഗോ, ഓജസ് ജോൺ, ജനറൽ സെക്രട്ടറി (സിയാറ്റിൽ), ബിജു തോണിക്കടവിൽ, ട്രഷറർ (ഫ്ലോറിഡ), ഡോ. ജയ്മോൾ ശ്രീധർ, ജോ. സെക്രട്ടറി (ഫിലാഡൽഫിയ), ജെയിംസ് ജോർജ്, ജോ. ട്രഷറർ (ന്യു ജേഴ്‌സി)

ന്യൂയോര്‍ക്കില്‍ ഒരു ലാന്‍ഡ് കണ്‍വന്‍ഷന്‍ എന്നത് എല്ലാവരുടേയും സ്വപ്നമാണ്. നേരത്തെ സ്റ്റാന്‍ലി കളത്തില്‍, ജോണ്‍ സി. വര്‍ഗീസ് (സലിം) എന്നിവര്‍ ന്യു യോർക്കിൽ നിന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിട്ടുണ്ടെങ്കിലും വിജയിച്ചില്ല. ഫ്‌ളോറിഡയിലാകട്ടെ പല കണ്‍വന്‍ഷനുകള്‍ നടന്നതാണ്.

വിജയിച്ചാല്‍ സിറ്റിയോട് തൊട്ടുള്ള ഏതെങ്കിലും ഹോട്ടലായിരിക്കും തെരഞ്ഞെടുക്കുക. വെസ്റ്റ് ചെസ്റ്ററിലോ, ലോംഗ് ഐലന്റിലോ ആയാല്‍ സിറ്റിയുടെ തിരക്ക് ഒഴിയും. സിറ്റി കയ്യെത്തും ദൂരത്തുമായിരിക്കും. ന്യു യോർക്ക് സിറ്റി കാണാനും സിറ്റി ജീവിതം ആസ്വദിക്കാനും ആഗ്രഹിക്കാത്തവർ ആരാണുള്ളത്.

ന്യൂയോര്‍ക്കില്‍ ഒരു കണ്‍വന്‍ഷന്‍ നടത്തേണ്ടുന്നതിന്റെ ആവശ്യകത  മെട്രോ - എമ്പയര്‍ റീജിയനിലെ എല്ലാ  അസോസിയേഷനുകളും വളരെ കാലമായിആഗ്രഹിക്കുന്ന  ഒന്നാണ് . റീജിയനിലെ  ഫോമാ പ്രവർത്തകരുടെ  അഭ്യർഥനപ്രകാരമാണ്   ഞാൻ  പ്രസിഡന്റ് ആയി  മത്സരത്തിനൊരുങ്ങുന്നത്.

ലോകത്തിലെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോര്‍ക്കിൽ  ഫോമയുടെ കൺവെൻഷൻ നടത്തണം എന്ന്  ഏറെകാലമായി  ന്യൂ യോർക്ക് നിവാസികളുടെ ഒരു ആഗ്രഹം ആണ് .  ഫോമയുടെ പല  കൺവെൻഷനുകളും  പല സിറ്റികളിലും നടത്തി എങ്കിലും  ആദ്യ കാലം മുതൽ    ഫോമയുടെ ശക്തി കേന്ദ്രമായ  ന്യൂ യോർക്കിൽ മാത്രം  ഒരു ഫോമാ കൺവെൻഷൻ നടന്നിട്ടില്ല .(ബേബി ഉരാളിൽ നടത്തിയ കൺവെൻഷൻ കപ്പലിൽ ആയിരുന്നു)  ന്യൂയോർക്കിൽ ഒരു കൺവെൻഷൻ എന്നത് ന്യൂ യോർക്കിലുള്ള ഫോമാക്കാരുടെ ഒരു സ്വപ്നമാണ് .  

ന്യൂ യോർക്കും  സമീപ   റീജിയനുകളും കുടി പ്രവർത്തിച്ചാൽ തന്നെ ആയിരകണക്കിന്  ആളുകളെ പങ്കെടുപ്പിച്ചുള്ള  ഒരു കൺവെൻഷൻ  നടത്തുവാൻ കഴിയും . ലോകത്തിന്റെ പല ഭാഗത്തുനിന്നും  പ്രവർത്തകർക്ക് വരുവാനും  അങ്ങനെ ഒരു ഇന്റർനാഷണൽ കൺവെൻഷൻ തന്നെ നടത്തുവാൻ നമുക്ക് കഴിയും.

അടുത്ത കാലത്ത് പ്രളയവും ഉരുള്‍പൊട്ടലുമുണ്ടായ കൂട്ടിക്കലിലും മറ്റും ഇപ്പോഴത്തെ ഭാരവാഹികള്‍ക്കൊപ്പം പോകുകയുണ്ടായി. 17 ദിവസത്തിനകം 27 പരിപാടികളാണ് നടത്തിയത്. മിക്കതിലും പങ്കെടുത്തു. നാടിന്റെ അവസ്ഥയും ദൈന്യതയും ഒരിക്കൽ കൂടി ബോധ്യമായി. അതിനാൽ നാടുമായുള്ള പൊക്കിൾകൊടി ബന്ധം ദൃഢതരമാക്കും. പക്ഷെ ഇവിടെയുള്ളവരെ മറന്നായിരിക്കില്ല അത്

ഇലക്ഷനില്‍ മത്സരിക്കുന്നതും, സാമൂഹ്യ പ്രവര്‍ത്തനത്തിലുമൊന്നും ഭാര്യയില്‍ നിന്നോ മക്കളില്‍ നിന്നോ ഒരു എതിര്‍പ്പുമില്ല. അവരുടെ പിന്തുണയുമുണ്ട്. ജോലിയോടൊപ്പം 18 വര്‍ഷം കേറ്ററിംഗും തങ്ങൾ  നടത്തിയിരുന്നു. എങ്ങനെയാണ്  ഇന്നത്തെ നിലയിലെത്തിയതെന്ന്   മക്കള്‍ക്കറിയാം. അപ്പനും അമ്മയും അടിച്ചുപൊളിച്ച്  ജീവിച്ച് വല്ലതും മിച്ചമുണ്ടെങ്കില്‍ മാത്രം വച്ചാല്‍ മതിയെന്നാണ് മക്കളുടെ പക്ഷം.

ഇവിടെ വന്നപ്പോള്‍ എയര്‍ഫോഴ്‌സില്‍ ചേരാനായിരുന്നു ആഗ്രഹം. പക്ഷെ 27 വയസു വരെയേ അവിടെ എടുക്കൂ. 28 വയസായതിനാല്‍ നേവിയില്‍ ചേരുകയായിരുന്നു. നാലു വര്‍ഷത്തെ സേവനത്തിനുശേഷം 1988-ല്‍ ടി.എ.യില്‍ ഉദ്യോഗസ്ഥനായി. സ്റ്റാന്‍ഫോര്‍ഡില്‍ നിന്നായിരുന്നു ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും മാസ്റ്റര്‍ ബിരുദവും.

മുഖ്യമന്ത്രി അടക്കം കേരളത്തിലെ രാഷ്ട്രീയ നേതാക്കളുമായി ഉറ്റബന്ധം പുലര്‍ത്തുന്ന ജേക്കബ് കൊല്ലത്ത് സ്വന്തമായി നടത്തുന്ന ഹോട്ടല്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഫോമയുടെ അവാര്‍ഡും ലഭിച്ചു. മുഖ്യമന്ത്രിയാണ് അത് സമ്മാനിച്ചത്.

ഫോമായുടെ രൂപീകരണത്തിലും  പ്രഥമ ഹ്യൂസ്റ്റണ്‍ കണ്‍വന്‍ഷനിലെ രജിസ്‌ട്രേഷന്‍ വൈസ് ചെയര്‍മാനായും  പ്രവർത്തിചു. 2012 ലെ ക്രൂസ് കണ്‍വന്‍ഷനിലെ പ്രയാസം നിറഞ്ഞ ട്രാന്‍സ്‌പോര്‍ട്ടേഷനോടൊപ്പം കാർഡ്‌സ് ആൻഡ് ഗെയിംസിന്റെ  ചെയര്‍പേഴ്‌സണ്‍ എന്ന നിലയിലും പ്രവർത്തിച്ചു. 2014-ലെ ഫിഡാല്‍ഫിലെ കണ്‍വന്‍ഷന്റെ സ്പോർട്സ് ആൻഡ് ഗെയിംസിന്റെ   ജനറല്‍ കണ്‍വീനർ, 2014 -16 മെട്രോ റീജിയന്റെ RVP.  2015-ല്‍ തിരുവനന്തപുരത്ത് വച്ച് ചരിത്രത്തിന്റെ ഭാഗമായ   കേരളാ  കണ്‍വന്‍ഷന്റെ ചെയര്‍മാനും  2017ലെ  കേരളാ കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനറുമായിരുന്നു.

ന്യൂയോര്‍ക്കിലെ ആദ്യകാല സംഘടനയായ കേരളസമാജം ഓഫ് ഗ്രേയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും, മലയാളി സമാജം, ഇന്ത്യന്‍കാത്തലിക് അസോസിയേഷന്‍ ഭാരവാഹിയായും ന്യൂയോര്‍ക്ക് മലയാളി ബോട്ട് ക്ലബ്ബ്, ന്യൂയോര്‍ക്കില്‍ വച്ച് നടത്തപ്പെട്ട 56 ചീട്ടുകളി മത്സരം, കര്‍ഷകശ്രീ എന്നീ പ്രസ്ഥാനങ്ങളുമായും  സഹകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു.

കേരളത്തിലെ നിര്‍ദ്ധനരായ കുട്ടികള്‍ക്ക് പഠനസഹായത്തിനായും, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഹെൽപ് ഫൗണ്ടേഷനുമായി പ്രവർത്തിക്കുകയും  അവരെ സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്നു.  കൊറോണ കാലത്ത് അമേരിക്കയില്‍  മെട്രോ ടാസ്ക് ഫോഴ്‌സിന്റെ  കോർഡിനേറ്റർ ആയി  ഫ്രണ്ട്ലൈൻ  വർക്കേഴ്സിന്  വേണ്ട സഹായങ്ങൾ നല്കുന്നതിലും മുന്നിൽ നിന്നു പ്രവർത്തിച്ചു . കേരളത്തിലും കൊറോണക്കാലത്ത് 50-ല്‍പരം കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കി.  

സമൂഹത്തിന്‌ നന്മകള്‍ ചെയ്യുമ്പോഴാണ്‌ നാം ജനസമ്മതരാകുന്നത്‌. ഒരു തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അടുത്ത രണ്ടുവര്‍ഷത്തേക്ക്‌ ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കണം, അങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കളുടെ കലാശ കൊട്ട്‌ അയിരിക്കണം കണ്‍വന്‍ഷന്‍ . സംഘടനകള്‍ നന്മ ചെയ്യുമ്പോള്‍ ജനങ്ങള്‍ സംഘടനകളെ തേടി വരും. 

Join WhatsApp News
അണ്ണാൻ 2022-01-10 16:57:52
ഹോ...ഈ അണ്ണാന്റെ ഒക്കെ ഒരു സമയം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക