Image

ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ രാജ്യവ്യാപകമാകുന്നു; കേന്ദ്രസര്‍ക്കാര്‍ മൗനം വെടിയണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Published on 07 December, 2021
ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ രാജ്യവ്യാപകമാകുന്നു; കേന്ദ്രസര്‍ക്കാര്‍ മൗനം വെടിയണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
ന്യൂഡല്‍ഹി:  രാജ്യത്തുടനീളം ക്രൈസ്തവര്‍ക്കും ക്രൈസ്തവ സഭാസ്ഥാപനങ്ങള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കയുളവാക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം വെടിഞ്ഞ് ഇടപെടല്‍ നടത്തണമെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
 
മധ്യപ്രദേശിലെ ഗഞ്ച്ബസോഡ സെന്റ് ജോസഫ്സ് സ്‌കൂളിനുനേരെയുണ്ടായ അക്രമം ആസൂത്രിതമായിരുന്നുവെന്ന് വ്യക്തമായിട്ടും നടപടികളില്ല. മതംമാറ്റനിരോധനത്തിന്റെ മറവില്‍ കര്‍ണ്ണാടകത്തിലെ വിവിധ കോണുകളില്‍ ക്രൈസ്തവര്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നു. ഗുജറാത്തിലും, ബീഹാറിലും, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പുതിയ വിദ്യാഭ്യാസ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. രാജ്യാന്തരതലങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരെ മതഭീകര പ്രസ്ഥാനങ്ങള്‍ അക്രമങ്ങള്‍ അഴിച്ചുവിടുമ്പോള്‍ ഇന്ത്യയിലും മറ്റൊരുരൂപത്തില്‍ ഇതാവര്‍ത്തിക്കുന്നത് ദുഃഖകരവും മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഭരണസംവിധാനത്തെ വികൃതമാക്കുന്നതുമാണ്. ഇന്ത്യയിലെ എല്ലാ മതവിഭാഗങ്ങള്‍ക്കും ഭരണഘടന വിഭാവനം ചെയ്യുന്ന സുരക്ഷിതത്വവും പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ ഉത്തരവാദിത്വമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീതിപൂര്‍വ്വമായ  ഇടപെടലുകള്‍ അടിയന്തരമാണന്നും ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് അവസാനം ഉണ്ടാകണമെന്നും വി സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
     

ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യന്‍
സെക്രട്ടറി, സി.ബി.സി.ഐ. ലെയ്റ്റി കൗണ്‍സില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക