Image

ഹൈ റിസ്‌ക് രാജ്യങ്ങളിൽനിന്നും കേരളത്തിൽ​ എത്തിയവരിൽ മൂന്നുപേർ കോവിഡ് പോസിറ്റീവ്

Published on 07 December, 2021
ഹൈ റിസ്‌ക് രാജ്യങ്ങളിൽനിന്നും കേരളത്തിൽ​ എത്തിയവരിൽ മൂന്നുപേർ കോവിഡ് പോസിറ്റീവ്
തിരുവനന്തപുരം: ഡിസംബർ ഒന്നിന് ശേഷം ഹൈ റിസ്‌ക് രാജ്യങ്ങളിൽനിന്നും കേരളത്തിൽ വന്നവരിൽ മൂന്ന് പേരുടെ സാമ്പിളുകളാണ് കോവിഡ് പോസിറ്റീവായതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഹൈ റിസ്‌ക് രാജ്യങ്ങളിൽനിന്നും വരുന്ന കോവിഡ് പോസിറ്റീവായവരുടെ സാമ്പിളുകൾ ജനിതകശ്രേണീകരണത്തിന് അയക്കുന്നുണ്ട്.

കേന്ദ്ര മാർഗനിർദേശങ്ങൾ പ്രകാരമുള്ള പരിശോധനയാണ് നടത്തുന്നത്. ആദ്യഘട്ടത്തിൽ കേന്ദ്ര മാർഗനിർദേശമനുസരിച്ചുള്ള ഹൈ റിസ്‌ക് രാജ്യങ്ങളിൽ റഷ്യ ഇല്ലാത്തത് കൊണ്ടാണ് അവിടെനിന്നും വന്ന ചിലരെ അന്ന് പരിശോധിക്കാതിരുന്നത്. എന്നാൽ, കേന്ദ്രത്തിന്‍റെ പുതിയ മാർഗനിർദേശത്തിൽ ഹൈ റിസ്‌ക് രാജ്യങ്ങളുടെ കൂട്ടത്തിൽ റഷ്യയുണ്ട്. ഇപ്പോൾ റഷ്യയിൽനിന്ന്​ വരുന്ന യാത്രക്കാരെയും പരിശോധിക്കുന്നതായി മന്ത്രി പറഞ്ഞു.

അട്ടപ്പാടി സന്ദർശനം ഫീൽഡ്തല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായിരുന്നു. അട്ടപ്പാടിയിലെ സന്ദർശനം സംബന്ധിച്ച് വിവാദത്തിന്‍റെ ആവശ്യമില്ല. തലേദിവസം തീരുമാനിച്ച ഒരു സന്ദർശനമായിരുന്നു അത്. അങ്കണവാടികൾ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം എങ്ങനെയാണെന്ന് ഊരുകളിൽ നേരിട്ടെത്തി കണ്ടും സംസാരിച്ചുമാണ് വിലയിരുത്തിയത്. ആരോഗ്യവകുപ്പിനും വനിതാ ശിശുവികസന വകുപ്പിനും ഒരുപോലെ ഉത്തരവാദിത്തമുള്ള മേഖലയാണതെന്നും മന്ത്രി വ്യക്തമാക്കി.

ഊരുകളിലെ ഗർഭിണികൾ, ആശ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ എന്നിവരുമായെല്ലാം സംസാരിച്ചു. വകുപ്പുകളുടെ പ്രവർത്തനം കൃത്യമായി അവലോകനം ചെയ്യേണ്ടതുണ്ട്. പിന്നീട് കോട്ടത്തറ ട്രൈബൽ ആശുപത്രിയും സന്ദർശിച്ചു. ആശുപത്രി സൂപ്രണ്ടിന്‍റെ രാഷ്ട്രീയ വാദങ്ങളോട് പ്രതികരിക്കാൻ താനുദ്ദേശിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക