Image

അബ്ദുൽ റഷീദ് മുസ്ല്യാർ: 14 വർഷമായി വാവര് നടയിലെ കാരണവർ

Published on 06 December, 2021
അബ്ദുൽ റഷീദ് മുസ്ല്യാർ: 14 വർഷമായി വാവര് നടയിലെ കാരണവർ
ജാതി മതങ്ങൾക്ക് അതീതമായി മനുഷ്യൻ ഒന്നാണെന്ന സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശമാണ് ശബരിമല സന്നിധാനത്ത് നാം കാണുന്നതെന്ന് വാവര്‌സ്വാമി നടയിലെ കാരണവർ വി.എസ്. അബ്ദുൾ റഷീദ് മുസ്‌ല്യാർ. ശബരിമലയിൽനിന്ന് ഒരുമിച്ചേ മടങ്ങൂ എന്ന് പരസ്പരം ഉറപ്പിച്ച് മുഖാമുഖം ഇരിക്കുന്ന സ്വാമി അയ്യപ്പന്റേയും അമീർ ഖാദി ബഹദൂർ വാവ വാവർ മുസ്ല്യാർ എന്ന വാവർ സ്വാമിയുടേതും സവിശേഷമായ സ്‌നേഹബന്ധമായിരുന്നു.  
ആഴത്തിൽ ചിന്തിച്ചാൽ എല്ലാ മതങ്ങളും ഒന്നാണ്. സ്‌നേഹത്തിന്റെ ഏറ്റവും വലിയ ഭാവങ്ങളാണ് മതങ്ങൾ. അതിലും വലിയ സ്‌നേഹത്തിന്റെ ഭാവങ്ങളാണ് ദൈവങ്ങൾ. മറ്റ് മതത്തെ പറ്റി, അതിന്റെ ആചാര മര്യദകളെ കുറിച്ച് ആഴത്തിൽ പഠിച്ച് മനസ്സിലാക്കി സംസാരിച്ചാൽ, ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാവില്ല-അദ്ദേഹം പറഞ്ഞു. ഭിഷഗ്വരനും മാന്ത്രികനുമായിരുന്ന വാവരുടെ എരുമേലി വായിപൂരിലെ വെട്ടിപ്ലാക്കൽ കുടുംബത്തിന്റെ കാരണവരാണ് ഇദ്ദേഹം. കഴിഞ്ഞ 14 വർഷമായി വാവർ നടയിൽ തീർഥാടകർക്ക് വാവരുടെ പ്രസാദവും അനുഗ്രഹവും നൽകുന്നു. അറുപതിലേറെ വർഷമായി അദ്ദേഹം സ്ഥിരമായി ശബരിമലയിൽ എത്തുന്നു.
 
വാവരുടെ പ്രസാദം കുരുമുളകും കൽക്കണ്ടവും ഏലയ്ക്കയും ജീരകവും ചുക്കും അരി വറുത്തുപൊടിച്ചതും ചേർത്ത ഔഷധമാണ്. ഭസ്മവും ജപിച്ച ഉറുക്കും വാവർ നടയിൽ നൽകുന്നു. തീർഥാടകർ കുരുമുളകും നവധാന്യങ്ങളും കൽക്കണ്ടവും കാണിക്കയായി ഇവിടെ അർപ്പിക്കുന്നു. എന്നെ കാണാൻ വരുന്നവർ വാവരെ കണ്ടിട്ടേ മടങ്ങാവൂ എന്ന അയ്യപ്പന്റെ നിർദേശമാണ് ഭക്തർ പാലിക്കുന്നത്. എരുമേലി വാവര് പള്ളിയിൽ ദർശനം നടത്തുന്നത് ശബരിമല തീർഥാടനത്തിന്റെ ഭാഗമാണ്.
എൻ. റിയാസ് മുസ്‌ല്യാർ, നൗഷദ മുസ്‌ല്യാർ, നാസിം മുസ്‌ല്യാർ എന്നിവരാണ് അബ്ദുൾ റഷീദ് മുസ്‌ല്യാരുടെ സഹായികളായി വാവര് നടയിലുള്ളത്.
 
ചിത്രം: ശബരിമല സന്നിധാനത്തെ വാവര് നടയിൽ കാരണവർ വി.എസ്. അബ്ദുൾ റഷീദ് മുസ്‌ല്യാർ തീർഥാടകർക്ക് പ്രസാദം നൽകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക