Image

എന്നിട്ടും (കവിത: മഞ്ജുള ശിവദാസ്)

Published on 06 December, 2021
എന്നിട്ടും (കവിത:  മഞ്ജുള ശിവദാസ്)
അഴലുകൾ മാത്രം ചുരന്ന കാലത്തിലൂ-
ടൊഴുകുമീ നൗകയാക്കരയണഞ്ഞീടുമോ?

കഷ്ടകാലച്ചുഴിയിലൊട്ടാകെ മുങ്ങാതെ-
കഷ്ടിച്ചൊഴുക്കിനൊത്തൊഴുകിടുമ്പോൾ,

വിരുന്നെത്തുമോരോ സ്മിതങ്ങളും, തല്ലി-
ക്കൊഴിച്ചൊന്നുമറിയാക്കുരുന്നിനെപ്പോൽ,

ഒരു ചിരിക്കാലത്തിനോർമ്മകൾ പോലുമീ-
വിധിയതിൻ വികൃതിയാൽ മായ്ച്ചിടുന്നോ?

കലഹിച്ചൊളിപ്പിച്ച കദനങ്ങളിൽ-
തനിച്ചെരിയണം, വിറകിന്റെ വിധിയതത്രേ.

സ്വപ്നങ്ങളില്ലാത്ത ജീവിത സ്പന്ദനം-
വ്യർത്ഥമെന്നറിയാതെയല്ല,

മിത്തിൽ കുടുങ്ങിക്കിടക്കും മനസ്സും-
മഹാമൗനഗർത്തത്തിലേയ്ക്കാഴ്ന്നിടുന്നു.

ചിക്കിച്ചികഞ്ഞെങ്ങു നോക്കിയാലും-
ഇരുളിൻ കറുപ്പേറിടുന്ന പോലെ.

കുത്തിയൊലിച്ചെത്തുമാശങ്കകൾ,അണ-
ച്ചോരോകിനാവിന്റെയോരത്തെ വെട്ടവും.

തപ്പിത്തടഞ്ഞുമിഴഞ്ഞും -
ദേഹിയടരും വരേയ്ക്കുള്ള യാത്ര,

ഒട്ടും നിനയ്ക്കാത്തിടങ്ങൾ താണ്ടി-
ഒട്ടൊരായാസത്തിലൊഴുകിടുമ്പോൾ,

ഒട്ടേറെ കണ്ടതും കൊണ്ടതുമായ് -
ഒട്ടിപ്പിടിച്ചിരുന്നോർമ്മകളിൽ.

പോരും വഴിയിലെ തീക്കനലും -
പൊള്ളലായ് ചിത്തത്തിൽ തങ്ങിയേയ്ക്കാം.

സ്മരണയിൽ കനലൊന്നെരിഞ്ഞിടുമ്പോൾ-
ഉയിരിടും വാക്കിൽനിന്നഗ്നി പാറാം,

ഓർത്തോർത്തതാളിപടർന്നിടുമ്പോൾ-
ഓർക്കാതെ സ്വയമതിൽ ചാമ്പലാകും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക