Image

അനുകൂല തീരുമാനം ഉണ്ടാവുന്നത് വരെ സമരം തുടരും: സംയുക്ത കിസാന്‍ മോര്‍ച്ച

Published on 04 December, 2021
അനുകൂല തീരുമാനം ഉണ്ടാവുന്നത് വരെ സമരം തുടരും: സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡല്‍ഹി: വിവാദ നിയമങ്ങള്‍ പിന്‍ വലിച്ചെങ്കിലും കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാവുന്നത് വരെ സമരം തുടരാന്‍ തീരുമാനം. കിസാന്‍ സംയുക്ത മോര്‍ച്ചയുടെ നേതൃത്വത്തില്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

കര്‍ഷകര്‍ക്കെതിരേ ചുമത്തിയ കേസുകള്‍ പിന്‍വലിക്കുക, മിനിമം താങ്ങുവില സംബന്ധിച്ച് നിയമപരമായ ഉറപ്പ് നല്‍കുക, കര്‍ഷക സമരത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നതുള്‍പ്പെടെ ആറ് ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കിസാന്‍ സംയുക്ത മോര്‍ച്ച കത്തയച്ചിരുന്നു. ഈ ആവശ്യങ്ങളില്‍ അനുകൂല തീരുമാനം എടുക്കുന്നതു വരെ ഉപരോധ സമരം തുടരാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

താങ്ങുവില സംബന്ധിച്ച് സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ക്കായി അഞ്ച് അംഗങ്ങളെ ഇന്നത്തെ യോഗം നിശ്ചയിച്ചു. ഡിസംബര്‍ ഏഴിന് വീണ്ടും യോഗം ചേരും. ഇന്നത്തെ യോഗതീരുമാനങ്ങള്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിക്കുമെന്നും കര്‍ഷക സംഘടന പ്രതിനിധികള്‍ അറിയിച്ചു. അതെ സമയം ഉപരോധ സമരം അവസാനിപ്പിച്ചാല്‍ താങ്ങുവില നിയമപരമാക്കുക, കര്‍ഷകര്‍ക്ക് എതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനാകില്ലെന്നാണ് അഭിപ്രായം . നവംബര്‍ 19-നാണ് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക