ഇന്ന് ഡിസംബര്‍ 4 തിരുവല്ലയില്‍ വെട്ടേറ്റ് മരിച്ച സിപിഎം ലോക്കല്‍ സെക്രട്ടറി സഖാവ് സന്ദീപീന്റെ 34-ാം ജന്‍ന്മദിനം. തന്റെ പ്രിയതമന് പിറന്നാള്‍ സമ്മാനം നല്കാന് സഖാവിന്റെ പ്രിയ സഖി സുനിത വാങ്ങി വച്ചത് ഒരു ചുവന്ന കുപ്പായമായിരുന്നു. സഖാവിന് അത്രമേല്‍ ഇഷ്ടമായിരുന്നു ചുവപ്പ്.
പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയവര്‍ കണ്ടത് താന്‍ പിറന്നാള്‍ സമ്മാനം നല്കാന് വാങ്ങിയ ചുവന്ന കുപ്പായം പ്രിയതമന്റെ നിശ്ചലമായ ശരീരത്തിന് മുകളില്‍ വച്ച് കരഞ്ഞ് തളര്‍ന്നിരിക്കുന്ന സുനിതയെയായിരുന്നു. അവിടെയെത്തിയവരുടെ നെഞ്ചില്‍ ഇന്നും നീറുന്ന നോവാണ് ആ കാഴ്ച.
രണ്ട് വയസ്സും രണ്ടരമാസവും പ്രായമുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ കൂടിയുണ്ട്. സന്ദീപിന്. മരണത്തിനു തൊട്ടു മുന്‍പു വരെ സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലായിരുന്നു സന്ദീപ്. കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനു ബന്ധുക്കള്‍ക്കൊപ്പം പെരിങ്ങര പൊലീസ് സ്റ്റേഷനിലായിരുന്നു വൈകിട്ട് ആറുവരെ.
തിരക്കുകള്‍ ഒതുക്കി സായാഹ്നങ്ങള്‍ ചെലവിടുന്ന ആഞ്ഞിലിപ്പറമ്പ് പാടത്തിനു നടുവിലെ കലുങ്കില്‍ പതിവു പോലെ എത്തിയപ്പോഴാണ് കൊലയാളികള്‍ സന്ദീപിനെ തേടിയെത്തിയത്. അവസാന നിമിഷങ്ങളില്‍ ഭര്‍ത്താവിനെ ഒന്ന് കാണാന്‍ പോലും കഴിയാതെ സുനിത, തന്റെ കുഞ്ഞുങ്ങളെ പൊതിഞ്ഞു പിടിച്ച് ഒരു സങ്കടക്കടലായി ചാത്തങ്കരിയിലെ വീട്ടിലുണ്ട്. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും കൊണ്ടാണ് സുനിതയുടെ ഇനിയുള്ള ജീവിത യാത്ര.