Image

ഒമിക്രോണ്‍ ന്യൂയോര്‍ക്കിലും എത്തി

Published on 03 December, 2021
ഒമിക്രോണ്‍ ന്യൂയോര്‍ക്കിലും എത്തി
ന്യൂയോര്‍ക്ക്: കോവിഡിന്റെ ആശങ്കാജനകമായ വകഭേദമെന്ന് ലോകാരോഗ്യസംഘടന വിശേഷിപ്പിച്ച ഒമിക്രോണിന്റെ സാന്നിധ്യം ന്യൂയോര്‍ക്കിലും കണ്ടെത്തി.ഇതുവരെ 5 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇതില്‍ ഒരാള്‍ വാക്‌സിന്‍ സ്വീകരിച്ച വ്യക്തിയാണെന്ന് വിവരം ലഭിച്ചതായും  ഗവര്‍ണര്‍ ഹോക്കലും മേയര്‍ ഡി ബ്ലാസിയോയും വ്യാഴാഴ്ച അറിയിച്ചു.ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ച ശേഷം അടുത്തിടെ  സഫോക്ക് കൗണ്ടിയില്‍ തിരിച്ചെത്തിയ  വാക്‌സിനേറ്റഡായ  67 കാരിയില്‍   ഒമിക്രോണ്‍ സ്ഥിരീകരിച്ചതായും  ഇവര്‍ക്ക് തലവേദന,ചുമ എന്നിങ്ങനെ  നേരിയ ലക്ഷണങ്ങള്‍ മാത്രമേ ഉള്ളുവെന്നും ഐസൊലേഷനില്‍ കഴിയുകയാണെന്നും ഹോക്കല്‍  വ്യക്തമാക്കി.
ക്വീന്‍സില്‍   രണ്ട് കേസുകളും ബ്രൂക്ലിനില്‍  ഒരു കേസും സ്ഥിരീകരിച്ചെങ്കിലും, തിടുക്കത്തില്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില്‍ നിന്ന് , രോഗബാധിതര്‍ വാക്‌സിന്‍ സ്വീകരിച്ചിരുന്നോ എന്നതടക്കമുള്ള വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.  
നിലവിലെ വാക്‌സിന്‍കൊണ്ട് പുതിയ വകഭേദത്തെ നേരിടാനാകുമോ എന്നതാണ് ആരോഗ്യവിദഗ്ധര്‍ക്ക് മുന്നിലെ കുഴപ്പിക്കുന്ന ചോദ്യം.
 
ഇതിനകം 30- ലധികം രാജ്യങ്ങളില്‍ ഒമിക്രോണ്‍ സാന്നിധ്യം അറിയിച്ചെങ്കിലും, ഭയപ്പെടാന്‍ ഒന്നുമില്ലെന്നാണ് ഗവര്‍ണര്‍ ഹോക്കല്‍ പറഞ്ഞത്.മറ്റു വകഭേദങ്ങള്‍ അപേക്ഷിച്ച് തീവ്രമായ രോഗാവസ്ഥയിലേക്ക് ഒമിക്രോണ്‍ നയിക്കുമെന്ന് തെളിഞ്ഞിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഒമിക്രോണ്‍  ജീവനുഭീഷണി ഉയര്‍ത്തുന്നില്ലെന്നും, നേരത്തെ കേസുകള്‍ കണ്ടെത്തിയത് വ്യാപനത്തെ ചെറുക്കാന്‍ സഹായിക്കുമെന്നും ഗവര്‍ണര്‍ ഉറപ്പ് നല്‍കി.ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമില്ലെന്നും വാക്‌സിനേഷന്‍ സ്വീകരിച്ചും കൃത്യമായി കോവിഡ് പരിശോധന നടത്തിയും ഇതിനെ മറികടക്കാനാകുമെന്നും ഹോക്കല്‍ അഭിപ്രായപ്പെട്ടു.
 
മേയര്‍ ഡി ബ്ലാസിയോ ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കി. കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് വേഗം നല്‍കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.
മന്‍ഹാട്ടനിലെ ജാവിറ്റ്‌സ് സെന്റര്‍  സന്ദര്‍ശിച്ച് തിരിച്ചെത്തിയ  മിനസോട്ട നിവാസിയിലും  ഒമിക്രോണ്‍   സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ജാവിറ്റ്‌സ് സെന്ററില്‍ പോയവരുണ്ടോ എന്ന് വ്യക്തമല്ല.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക