Image

ഡല്‍ഹി വായുമലിനീകരണം; കേന്ദ്രത്തിന് അന്ത്യശാസനം നല്‍കി സുപ്രീംകോടതി

Published on 02 December, 2021
ഡല്‍ഹി വായുമലിനീകരണം; കേന്ദ്രത്തിന് അന്ത്യശാസനം നല്‍കി സുപ്രീംകോടതി
ന്യൂഡല്‍ഹി; ഡല്‍ഹിയിലെ വായുമലിനീകരണത്തില്‍ കേന്ദ്ര സര്‍ക്കാറിന് അന്ത്യശാസനം നല്‍കി സുപ്രീംകോടതി. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കേന്ദ്രം നടപടി സ്വീകരിച്ചില്ലെങ്കില്‍ സുപ്രീംകോടതി നേരിട്ട് തീരുമാനമെടുക്കുമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. 

മലിനീകരണം രൂക്ഷമായ സാഹചര്യത്തിലും സ്‌കൂളുകള്‍ തുറന്ന ഡല്‍ഹി സര്‍ക്കാരിനെയും കോടതി അതിരൂക്ഷമായി വിമര്‍ശിച്ചു. പല തവണ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും മലിനീകരണം തടയാന്‍ നടപടികള്‍ സ്വീകരിക്കാത്തതിനാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ സുപ്രീംകോടതി ഇന്ന് രൂക്ഷമായിവിമര്‍ശിച്ചത്. 

മലിനീകരണ തോത് കുറയ്ക്കാനായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്ന് നിരീക്ഷിച്ച സുപ്രീംകോടതി സര്‍ക്കാരുകള്‍ നല്‍കിയ ഉറപ്പ് വാക്കില്‍ മാത്രം ഒതുങ്ങുന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. മലിനീകരണം രൂക്ഷമായി തുടരുമ്പോള്‍ എന്തിനാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചത് എന്ന് കോടതി ഡല്‍ഹി സര്‍ക്കാരിനോട് ചോദിച്ചു.

 മുതിര്‍ന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. എന്നിട്ട് കുട്ടികളെ പുറത്തിറക്കിയത് എന്തിനാണെന്നും ലോക്ഡൗണിന് തയ്യാറെന്ന് അറിയിച്ചിട്ട് ഇപ്പോള്‍ തീരുമാനം എന്തായി എന്നും കോടതി ചോദിച്ചു. ആയിരം സിഎന്‍ജി ബസുകള്‍ വാങ്ങുമെന്ന് പറഞ്ഞിട്ട് അതെവിടെ തുടങ്ങിയ ചോദ്യങ്ങള്‍ ഡല്‍ഹി സര്‍ക്കാരിനെതിരെ കോടതി ഉന്നയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക