Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 01 December, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)
പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊന്ന കേസുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തകരെക്കൂടി സിബിഐ അറസ്റ്റ് ചെയ്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരെയാണ് ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സുരേന്ദ്രന്‍ - അഥവാ വിഷ്ണു സുര, ശാസ്താ മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ്, രാജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ രാജു എന്നയാള്‍ കാസര്‍കോട് ഏച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറിയാണ്.
********************************
സൗദി അറേബ്യയില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്.  ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റി. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ ക്വാറന്റീന്‍ ചെയ്തിട്ടുണ്ട്. ഗള്‍ഫില്‍  ഇതാദ്യമായാണ് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നത്. പതിനാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് സൗദിയില്‍ എത്തിയതാവാം ഇദ്ദേഹം എന്നാണ് സൂചന.
*************************************
കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിക്ക്  ശിക്ഷാ ഇളവ്. 20 വര്‍ഷം തടവുശിക്ഷ 10 വര്‍ഷമാക്കി ഹൈക്കോടതി വെട്ടിക്കുറച്ചു. പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 20 വര്‍ഷം വീതം മുന്ന് വകുപ്പുകളിലായി 60 വര്‍ഷം തടവാണ് തലശേരി പോക്‌സോ കോടതി നേരത്തെ വിധിച്ചത്. ശിക്ഷ 20 വര്‍ഷമായി ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും ഉത്തരവിലുണ്ടായിരുന്നു.
****************************************
കണക്കുകളില്‍ പൊരുത്തക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂരിനും ആന്റോ ജോസഫിനും ആദായനികുതി വകുപ്പിന്റെ നോട്ടീസ്. നേരിട്ട് ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. ആന്റണി പെരുമ്പാവൂരിന്റെ ഉടസ്ഥതയിലുളള ആശീര്‍വാദ് ഫിലിംസ്, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ആന്റോ ജോസഫിന്റെ ആന്‍ മെഗാ മീഡിയ എന്നിവിടങ്ങളില്‍ കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നു. ഇവരുടെ ടിഡിഎസ് കണക്കുകളില്‍ വന്‍ തുകയുടെ വ്യത്യാസം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
****************************************
പന്ത്രണ്ട് പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുള്ള ബഹളത്തില്‍ രാജ്യസഭ നടപടികള്‍ ഇന്നും സ്തംഭിച്ചു. ഖേദം പ്രകിപ്പിച്ചാല്‍ തിരിച്ചെടുക്കാം എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രതിപക്ഷം തള്ളി. ഇതോടെ ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ സസ്‌പെന്‍ഷനിലായ എംപിമാര്‍ ധര്‍ണ്ണ നടത്തി.
**************************************
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടന്‍ ഡീകമ്മീഷന്‍ ചെയ്യാന്‍ തീരുമാനം ഉണ്ടാകണമെന്ന് ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ്  ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. അതിനെ എതിര്‍ത്ത്  തമിഴ് നാട്ടില്‍ നിന്നുള്ള അംഗങ്ങള്‍ എഴുന്നേറ്റത് ലോക്‌സഭയില്‍ അല്പനേരം ബഹളത്തിന് കാരണമായി.
************************************
രാജ്യത്ത് പതിവ് തെറ്റിക്കാതെ എണ്ണക്കമ്പനികള്‍. എല്ലാ മാസത്തേയും പോലെ ഈ മാസവും ഒന്നാം തിയതി തന്നെ പാചകവാതക വില വര്‍ദ്ധിപ്പിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയാണ് വര്‍ദ്ധിപ്പിച്ചത്. ഒരു സിലിണ്ടറിന് 101 രൂപയാണ് കൊച്ചിയിലെ വര്‍ദ്ധനവ് . ഇതോടെ കൊച്ചിയില്‍ വില 2095 രൂപയായി 
**************************************
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ്.കെ.മാണി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 11 നായിരുന്നു സത്യപ്രതിജ്ഞ. 11 മണിക്ക് സഭയില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
2024 വരെയാണ് കാലാവധി. 
***************************
തൃക്കാക്കര നഗരസഭയില്‍ ഇന്നലെ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട് രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്റ്റിലായി. ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നും ഓരോരുത്തരാണ് അറസ്റ്റിലായിരിക്കുന്നത്. സിപിഐയുടെ നേതാവും 
മുന്‍സിപ്പാലിറ്റിയിലെ പ്രതിപക്ഷ ഉപനേതാവുമായ എംജെ ഡിക്സണ്‍, കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി.സി. വിജു എന്നിവരാണ് അറസ്റ്റിലായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക