Image

സ്വകാര്യ വ്യക്തികളുടെ ഫോട്ടോയും വീഡിയോയും അനുമതിയില്ലാതെ ട്വീറ്റ് ചെയ്യുന്നതിന് വിലക്ക്

Published on 01 December, 2021
സ്വകാര്യ വ്യക്തികളുടെ ഫോട്ടോയും  വീഡിയോയും  അനുമതിയില്ലാതെ ട്വീറ്റ് ചെയ്യുന്നതിന് വിലക്ക്
ന്യൂദല്‍ഹി: സ്വകാര്യ വ്യക്തികളുടെ ഫോട്ടോയോ വീഡിയോയോ അനുമതിയില്ലാതെ ട്വീറ്റ് ചെയ്യുന്നത് വിലക്കി ട്വിറ്റര്‍. ഇതിനായി ട്വിറ്ററിന്റെ സ്വകാര്യതാ സുരക്ഷ നയം നവീകരിക്കുമെന്ന് കമ്പനി അറിയിച്ചു.

‘സ്വകാര്യതയും സുരക്ഷയുമുള്ള ടൂളുകള്‍ നിര്‍മ്മിക്കാനുള്ള ഞങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, നിലവിലുള്ള സ്വകാര്യ വിവര നയം അപ്ഡേറ്റ് ചെയ്യുകയാണ്. ഞങ്ങളുടെ നിലവിലുള്ള നയം അനുസരിച്ച്, മറ്റ് ആളുകളുടെ ഫോണ്‍ നമ്പറുകള്‍, വിലാസങ്ങള്‍ എന്നിവ പോലുള്ള സ്വകാര്യ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് അനുവദനീയമല്ല,’ ട്വിറ്റര്‍ അറിയിച്ചു.

മറ്റ് വ്യക്തികളുടെ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കുന്നത് അവരുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും അത് ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്നും ട്വിറ്റര്‍ അറിയിച്ചു.

ചിത്രങ്ങളുടേയും വീഡിയോയുടേയും ദുരുപയോഗം എല്ലാവരെയും ബാധിക്കുന്നതാണെങ്കിലും സ്ത്രീകള്‍, ആക്ടിവിസ്റ്റുകള്‍, ഭിന്നശേഷിക്കാര്‍, ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങള്‍ എന്നിവരെ ഇത് ഗുരുതരമായി ബാധിക്കുന്നുവെന്നാണ് തങ്ങളുടെ വിലയിരുത്തല്‍ എന്നും ട്വിറ്റര്‍ പറഞ്ഞു.

വ്യക്തികളുടെ ചിത്രം അപ്‌ലോഡ് ചെയ്യുമ്പോള്‍ സമ്മതപത്രം ആവശ്യപ്പെടില്ലെന്നും എന്നാല്‍ ആരെങ്കിലും ഇതിനെതിരെ പരാതി തന്നാല്‍ നടപടിയെടുക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു.

പൊതുമണ്ഡലത്തില്‍ സജീവമായ വ്യക്തികളുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പങ്കുവെക്കുന്നതിന് നയം ബാധകമല്ലെന്നും കമ്പനി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക