Image

സ്പുട്നിക് വാക്‌സിന്‍ ഒമിക്രോണിനെ പ്രതിരോധിക്കുമെന്ന് കമ്പനി അധികൃതര്‍

Published on 29 November, 2021
സ്പുട്നിക് വാക്‌സിന്‍ ഒമിക്രോണിനെ പ്രതിരോധിക്കുമെന്ന് കമ്പനി അധികൃതര്‍
മോസ്‌കോ: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിനുകളായ സ്പുട്നിക് വി, സ്പുട്നിക് ലൈറ്റ് എന്നിവയ്ക്ക് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിര്‍മാതാക്കളായ ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട്. ഇതുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ ആരംഭിച്ചതായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ടും പ്രസ്താവനയില്‍ അറിയിച്ചു.

ജനിതക വ്യതിയാനം വന്ന മറ്റ് വകഭേദങ്ങള്‍ക്കെതിരെ ഏറ്റവും മികച്ച ഫലപ്രാപ്തി കാണിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സ്പുട്നിക് വിയ്ക്കും സ്പുട്നിക് ലൈറ്റിനും ഒമിക്രോണിനെ പ്രതിരോധിക്കാനാവുമെന്നാണ് ഗമേലിയ ഇന്‍സ്റ്റിറ്റ്യൂട്ട് കരുതുന്നത്. വാക്സിനില്‍ മാറ്റംവരുത്തേണ്ടതില്ലെങ്കില്‍ 2022 ഫെബ്രുവരിയോടെ കോടിക്കണക്കിന് സ്പുട്നിക് ഒമിക്രോണ്‍ ബൂസ്റ്ററുകള്‍ ലഭ്യമാക്കുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് സി.ഇ.ഒ. കിറില്‍ ദിമിത്രേവ് പറഞ്ഞു.

ലോകത്ത് വാക്സിന്‍ വിതരണത്തിലെ അസന്തുലിതാവസ്ഥയാണ് ഒമിക്രോണും മറ്റ് ജനിതക വ്യതിയാനം വന്ന കൊറോണ വൈറസുകളും ഉടലെടുക്കാന്‍ കാരണമെന്നും ദിമിത്രേവ് പറഞ്ഞു. നേരത്തെ, വ്യത്യസ്ത വാക്സിനുകള്‍ ഉള്‍പ്പെടുത്തിയ സമീപനം വേണമെന്നും വാക്സിന്‍ നിര്‍മാതാക്കള്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്നും സ്പുട്നിക് വാദിച്ചിരുന്നു. സ്പുട്നിക് അവതരിപ്പിച്ച വാക്സിന്‍ കോംബോകള്‍ ജനിതക വ്യതിയാനം വന്ന കൊറോണ വൈറസുകള്‍ക്കെതിരെ പോരാടുന്നതില്‍ നിര്‍ണായകമാണെന്നും ദിമിത്രേവ് കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക