Image

കേരളത്തില്‍ ഒമിക്രോണ്‍ ഇല്ല, ഹൈ റിസ്‌ക് രാജ്യത്തുനിന്ന് വരുന്നവര്‍ക്ക് 14ദിവസം ക്വാറന്റീന്‍- മന്ത്രി

Published on 29 November, 2021
കേരളത്തില്‍ ഒമിക്രോണ്‍ ഇല്ല, ഹൈ റിസ്‌ക് രാജ്യത്തുനിന്ന് വരുന്നവര്‍ക്ക് 14ദിവസം ക്വാറന്റീന്‍- മന്ത്രി
തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' സംസ്ഥാനത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തിനകത്ത് പുതിയ വകഭേദം ഉണ്ടോയെന്ന് ജനിതക ശ്രേണീകരണം വഴി പരിശോധിക്കുന്നുണ്ട്. ജനിതക ശ്രേണീകരണം തുടര്‍ച്ചയായി നടത്തിവരുന്ന പ്രവര്‍ത്തനമാണെന്നും മന്ത്രി പറഞ്ഞു. 'ഒമിക്രോണ്‍' 12 രാജ്യങ്ങളില്‍ റിപ്പോര്‍ട്ടുചെയ്യുകയും അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുതുക്കുകയും ചെയ്ത സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

'ഹൈ റിസ്‌ക്' വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ ഫലവുമായാണ് വരുന്നത്. എത്തിയ ശേഷം വീണ്ടും അവര്‍ക്ക് പരിശോധന നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നെഗറ്റീവാണെങ്കില്‍ ഏഴുദിവസം വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം. എട്ടാംദിവസം വീണ്ടും കോവിഡ് പരിശോധിക്കണം. അതും നെഗറ്റീവാണെങ്കില്‍ വീണ്ടും ഏഴുദിവസംകൂടി സ്വയം നിരീക്ഷണത്തില്‍ കഴിയണം.

പരിശോധനാഫലം പോസിറ്റീവാണെങ്കില്‍ അങ്ങനെയുള്ളവരെ പ്രത്യേകം ആശുപത്രികളിലേക്ക് മാറ്റണമെന്നും പ്രത്യേകം വാര്‍ഡ് ക്രമീകരിക്കണം എന്നുമാണ് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം. ആ രീതിയില്‍ അവര്‍ക്ക് വേണ്ടി പ്രത്യേകം വാര്‍ഡുകള്‍ ക്രമീകരിക്കുന്നുണ്ട്. പക്ഷേ പുതിയ വകഭേദം സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ല. ജനിതക ശ്രേണീകരണം തുടര്‍ച്ചയായി നടത്തിവരുന്നുണ്ട്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് വരുന്ന ആരെങ്കിലും പോസിറ്റീവ് ആയാല്‍ അവരുടെ സാമ്പിളും ജനിതക ശ്രേണീകരണത്തിന് നല്‍കുമെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക