Image

ഒരു നറുക്കിനു ചേരാം (ശ്രീ മാടശ്ശേരി നീലകണ്ഠന്‍ എഴുതിയ 'പ്രപഞ്ചലോട്ടറി' ഒരു അവലോകനം) (സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 29 November, 2021
 ഒരു നറുക്കിനു ചേരാം  (ശ്രീ മാടശ്ശേരി നീലകണ്ഠന്‍ എഴുതിയ 'പ്രപഞ്ചലോട്ടറി' ഒരു അവലോകനം)  (സുധീര്‍ പണിക്കവീട്ടില്‍)
കാവ്യസമാഹാരത്തിന്റെ പേര് 'പ്രപഞ്ചലോട്ടറി'. ഇരുപത്തിയൊമ്പത് കവിതകള്‍. ആത്മാരാമന്‍ എന്ന തൂലികാനാമധാരിയുടെ ലഘുപഠനവുമുണ്ട്.  നമ്പൂരിയായ  കവി കവിതകളില്‍/കവിതകളുടെ ശീര്‍ഷകങ്ങളില്‍ നമ്പൂതിരിമാരുടെ നര്‍മ്മം തുളുമ്പിക്കുന്നുണ്ട്. വളരെ സ്വാഭാവികമായി വളരെ ആസ്വാദകരമായി. വിഡ്ഢിച്ചിരി എന്ന കവിതയിലും നമ്പൂരിമാരുടെ സംസാരരീതിയും എന്തിനെയും അല്‍പ്പം ഹാസ്യത്തോടെ വീക്ഷിക്കുക എന്ന ജന്മസിദ്ധമായ കൗതുകവും കാണാം. നര്‍മ്മോക്തി നമ്പൂരിമാര്‍ക്ക് ജന്മസിദ്ധമായി കിട്ടുന്നതാണ്. കൈ കാണിച്ചാല്‍ ബസ്സ് നിറുത്തുമല്ലേ എന്നു ചോദിക്കുന്ന നമ്പൂരിയെ നോക്കി വിഡ്ഢിച്ചിരി ചിരിക്കുന്നത് പൊതുജനമാണെന്നു അറിയുക. (നമ്പൂതിരിയോ നമ്പൂരിയോ എന്തോ നമ്മുടെ കവി പേരിനുപുറകില്‍ അത് ഉപയോഗിക്കുന്നില്ല. അത് പരാമര്‍ശിക്കുന്നതില്‍ അദ്ദേഹം ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു. ചില കവിതകള്‍ പ്രസരിപ്പിക്കുന്ന നര്‍മ്മരസങ്ങള്‍ നമ്പൂരിമാരുടെ സ്വഭാവവിശേഷങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളായതാല്‍ അങ്ങനെ സൂചിപ്പിക്കേണ്ടിവന്നുപോയതാണ്) കവിതകളുടെ വിഷയത്തില്‍ ശാസ്ത്രത്തിന്റെ വക ന്യായീകരണങ്ങളും കണ്ടെത്തലുകളും പ്രകടമാണ്. ഹിന്ദുപുരാണങ്ങളിലേക്ക് ഒരെത്തിനോട്ടവും അവയെ സ്വന്തം ജീവിതവും പരിസരവും ആയി ബന്ധപ്പെടുത്തലുകളും. അവയെല്ലാം  രസകരമായ വാക്കുകളില്‍ പൊതിഞ്ഞു നമുക്കായി കാഴ്ച്ച വച്ചിരിക്കുന്നു. മറ്റു കവിതകളിലേക്ക് കടക്കും മുന്നേ 'ഗൗരിശങ്കരം' എന്ന കവിത ആദ്യമായി ഒന്ന് വായിക്കാം.
 
 ഗൗരിശങ്കരം ഹിമാലയത്തിലെ ഏറ്റവുമുയരമുള്ള കൊടുമുടിയാണ്. ശിവ പാര്‍വ്വതിമാരുടെ പേരിനെ ഇതു സൂചിപ്പിക്കുന്നു. നേപ്പാളികള്‍ ഇതിനെ പവിത്രസ്ഥാനമായി കരുതുന്നു. കവിയുടെ പേര് നീലകണ്ഠന്‍ എന്നാണു. പ്രിയതമയുടെ പേര് ഗൗരി. ഗൗരിശങ്കരന്മാര്‍ കഠിനതപസ്സിലൂടെ ലോകത്തിന്റെ നന്മക്കായി  ഒന്നായി ചേര്‍ന്നവര്‍. ദേവിദേവന്മാരുടെ പേരുകള്‍ ഉള്ള കവിയും ഭാര്യയും. കവിയുടെ മനസ്സില്‍ അതേപ്പറ്റിയുള്ള ഭാവന ഉണരുമ്പോള്‍ സര്‍ഗ്ഗസൃഷ്ടി  അതിനെ സാക്ഷാത്കരിക്കുന്നു. വ്രതവും തപസ്സും ചെയ്യാത്ത എങ്ങോ കിടന്ന നീലകണ്ഠന്‍ വന്നു പാണിഗ്രഹണം ചെയ്തപ്പോള്‍ ദേവി ഖേദിച്ചുവോ എന്നു ചോദിക്കുന്നു.  നര്‍മ്മരസം ഭംഗിയായി കലര്‍ത്തുന്നുണ്ടു. പാലാഴിമഥന സമയത്ത് കാളകൂടം വിഷം കഴിച്ച ശിവന്റെ കഴുത്തില്‍ ചുറ്റിപിടിച്ചു ശിവനെ രക്ഷിച്ച പാര്‍വതിയെപോലെ കവിയുടെ   ഭാര്യയും സഹായിക്കുന്നു. ' ചിന്തിച്ചിടാതെയെടുത്ത് ചാടുന്നേരമെന്‍ കൈ പിടിച്ചു വിവേകം പകരുവാന്‍'. ജീവിതം അവരുമൊത്ത് അരനൂറ്റാണ്ട് പിന്നിട്ടു എന്നെഴുതികൊണ്ട് വിജയകരമായ ദാമ്പത്യത്തെ സൂചിപ്പിക്കുന്നു. 
 
തനിക്ക് ചുറ്റുമുള്ള ജീവിതസംഭവങ്ങള്‍, അറിവുകള്‍ കവിയില്‍ താല്‍പ്പര്യം ജനിപ്പിക്കുമ്പോള്‍ (intrigue) ആണ് കവിത വരുന്നത്. വരുത്തുകയല്ല. സാധാരണ സംഭവങ്ങളെ നിറങ്ങളില്‍ ചാലിച്ച് (imbuement) എഴുതാന്‍ കഴിയുന്ന സര്‍ഗ്ഗശക്തി കവി പ്രകടമാക്കുന്നു ഈ പുസ്തകത്തിലെ മിക്കവാറും കവിതകളില്‍. കവി എന്താണ് ഈ ലോകത്ത് തേടുന്നതു എന്തിനാണീ തേടല്‍ എന്നും നമ്മോട് പറയുന്നുണ്ട്. 'കണ്ണുകള്‍ തേടുന്നു വര്‍ണ്ണത്തിളക്കം, കാതുകള്‍ തേടുന്നു ശബ്ദസൗന്ദര്യം, തേടുന്നു മാനസം കാവ്യമാധുര്യം, തേടുന്നു ഹൃത്തടം സ്‌നേഹമെപ്പോഴും, വിശ്വരഹസ്യങ്ങളല്‍പ്പം ഗ്രഹിക്കാന്‍, ദുസ്സാധ്യമെങ്കിലും ബുദ്ധി വെമ്പുന്നു.'
 
കണ്ണാടിക്ക് മുന്നില്‍ എന്ന കവിതയിലും  ജീവിതയാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളേണ്ടത് എങ്ങനെയെന്നു       പറയുന്നതില്‍ അല്പം പരിഹാസം ഉണ്ട്. പ്രായമായ വ്യക്തി മനസ്സില്‍ ഒരു പൂന്തോട്ടവും, കണ്ണുകളില്‍ മഴവില്ലും, പോക്കുവെയിലില്‍ പൊന്നനുരാഗവും കൊണ്ട് നടക്കുന്നത് കാണുന്ന കവി 
 
അയാളോട് ചോദിക്കുന്നു കണ്ണാടിയുടെ മുന്നില്‍ സ്വന്തം ജീര്‍ണത കാണുമ്പോള്‍ ചിരിക്കാന്‍ കഴിഞ്ഞാല്‍ വിജയിച്ചുവെന്നു. നമ്മുടെ ഇന്ദ്രിയങ്ങള്‍ കൊണ്ട് നാം ഈ ലോകത്തെ നോക്കികാണുന്നതാണ് യാഥാര്‍ഥ്യം. പക്ഷെ പ്രായത്തിന്റെ വിവേകംവിട്ടു കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോഴും യാഥാര്‍ഥ്യം നിലനില്‍ക്കും. കണ്ണാടി ഒരു പ്രതീകമാണ്. എല്ലാം പ്രതിബിംബിക്കുന്നത്.  കവികള്‍ നമ്മുടെ ചുറ്റുപാടിനെ പുനര്‍സൃഷ്ടി നടത്തുന്നു. പലപ്പോഴും കവിതകള്‍ ചിലപ്പോള്‍ ചിലര്‍ക്ക് കണ്ണാടിയാകുന്നു.  കവിയുടെ വിജയമായി അതിനെ കാണാം.
 
പുസ്തകത്തിന്റെ പേരിലുള്ള കവിത പ്രപഞ്ചലോട്ടറി സ്വയം ശാസ്ത്രജ്ഞന്‍ കൂടിയായ കവി ഒരു ആന്തരസംവാദം നടത്തുന്നതാണ്. ഈ മനോഹരമായ പ്രപഞ്ചം മനുഷ്യനായി ദൈവം നിര്‍മ്മിച്ചതാണെന്ന് വിശ്വസിക്കുന്ന കവിയോട് ശാസ്ത്രജ്ഞന്‍ പറയുന്നു വാസയോഗ്യമല്ലാത്ത അനേകം ഗ്രഹങ്ങള്‍ ഉണ്ട്. ഭൂമിയുടെ  നിലനില്‍പ്പ് അതിന്റെ ഘടനയില്‍ ഒരു ചെറിയ വ്യത്യാസം വന്നാല്‍ മതി നഷ്ടപ്പെടാന്‍. ഇപ്പോഴുള്ള ഭൂമി മനുഷ്യര്‍ക്ക് ഒരു ലോട്ടറി പോലെ കിട്ടിയതെന്നാണ്. ഈ കവിതയിലും കവിയുടെ അറിവും ചിന്തയും തന്മൂലമുള്ള കണ്ടെത്തലുകളും തന്നെ. വാസ്തവത്തില്‍ കവി ആദ്യം ഒരു ശാസ്ത്രജ്ഞനോ അതോ കവിയോ എന്ന് നമ്മെ ആശയക്കുഴപ്പത്തിലാക്കുന്നു. 'എത്ര യുഗങ്ങള്‍ തപം ചെയ്തീശനൊരുക്കി വേദിയവനായ്' എന്നാണു കവി ചിന്തിക്കുന്നത്. എന്നാല്‍ ശാസ്ത്രം തിരുത്തുന്നു. പക്ഷെ അത് പൂര്‍ണ്ണമായി ഉള്‍കൊള്ളാന്‍ കഴിയാത്ത മനുഷ്യന്റെ മാനസികനിലയും കവി വിവരിക്കുന്നു.  കവിയായാലും ശാസ്ത്രജ്ഞനായാലും അവരില്‍ ചിന്തയാണ് ആദ്യമുണ്ടാകുന്നത്. പിന്നീടല്ലേ ഗവേഷണവും, കവിയാണെങ്കില്‍ ഭാവനാലോകത്തേക്കുള്ള സഞ്ചാരവുമൊക്കെ.  രണ്ടുപേരും ഒന്നാകുമ്പോള്‍ വായനക്കാര്‍ക്ക് വിജ്ഞാനം ലഭിക്കുന്നു. നമുക്കും ഈ പ്രപഞ്ചലോട്ടറിയില്‍ ഒരു നറുക്കിനു ചേരാം. അതേസമയം അസ്തിത്വഭീഷണിയും കവിയെ ആശങ്കാകുലനാക്കുന്നുണ്ടു. യാന്ത്രികബുദ്ധികള്‍ നമ്മെയും നമ്മുടെ പ്രിയംവദയായ സര്‍വംസഹയായ ഭൂമിദേവിയെയും നാശത്തിലേക്ക് നയിക്കുമെന്ന ചിന്തയില്‍ കവി ചോദിക്കുന്നു ഇത് മഹാനാടകന്ത്യമോ അതോ ഇത് അന്തിമനൂറ്റാണ്ടോ? തീര്‍ച്ചായായും ഒരു ശാസ്ത്രജ്ഞന്റെ പരിഭ്രമം ഈ കവിതയില്‍ മിടിക്കുന്നത് 
കേള്‍ക്കാം, പൃഥിക്കനന്ദകല്യാണമേകാന്‍ കഴിവുറ്റവന്‍ മാനവന്‍ എങ്കിലും അവനും സംഹാരചിന്തകള്‍ക്കടിമപ്പെടുന്നു.  അതേസമയം പ്രകൃതിയൊളിപ്പിച്ച നിഗൂഢതകള്‍ മറനീക്കികൊണ്ടുവരാന്‍ മനുഷ്യന് കഴിഞ്ഞതില്‍, അവന്റെ നേട്ടത്തില്‍ കവി സന്തോഷം പ്രകടിപ്പിക്കുന്നുണ്ട്. നമുക്ക് ചുറ്റും അരങ്ങേറുന്ന സംഭവങ്ങളെ വരികളില്‍ ഒതുക്കി കലാപരമായി ആവിഷ്‌കരിച്ചിരിക്കയാണ് ഈ കവി. ദുരൂഹതകളും ദുര്‍ഗ്രഹമായ ആശയങ്ങളും അലട്ടുകയില്ല ഈ  സമാഹാരത്തിലെ കവിതകള്‍ വായിക്കുമ്പോള്‍.
 
കവികള്‍ ചുറ്റുപാടും സൂക്ഷ്മനിരീക്ഷണം ചെയ്യുന്നവരാണ്. നിരീക്ഷണങ്ങള്‍ അവരെ സ്പര്‍ശിക്കുന്നു. അതവര്‍ക്ക് എഴുതാനുള്ള പ്രചോദനം നല്‍കുന്നു. ഈ പുസ്തകത്തിലെ കവിതകളില്‍ പലതും ഈ പ്രപഞ്ചത്തിന്റെ കാഴ്ചകളും സ്വരങ്ങളും കവി ശ്രദ്ധിക്കുന്നതായി കാണാം. വായിച്ച പുസ്തകങ്ങളും അവയിലെ സന്ദേശങ്ങളും കവി ഉള്‍കൊള്ളുന്നു. കവിയുടേതായ ഭാഷ്യത്തില്‍ അവ പുനരാവിഷ്‌കരിക്കുന്നു. ഈ സമാഹാരത്തില്‍ കവി പരിഭാഷപ്പെടുത്തിയ മൂന്നു കവിതകള്‍ ഉണ്ട്. ഉത്തരാധുനികസാഹിത്യത്തിന്റെ വക്താക്കളില്‍ ഒരാളായ  ടര്‍ക്കിഷ് എഴുത്തുകാരന്‍ ഓര്‍ഹാന്‍ പാമുക്കിന്റെ 'സ്‌നോ'എന്ന നോവലിലെ കഥാപാത്രം അദ്ദേഹത്തിന്റെ എഴുതാനുള്ള തടസ്സം തീര്‍ന്നപ്പോള്‍ ധാരാളം കവിതകള്‍ എഴുതിയത് ഓര്‍മ്മിച്ചുകൊണ്ട് എഴുതിയ 'കവിതയും കാത്ത്' എന്ന  കവിത വളരെ അര്‍ത്ഥവത്താണ്. അഞ്ചിതളുള്ള പൂവ്വായി, അഞ്ചു വര്‍ണ്ണങ്ങളില്‍ വിരിയട്ടെ തന്റെ കവിത എന്ന് കവി കാംക്ഷിക്കുന്നു. ആകര്‍ഷണീയമായ ശോഭയോടെ വിരിഞ്ഞുനില്‍ക്കുന്ന പൂവ്വാണ് ചെമ്പരുത്തി. അഞ്ച് ഇതളാണതിനു. കുഞ്ഞാറ്റകിളികളും ചിത്രശലഭങ്ങളും ഇതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്നുവെന്നത് ഇതിന്റെ പ്രത്യേകതയാണ്. എന്തുകൊണ്ടാണ് കവി അഞ്ചു ഇതളുള്ള പൂക്കളായി കവിത വിരിയണമെന്നാശിക്കുന്നത്. അതില്‍ കവിയുടെ കാല്പനികമോഹങ്ങളുടെ തുടിപ്പുകള്‍ ഉണ്ട്. അഞ്ച് പൂവമ്പുകള്‍ ഉള്ളവന്‍ കാമദേവനാണ്. പിന്നെ കവി ഒരു ആത്മീയതലത്തിലേക്ക് തന്റെ ചിന്തകളെ കൊണ്ടുപോകുന്നു. 'അഞ്ചു കവാടം തുറന്നെന്റെ നെഞ്ചകത്തല്‍ഭുത' എന്ന് കവി പറയുമ്പോള്‍ നമ്മുടെ ആത്മാവിനെ പഞ്ചകോശങ്ങള്‍ ആവരണം ചെയ്യുന്നു അതുകൊണ്ട് അതും കടന്നു ആത്മാവിനെ തൊടുന്ന 
കവിതകള്‍ വേണമെന്ന ധ്വനി വരുന്നു. അങ്ങനെ വരുന്ന കവിത പഞ്ചകോശങ്ങളെ നനച്ചുകൊണ്ട് ആത്മാവില്‍ ആനന്ദം പകരട്ടെയെന്നാണ്. ഭാവനാസുരഭിലമാണ് ഈ കവിത.
 
കഴുകന്‍ എന്ന കവിത പട്ടിണികൊണ്ട് മൃതപ്രായയായ ഒരു പെണ്‍കുട്ടിയെ ഒരു കഴുകന്‍ ഉന്നം വച്ച് നില്‍ക്കുന്ന പടത്തെ ആസ്പദമാക്കിയാണ്. കരളലിയിക്കുന്ന ആ ദൃശ്യം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ആത്മഹത്യചെയ്തു. കവിക്കും ആ രംഗം കാണുമ്പോള്‍ ആ കുഞ്ഞു താനാണെന്ന് തോന്നിപോകുന്നു. കഴുകനായി ഫോട്ടോഗ്രാഫര്‍? ചിത്രം മാനുഷികവികാരങ്ങളെ വല്ലാതെ ഉലയ്ക്കുകയും അതിന്റെപേരില്‍    വിമര്ശനങ്ങള്‍      ഉയരുകയും ചെയ്തപ്പോള്‍ ഉണ്ടായ മാനസികവ്യഥ ആയിരിക്കണം ഫോട്ടോഗ്രാഫറെ മരിക്കാന്‍ പ്രേരിപ്പിച്ചത്. കവിയുടെ മനസ്സിലും മനുഷ്യര്‍ ചെയ്യുന്ന ക്രൂരതയുടെ ഭീകരമുഖങ്ങള്‍ തെളിയുന്നു. ഫോട്ടോഗ്രാഫര്‍ കാണികളെ ജിജ്ഞാസയില്‍ നിറുത്തുകയാണ്. കഴുകന്‍ കുഞ്ഞിനെ ഭക്ഷിക്കുമോ. കുഞ്ഞു മരിക്കുമോ? പക്ഷെ കവി അങ്ങനെ ഒരു സാഹചര്യം സൃഷ്ടിച്ച മനുഷ്യരാശിയെ ചോദ്യം ചെയ്യുന്നു.
 
ഒരു ശാസ്ത്രജ്ഞന്‍ മാത്രമല്ല ഒരു തത്വജ്ഞാനികൂടിയാണ് കവിയെന്ന തെളിയിക്കുന്ന കവിതകള്‍ ഉണ്ട്. അതില്‍ ഒരെണ്ണം ഓര്‍മ്മക്കറകള്‍ എന്ന കവിതയില്‍ എന്താണ് പറയുന്നത്. ഭൂതവും ഭാവിയും മാഞ്ഞു കാലം നിശ്ചലമാകും.അപ്പോള്‍ ആ സമയം നിത്യതയാകും, പിന്നെ കൈവല്യം വേറെഎന്താണെന്നു ചോദിക്കുന്നു,. അതായത് കേവലമായിരിക്കുന്ന സ്ഥിതി, എല്ലാവിധബന്ധങ്ങളില്‍ നിന്നുമുള്ള മോചനം, മോക്ഷം മറവി എന്നുപറഞ്ഞാല്‍ മൃത്യു എന്നുപറയാന്‍ കവിക്കിഷ്ടമില്ല. അദ്ദേഹം ഓര്‍മ്മക്കറകള്‍ മാഞ്ഞുപോകുന്നു എന്നാണു വിശേഷിപ്പിയ്ക്കുന്നത്. കാരണം അപ്പോള്‍ മനസ്സ് ശുദ്ധമാകുന്നു,. മനസ്സ് അപ്പോള്‍ ഒരു ഉദാത്ത തലത്തിലേക്ക് ഉയരുന്നു. ഒരേ സമയം ഒരു വലിയ തത്വജ്ഞാനിയാകാതെ ഒരാളും വലിയ കവിയായിട്ടില്ലെന്നു കോള്‍റിഡ്ഗ് (Colerdige) പറയുന്നു.
 
പേരക്കുട്ടികളില്‍ നിന്നും പാഠങ്ങള്‍ പഠിക്കുന്ന മുത്തശ്ശന്മാരെപ്പറ്റി എഴുതുമ്പോള്‍ അവരെ വര്‍ണ്ണിക്കുന്നത് നോക്കുക. പേരക്കുട്ടി തന്റെ സമ്മതമില്ലാതെ ക്യാമറ എടുത്തത് അവന്റെ കുഞ്ഞികൈകളില്‍ നിന്നും വാങ്ങുന്ന മുത്തശ്ശനെ 'ഉള്ളിലേക്കുഞ്ഞുറങ്ങിയോന്‍' എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. വീണ്ടും വേറൊരു കവിതയില്‍ തന്റെ ഉണ്ണിക്കുട്ടനോട് ചൊല്ലുന്ന വരികളില്‍ ' അല്ലെങ്കില്‍ ഔഷധമെന്തിന് നിന്‍ നറും മന്ദസ്മിതമധുവെന്യേ ? എന്തിനു വേറെ വേദാന്ത,മിപ്പാരിനെ നിന്‍ കണ്ണിണ്ണകൊണ്ടറിഞ്ഞാല്‍? പേരക്കുട്ടിയിലൂടെ സ്വന്തം ബാല്യകാലത്തേക്ക് ഒന്നോടിപ്പോയി വരാനും കവിയുടെ മനസ്സ് തുടിക്കുന്നത് വളരെ ഹൃദ്യമായ അനുഭവങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. മുത്തശ്ശിയുടെ പൂജ കഴിഞ്ഞു പ്രസാദമായി കിട്ടുന്ന അപ്പത്തിന് കാത്തുനില്‍ക്കാതെ, മുത്തശ്ശി വിളിച്ചിട്ടും അതറിയാതെ തന്റെ കുട്ടിസ്വപനങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ അച്ഛന്റെ കയ്യില്‍ നിന്നും തുടയില്‍ കിട്ടുന്ന പ്രഹരം. അച്ഛന്റെ അടിയുടെ വിരല്‍പാടുകള്‍ മുഴുവന്‍ പതിയാതെ കിടക്കുന്നതും വക്കു കരിഞ്ഞു അത്രയ്ക്ക് ഭംഗിയില്ലാത്ത ആ അപ്പവും ഇന്നും മനോദര്‍പ്പണത്തില്‍ പ്രതിഫലിക്കുന്നു എന്ന് കവി വിവരിക്കുമ്പോള്‍ വായനക്കാരനും അവന്റെ കുട്ടിക്കാല സ്മരണകളിലേക്ക് പിച്ച വയ്ക്കുന്നു.  കിണ്ടിയില്‍ തീര്‍ത്ഥവും 
കയ്യില്‍ അപ്പവുമായി നില്‍ക്കുന്ന മുത്തശ്ശിയും അവരുടെ ഉണ്ണിയും നമ്മുടെ കണ്മുന്നില്‍ കാണുന്നപോലെ കവിത സ്‌നേഹവാത്സല്യങ്ങളുടെ ഊഷ്മാവ് പകര്‍ന്നു തരുന്നു.
 
ഒരു പക്ഷെ കവിയില്‍ ഒരു ശാസ്ത്രജ്ഞനുള്ളതുകൊണ്ടാണോ എല്ലാം ചോദ്യം ചെയ്യാനുള്ള ഒരു ഉന്മുഖത കവിതകളില്‍ പ്രകടമാണ്. ചോദ്യങ്ങള്‍ വളരേ പ്രസക്തമാണ്. ശാസ്ത്രം കണ്ടെത്തുന്നതിനപ്പുറമാണ് കവിയുടെ നിഗമനങ്ങള്‍. ഇതാ ഒരു ഉദാഹരണം. മൃതിയുള്ളവന്‍ എന്നര്‍ത്ഥത്തില്‍ മര്‍ത്യന്‍ എന്ന പദം അത് നിശ്ചയം. എന്നാല്‍ ആ മൃത്യു എന്നെത്തുമെന്നത് നിത്യവും അനിശ്ചിതമായി നില്‍ക്കുന്നു.
 
നിത്യതയുടെ ആശ്ലേഷം എന്ന കവിത അതിന്റെ ശീര്‍ഷകം പോലെ തന്നെ ശാന്തഗംഭീരമാണ്. ശാന്തസമുദ്രക്കരയില്‍ കാലടികള്‍ കൊണ്ട് കവിതയെഴുതി നടക്കുമ്പോള്‍ അത് മായ്ക്കാനെത്തുന്ന തിരകള്‍. കവിയുടെ പാദങ്ങളെ തഴുകുന്ന ജലകണങ്ങള്‍.  ആ ജലകണങ്ങളുടെ ഉത്ഭവവും പതനവും കവി ആലോചിക്കുകയും മനോഹരമായി ആവിഷ്‌കരിക്കുകയും ചെയ്യുന്നുണ്ട്. ജലാംശം കുറവായഭൂമിയിലേക്ക് ജലമെത്തിച്ചത് അനേകം 
ആസ്റ്ററോയിഡുകള്‍ ആണെന്ന്  ശാസ്ത്രജ്ഞനായ കവി മനസ്സിലാക്കുമ്പോള്‍  കവിയുടെ കാലടികളെ തൊടുന്ന ജലബിന്ദുക്കള്‍ ഒരിക്കലും നിലക്കാത്ത സമയത്തിലൂടെ കടന്നുപോകുന്നതിനാല്‍ അവയുടെ സ്പര്‍ശം നിത്യതയുടെ സ്പര്‍ശമായി കവിക്ക് അനുഭവപ്പെടുന്നു. കാലം കണക്കുകൂട്ടി വച്ചിരിക്കുന്ന തന്റെ പ്രായത്തില്‍ തന്മൂലം അദ്ദേഹത്തിന് ക്ലേശമില്ലെന്നു സമാധാനിക്കുന്നു.
 
അമേരിക്കന്‍ മലയാളികള്‍ പലരും ഈ പുസ്തകം വായിച്ചുകാണും. പുസ്തകങ്ങള്‍ക്ക് പഴക്കമില്ല. അവ വായിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വീണ്ടും വായിക്കപ്പെടുന്നു .  ഈ ലേഖകന് ഇയ്യിടെയാണ് ഇത് വായിക്കാന്‍ അവസരം ലഭിച്ചത്. പുസ്തകാഭിപ്രായങ്ങള്‍  പ്രകടിപ്പിക്കുന്നതിനും കാലപരിധിയില്ലല്ലോ. എല്ലാ വായനക്കാര്‍ക്കും വീണ്ടും ഈ പുസ്തകത്തിന്റെ വായനാനുഭവം നല്‍കാന്‍ ഈ അവലോകനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. 
 
ഇരുപത്തിയൊമ്പത് കവിതകളും പഠന വിധേയമാക്കുന്നില്ല. അതെല്ലാം വായനക്കാര്‍ വായിക്കാന്‍ മുന്നോട്ടുവരിക. താല്‍പ്പര്യമുള്ളവര്‍ക്ക് പുസ്തകത്തിന്റെ കോപ്പിക്കായി കവിയുമായും ബന്ധപ്പെടാവുന്നതാണ്. കവിക്ക് സര്‍വ്വവിധ ഭാവുകങ്ങളും നേരുന്നു.
 
ശുഭം
 
 ഒരു നറുക്കിനു ചേരാം  (ശ്രീ മാടശ്ശേരി നീലകണ്ഠന്‍ എഴുതിയ 'പ്രപഞ്ചലോട്ടറി' ഒരു അവലോകനം)  (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
vaayanakaran 2021-11-29 15:09:02
ഇതൊക്കെ പുറം ചൊറിയൽ എന്നു പറയുന്നവരുടെ അറിവ് അളക്കാൻ പൊതുജനം തുടങ്ങിയാൽ അവർ നിശ്ശബ്ദരാകും. അജ്ഞതയിൽ നിന്നും അസൂയ ജനിക്കുന്നു. ശ്രീ മാടശ്ശേരിയുടെ കവിതകളെ വിലയിരുത്തികൊണ്ട് മനോഹരമായ ഭാഷയിൽ ശ്രീ സുധീർ എഴുതിയിട്ടുണ്ട്. ആളുകൾ ചൊറിയട്ടെ താങ്കൾ എഴുതിക്കൊണ്ടിരിക്കുക.
abdul punnayurkulam 2021-12-01 10:49:43
Congratulations poet. It seems the poems are little tough when combine with science and imagination. Sudheer breakdown its essence simple way, according to the readers taste. Good job. If the authors get a review, it makes easier readers to know about the book. Keep up generous work.
Sudhir Panikkaveetil 2021-12-01 19:41:28
വായിച്ചതിനും പ്രതികരിച്ചതിനും എല്ലാവർക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക