Image

പെഗാസസ് ; വിവരങ്ങള്‍ കൈമാറാന്‍ ഹര്‍ജിക്കാര്‍ക്ക് നിര്‍ദ്ദേശം

ജോബിന്‍സ് Published on 29 November, 2021
പെഗാസസ് ; വിവരങ്ങള്‍ കൈമാറാന്‍ ഹര്‍ജിക്കാര്‍ക്ക് നിര്‍ദ്ദേശം
പെഗാസസ് പോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച അന്വേഷണത്തിനായി സുപ്രീം കോടതി നിയോഗിച്ച സമിതിയുടെ പ്രവര്‍ത്തനം തുടങ്ങി. വിവരങ്ങള്‍ കൈമാറാന്‍ ഹര്‍ജിക്കാര്‍ക്ക് സാങ്കേതിക സമിതി നിര്‍ദ്ദേശം നല്‍കി. ജോണ്‍ ബ്രിട്ടാസ് അടക്കമുള്ള ഹര്‍ജിക്കാര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ചോര്‍ത്തപ്പെട്ട ഫോണ്‍ ഉണ്ടെങ്കില്‍ അതുള്‍പ്പെടെ സമിതിക്ക് കൈമാറണമെന്നാണ് നിര്‍ദ്ദേശം. 

സുപ്രീം കോടതി നിയോഗിച്ചിരിക്കുന്ന ജസ്റ്റീസ് രവീന്ദ്രന്‍ കമ്മീഷന് മുമ്പാകെ മൊഴി നല്‍കാന്‍ താത്പര്യമുണ്ടെങ്കില്‍ അതും അറിയിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ അഞ്ചിന് മുമ്പ് ഈ വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ഹര്‍ജിക്കാരാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ഇസ്രായേല്‍ കമ്പനി വികസിപ്പിച്ചെടുത്ത ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍, മന്ത്രിമാര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരുടെ ഫോണ്‍ കേന്ദ്ര സര്‍ക്കാര്‍ ചോര്‍ത്തിയെന്നാണ് പരാതി. ഇതു സംബന്ധിച്ച കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രം കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചിരുന്നു. 

ഇതിന്റെ പേരില്‍ കോടതി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ പത്ത് പേരുടെ ഫോണില്‍ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തല്‍ നടന്നെന്ന് നേരത്തെ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക