Image

നേതാക്കളെ നിരീക്ഷിക്കാന്‍ ബിജെപി ; ഉഴപ്പിയാല്‍ നടപടി

ജോബിന്‍സ് Published on 28 November, 2021
നേതാക്കളെ നിരീക്ഷിക്കാന്‍ ബിജെപി ; ഉഴപ്പിയാല്‍ നടപടി
നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ബിജെപി. സംസ്ഥാന ബി.ജെ.പിയില്‍ ഗ്രൂപ്പ് പോരും നേതാക്കളുടെ അനൈക്യവും രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. നേതാക്കള്‍ തങ്ങളുടെ ചുമതല കൃത്യമായ നിര്‍വഹിക്കുന്നുണ്ടോ എന്നറിയാനാണ് ബി.ജെ.പി നേതാക്കളെ നിരീക്ഷിക്കാന്‍ തീരുമാനിച്ചത്. 
ബൂത്ത്, പഞ്ചായത്തുതലം മുതല്‍ സംസ്ഥാനതലംവരെ പാര്‍ട്ടി നേതാക്കളുടെ പ്രവര്‍ത്തനം മേല്‍ഘടകങ്ങള്‍ വിലയിരുത്തുന്ന തരത്തിലാണ് പുതിയ സംവിധാനം. 

തുടര്‍ച്ചയായി പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്കാണ് കൂടുതല്‍ പണിയാവുക. ഇവരെ ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കാനാണ് തീരുമാനം. മൂന്നുതവണ തുടര്‍ച്ചയായി പങ്കെടുക്കാത്തവരെയാണ് ഒഴിവാക്കുക. ഔദ്യോഗിക നേതൃത്വം നടത്തുന്ന പരിപാടികളില്‍ ഇതോടെ എതിര്‍പ്പുള്ളവരും പങ്കെടുക്കണ്ടി വരും. നേരത്തെ ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടിയുടെ പരിപാടികളില്‍ നിന്ന് ഏറെ കാലം വിട്ടുനിന്നിരുന്നു. സംഘടനാ നേതൃത്വവുമായുള്ള അഭിപ്രായ വെത്യാസങ്ങളാണ് മുതിര്‍ന്ന നേതാക്കളുടെ വിട്ടുനില്‍ക്കലിന് കാരണം. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പുതിയ സംവിധാനം കൊണ്ട് ഉദ്ദേശിക്കുന്നത്. 

സാമൂഹികമാധ്യമങ്ങളില്‍ നേതാക്കളുടെ ഇടപെടല്‍ നിരീക്ഷിക്കും. വിവിധവിഷയങ്ങളില്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായി നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് തടയുകയാണ് ഉദ്ദേശം. ഇത്തരത്തില്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സംഘടനാ ദൗര്‍ബല്യങ്ങള്‍ നീക്കുകയാണ് ലക്ഷ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക