news-updates

നെഞ്ചിലുണ്ടിപ്പോഴും നീ തന്ന പാട്ടുകൾ : പ്രകാശൻ കരിവെള്ളൂർ

Published

on

ഓർമ്മകൾക്കേറ്റവും കൂട്ടുകാർ പാട്ടുകൾ തന്നെ. അവയിൽ നാം കടന്നു വന്ന കാലഘട്ടങ്ങളുടെ നിനവുകളും കിനാവും തുടിക്കുന്നുണ്ട്. 1980 - 90 കളിൽ ബാല്യകൗമാരങ്ങളുടെ ഓർമ്മകളിൽ നിന്ന് അടർത്തിമാറ്റാൻ കഴിയാത്ത ഒരു റേഡിയോക്കാലമുണ്ട്. അതിൽ സർവ്വരെയും ആകർഷിച്ചത് ഒരു ദിവസം തന്നെ പല തവണ ആവർത്തിച്ച ചലച്ചിത്ര ഗാന പരിപാടികളായിരുന്നു. റേഡിയോവിന് നാട്ടുകാർ നൽകിയ ഓമനപ്പേരു തന്നെ പാട്ടുപെട്ടി എന്നായിരുന്നല്ലോ. ഞായറാഴ്ച്ച ഉച്ചയ്ക്കും ചൊവ്വാഴ്ച്ച രാത്രിക്കും ഒരു മണിക്കൂർ നീളുന്ന രഞ്ജിനി - ശ്രോതാക്കൾ ആവശ്യപ്പെട്ട പാട്ടുകൾ . അതിൽ സിനിമയുടെയും ഗായകരുടെയും മാത്രമല്ല ഗാനരചയിതാവിന്റെയും സംഗീത സംവിധായകന്റെയും പേരും പറയുമായിരുന്നു. നിത്യവും കേൾക്കുന്ന സുന്ദരങ്ങളായ കുറേ വരികൾ - അവയ്ക്കിടയിൽ ആവർത്തിച്ചു കേൾക്കുന്ന കുറേ പേരുകൾ . അങ്ങനെയാണ് കുഞ്ഞുന്നാളിലേ വയലാർ - ദേവരാജൻ . ഒ എൻ വി - സലിൽ ചൗധരി, പി.ഭാസ്കരൻ - ബാബുരാജ്, ശ്രീകുമാരൻ തമ്പി - എം കെ അർജുനൻ , യൂസഫലി കേച്ചേരി, പൂവച്ചൽ ഖാദർ, ചുനക്കര - ശ്യാം, ബിച്ചു തിരുമല - രവീന്ദ്രൻ / ശ്യാം / ഏടി ഉമ്മർ എന്നിങ്ങനെ കുറേ ഇമ്പമാർന്ന പദങ്ങൾ മനസ്സിന്റെ ചുമരിൽ കൊത്തി വച്ചത്. 
ബിച്ചു നിനവിൽ വരുമ്പോൾ ആദ്യം ഉള്ളിൽ തുളുമ്പുന്നത്  ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത തെരുവു ഗീതം എന്ന ജയൻ സിനിമയിൽ ജയ വിജയന്മാർ ഈണമേകിയ ആ യേശുദാസ് ഗാനമാണ്. റേഡിയോവിലും അല്ലാതെയും ഞാൻ ഏറ്റവും കൂടുതൽ കേട്ട പാട്ട് . ഇന്നും കേൾക്കാറുള്ള പാട്ട്.
ഹൃദയം ദേവാലയം 
പോയ വസന്തം
നിറമാല ചാർത്തും 
ആരണ്യ ദേവാലയം, മാനവ -
ഹൃദയം ദേവാലയം.
മലയാളികളുടെയാകെ ഹൃദയത്തെ സരസ്സാക്കി മാറ്റി അവിടെ പ്രണയ പുഷ്പം വിടർത്തിയ വലിയ പാട്ടെഴുത്തുകാരൻ തമ്പിയാണ് തന്റെ സിനിമയിൽ പാട്ടെഴുതാൻ ഗാന രചനയിൽ തന്റെ ജൂനിയറായ ബിച്ചുവിനെ ക്ഷണിക്കുന്നത് എന്നോർക്കണേ ! ആർക്കാണ് ആ അനുഭവം ആവേശവും അഭിമാനവുമാകാതിരിക്കുക ? ആ സ്നേഹാദരങ്ങൾ മുൻ നിർത്തിത്തന്നെയാണ് സുബ്രഹ്മണ്യം സംവിധാനം ചെയ്ത ഹൃദയം ഒരു ക്ഷേത്രം എന്ന മധുച്ചിത്രത്തിലെ ഒരു ദേവൻ വാഴും ക്ഷേത്രം , ഓർമ്മകൾ കുടിയേറും ക്ഷേത്രം എന്ന ഗാനത്തെ പുരസ്കരിച്ച് ബിച്ചു തുടങ്ങിയത് - ഹൃദയം ദേവാലയം. 
1976 ൽ ഇറങ്ങിയ ഹൃദയം ഒരു ക്ഷേത്രത്തിൽ ഒരു ദേവൻ വാഴുന്ന പാട്ടല്ല, മംഗളം നേരുന്നു ഞാൻ മനസ്വിനിയാണ് ഹിറ്റായത്. എന്നാൽ 1979 ൽ തെരുവു ഗീതം വന്നപ്പോൾ ജയന്റെ കടുത്ത ആരാധകർ പോലും ആ സിനിമയെ വേണ്ടത്ര പരിഗണിച്ചില്ലെങ്കിലും ബിച്ചുവിന്റെ ദേവാലയ ഗാനം അനശ്വര ഹിറ്റായി. ഹൃദയം ഒരു ക്ഷേത്രം എന്ന സിനിമാപ്പേരിന്റെ കൂടെ ഒരു പക്ഷേ തമ്പിയുടെ ഒരു ദേവൻഗാനത്തേക്കാൾ പലരും ഓർക്കുക ബിച്ചുവിന്റെ ദേവാലയ ഗാനമായിരിക്കും. 
ഹൃദയത്തെ സരസ്സാക്കുമ്പോൾ ഉപരിതലത്തിലെ അലയിളക്കം പോലെ തികച്ചും സുതാര്യമാണ് കാര്യങ്ങൾ . എന്നാൽ ദേവാലയമാക്കുമ്പോൾ നടപ്പന്തലും തിടപ്പള്ളിയുമൊന്നുമല്ല  ശ്രീകോവിലാകുന്നു പ്രധാനം. ദു:ഖങ്ങൾ മുഴുക്കാപ്പ് ചാർത്തുന്ന, ഓർമ്മകൾ ശീവേലി കൂടുന്ന ഈ ക്ഷേത്രത്തിൽ വിഗ്രഹമില്ലാതെ , പുണ്യാഹമില്ലാതെ അഭിഷേകം നടക്കാറുണ്ട്. 
പൂജാരിയില്ലാത്ത, മുറജപമില്ലാത്ത പഴയ ഗുഹാക്ഷേത്രം . ലോക സാഹിത്യം ഹൃദയത്തെ പലതുമായി രൂപണം ചെയ്തിട്ടുണ്ടാവും. എന്നാൽ ഗുഹാക്ഷേത്രമായി ആരും സങ്കൽപ്പിക്കാനിടയില്ല. അപൂർവമായൊരു ബിംബയോജനയാണത്.ആദിമകാനനസംസ്കാരത്തോളം നീണ്ടു ചെല്ലുന്ന ഒന്ന്. മനുഷ്യമനസ്സിന്റെ നിഗൂഢമായ ഇരുളാഴങ്ങൾ ഗുഹാക്ഷേത്രത്തോളം ധ്വനിപ്പിക്കാൻ  ഏത് ഭാവനയാണ് പര്യാപ്തം ? 
എൺപതുകളുടെ തുടക്കത്തിൽ കോമഡിയെ മെയിൻ സ്ട്രീമിൽ കൊണ്ടു വന്ന ചിരിയോ ചിരി വന്നപ്പോൾ അതിൽ ബിച്ചു - രവീന്ദ്രൻ ടീം സമ്മാനിച്ച നാല് ഗാനങ്ങളും ജനപ്രിയ ഹിറ്റ്! ജാനകി കുഞ്ഞിന്റെ ശബ്ദത്തിൽ പാടിയ കൊക്കാമണ്ടി കോനാനിറച്ചിയും യേശുദാസിനൊപ്പം സമയരഥങ്ങളിൽ മറുകര തേടിയ ജയചന്ദ്രനും ഇതു വരെ യീ കൊച്ചു കളി വീണയും എല്ലാം നാട്ടിൽ പാട്ടായി . എന്നാൽ ആ പതിറ്റാണ്ടിന്റെ തന്നെ ധ്വനി തരംഗമായിത്തീർന്നത് ഏഴു സ്വരങ്ങളും തഴുകി വന്ന ആ ഗാനമാണ്. 
സംവിധായകൻ ബാല ചന്ദ്രമേനോൻ സാഹിത്യവും സംഗീതവുമൊക്കെയുള്ള ആളാണ്. മേനോൻ തനിക്ക് അഭിനയിക്കാനുള്ള ഗാനരംഗത്തിന് പാകമായി , തന്നെയും നായികയേയും ഗാനവും നൃത്തവുമായി ചേർത്തു വെക്കുന്ന ഒരു സങ്കൽപ്പത്തെക്കുറിച്ച് ബിച്ചുവിനെയും രവീന്ദ്രനെയും ഇരുത്തി  ചർച്ച ചെയ്തു. മഴപ്പെയ്ത്തിൽ നൃത്തത്തിന്റെയും സംഗീതത്തിന്റെയും ഒരു ദൃശ്യ-ശ്രാവ്യ അനുഭവമുണ്ട്. അതുകൊണ്ട് പാട്ട് മഴയുടെ രാഗവിസ്താരം പോലെയായാലോ ? പതിഞ്ഞ താളത്തിൽ തുടങ്ങി ക്രമേണ മുറുകിയ ശ്രുതിയിലേക്ക് കടന്ന് ആരോഹണാവരോഹണങ്ങളുടെ കയറ്റിറക്കങ്ങളിലൂടെയങ്ങനെ... ഉച്ചസ്ഥായിയിൽ നിന്നും വീണ്ടും പതിഞ്ഞ താളത്തിലേക്ക്..
ആശയ പ്രകാരം രവീന്ദ്രൻ പല്ലവിക്കും അനുപല്ലവിക്കും വേണ്ടി മന്ദവും ദ്രുതവുമായ ഓരോ ഈണത്തിലെത്തി . ബിച്ചു പെയ്തു വീഴുന്ന മഴനാരുകളിൽ ഒരു വീണയെ സങ്കൽപ്പിച്ചു. 
മാനസവീണയിൽ കര പരിലാളനജാലം , ഇന്ദ്രജാലം , അതിലോല ലോലം .... അങ്ങനെ ഏഴ് സ്വരങ്ങളും തഴുകി വരുന്നൊരു ഗാനമായി ആ മഴ പെയ്യാൻ തുടങ്ങി. തുടർന്ന് നായകൻ പ്രതിനിധാനം ചെയ്യുന്ന സംഗീതത്തെയും നായിക പ്രതിനിധാനം ചെയ്യുന്ന നൃത്തത്തേയും സമന്വയിക്കാൻ ഒന്നും രണ്ടും അനുപല്ലവികൾ - 1.ആരോ പാടും ലളിതമധുരമയ ഗാനം പോലും കരളിലമൃതമഴ
2 . ഏതോ താളം ഹൃദയ ധമനികളിൽ 
ഏതോ മേളം കരളിനണിയറയിൽ .

മഴ ആരോ പാടുന്ന ലളിതമധുരഗാനമാവുമ്പോൾ കരളിനണിയറയിൽ പക്കമേളമൊരുങ്ങുന്നു ഹൃദയധമനി എന്ന വാക്കിൽ ഒരു നൃത്തച്ചുവടിന്റെ പദവിന്യാസമുണ്ട്. വാക്കും ഈണവും ചേർന്ന് മഴ എന്ന അനുഭവത്തെ ആവാഹിച്ചെടുത്ത് ഒരു നൃത്തസംഗീത ഭാവ ശിൽപ്പമായി  പരിഭാഷപ്പെടുത്തിയിരിക്കുന്ന അദ്ഭുതഗാനമാണിത്. 
പിൽക്കാലത്ത് മലയാള സിനിമയിൽ നിറപ്പകിട്ടാർന്ന പ്രണയ ദൃശ്യങ്ങൾ സമ്മാനിച്ച പ്രിയദർശൻ തിരക്കഥയും സഹ സംവിധാനവും നിർവഹിച്ച അശോക് നാഥിന്റെ തേനും വയമ്പുമാണ് ബിച്ചു - രവീന്ദ്രൻ ടീമിന്റെ മറ്റൊരു മാസ്മര ഹിറ്റ് .
ആ സിനിമയിൽ , ഭാര്യ മരിച്ച് മകനെയും കൊണ്ട് വിധുരനായി ജീവിക്കുന്ന നസീറിന് സുമലതയോട് തോന്നുന്ന വിഷാദാർദ്രമായ പ്രണയം  ബിച്ചു ഒരു പാട്ടിലെ ഒറ്റവരികൊണ്ട് അനുഭവപ്പെടുത്തിത്തന്നു .
ഒറ്റക്കമ്പി നാദം മാത്രം മൂളും വീണാഗാനം ഞാൻ . സ്വതവേ വീണയിലൊരു ശോക മുണ്ട്. അത് ഒറ്റയ്ക്ക് ജീവിക്കുന്നതിന്റേതാണ്  എന്ന് വിശദീകരണാവശ്യമില്ലാതെ ബോധ്യപ്പെടുന്നു ഇവിടെ . ആ ഏക ഭാവവും ഏതോ താളവും മൂകരാഗഗാനാലാപവും ഏറെ പറയേണ്ടല്ലോ ഇനി. അതിന്റെ അനുപല്ലവി എന്റെ പ്രണയസങ്കൽപ്പങ്ങളുടെ മാനിഫെസ്റ്റോ തന്നെയായി ഇന്നും വർത്തിക്കുന്നുണ്ട്.
നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളങ്ങീടാൻ ,
നിന്റെ ഇഷ്ടഗാനമെന്ന 
പേരിലൊന്നറിഞ്ഞീടാൻ 
ഉള്ള ആ മോഹമുണ്ടല്ലോ - അതിനേക്കാൾ മനോനിബദ്ധമായി  ഒരു പ്രണയത്തെ എങ്ങനെയാണ് അവതരിപ്പിക്കുക ?
നസീർ കൊണ്ടു നടക്കുന്ന ഈ മൂകരാഗം പോലെയല്ല നെടുമുടി വേണു മാഷിന് സുമലതടീച്ചറോടുള്ള പ്രണയം . അത് അൽപം ബാലചാപല്യവും നാണം കുണുങ്ങിത്തരവുമൊക്കെ കലർന്നത്. നെടുമുടിയുടെ അന്നത്തെ രൂപഭാവങ്ങൾക്കും ശരീര ഭാഷയ്ക്കും ഇണങ്ങും വിധം പാട്ടിലെ വരികളും വാർന്നു വീണു.
മാനത്തെ ശിങ്കാരത്തോപ്പിൽ ഒരു ഞാലിപ്പൂവൻ പഴത്തോട്ടം - കാലത്തും വൈകിട്ടും ആ വാഴത്തോട്ടത്തിൽ കൂമ്പാളത്തേനുണ്ണാൻ കൂട്ടുകാരിയെ ക്ഷണിക്കുന്നയാളിൽ കുട്ടിത്തമല്ലേ മുന്നിട്ട് നിൽക്കുന്നത് ? തേനും വയമ്പും എന്ന് കേൾക്കുമ്പോൾ ഹൃദ്യമായൊരു മധുരമാണ് മനസ്സിലുണരുന്നത് . സത്യത്തിൽ വയമ്പ് ശരിക്കും കയ്ക്കുന്ന സാധനമാണ്. തേനിൽ ചാലിച്ച വയമ്പിന്റെ കയ് പാർന്ന മധുരമായി ഒരു പ്രണയം ഉള്ളിൽ സൂക്ഷിക്കുന്ന ആരും ബിച്ചുവിന്റെ പാട്ടിൽ നിന്നും പറന്നുയർന്ന ആ വാനമ്പാടിയെ മറക്കില്ല. 
എ പടം എന്ന് പാർശ്വവൽക്കരിക്കപ്പെട്ട സെക്സ്പ്രമേയ സിനിമകൾക്ക് മുഖ്യധാരയിൽ കിട്ടിയ വിപ്ളവകരമായ ഇരിപ്പിടമാണ് ഐ വി ശശിയുടെ  അവളുടെ രാവുകൾ .സിനിമയുടെ കഥ തന്നെ വിളംബരം ചെയ്യുന്ന വരികളാണ് ബിച്ചു സീമ അവതരിപ്പിച്ച രാജിയുടെ ഉള്ളുരുക്കം പ്രേക്ഷകരിലേക്കെത്തിക്കാനായി  എഴുതിയത്. 
രാഗേന്ദുകിരണങ്ങളൊളി വീശിയില്ല ,
രജനീകദംബങ്ങൾ മിഴിചിമ്മിയില്ല ,
മദനോത്സവങ്ങൾക്ക് നിറമാല ചാർത്തി 
മനവും മിഴിയും മരുഭൂമിയായ് ..
നിദ്രാവിഹീനങ്ങളല്ലോ 
എന്നും അവളുടെ രാവുകൾ . അന്നത്തെ 
വരേണ്യപ്രേക്ഷകർ സിനിമയ്ക്ക് കൽപ്പിച്ച അയിത്തം പാട്ടിന് കൽപ്പിച്ചില്ല. ഒരു തെരുവുവേശ്യ പലരുടെയും മദനോത്സവങ്ങൾക്ക് നിറമാല ചാർത്തി ഒടുവിൽ ഉടലും മനസ്സം വരണ്ട മരുഭൂമിയായിത്തീരുന്നതെങ്ങനെയെന്ന് ഈ വരികൾ നമ്മെ ചിന്തിപ്പിക്കുന്നു. പെണ്ണുടലിന്റെ മാദകഭാവമല്ല, അവളുടെ ജീവിത ദൈന്യതയുടെ ചിത്രം  തെളിയുന്ന ഹൃദയസ്പർശിയായ വരികൾ .
ശ്രുതിയിൽ നിന്നുയരുന്ന നാദശലഭങ്ങളാണ് ഈ തിരുമലക്കാരന്റെ ഗാന കൽപ്പനകളിൽ നിരന്നു നിറയുന്നത്. സമുദ്രജലം ബാഷ്പമായി ആകാശത്ത് കൊടുമുടി രൂപമാർജ്ജിക്കുന്നതിൽ നിന്നും അദ്ദേഹം എത്തിച്ചേർന്ന ഭാവന കേൾക്കൂ .. 
മൈനാകം കടലിൽ നിന്നുയരുന്നുവോ ?
ചിറകുള്ള മേഘങ്ങളോ 
ശിശിരങ്ങൾ തിരയുന്നുവോ ? 
മേഘക്കൊടുമുടിയിൽ ശാപം കൊണ്ട് ചിറകറ്റ് കടലിൽ വീണ മൈനാകപർവ്വതത്തെ ഓർത്തെടുക്കുകയാണ് കവി. ഹേമന്തം തൊഴുതുണരുന്ന പുലരികളും ഹൈമവതിക്കുളിരണിയുന്ന സന്ധ്യകളും ഹൃദയസഖിയുടെ കവിളിണയിൽ ഇന്ദുമുഖിപ്പൂവിടരുന്നതിനോട് ചേർത്തുവെക്കുന്ന അപൂർവമായ ബിംബ സമന്വയവും അവിടെ അനായാസം വന്നു ചേരുന്നു. ചെമ്പനീരലരിന് വിഷാദ ഭാവങ്ങളരുളുന്ന തുഷാരബിന്ദുക്കളിൽ തുളുമ്പുന്നത് ഘനീഭവിച്ച നായികാ ദു:ഖമാണ് . ഏ ടീ ഉമ്മറിന്റെ ഹിന്ദി സ്പർശമുള്ള ഈണങ്ങളെ ഭാവനാ ചാരുതയോട് ഇണക്കിയത് നീലജലാശയത്തിൽ ഹംസങ്ങൾ നീന്തിത്തുടിക്കുമ്പോൾ നീർപ്പോളകളുടെ ലാളനമേറ്റ് വിടർന്ന ഗാനരചനയുടെ നീലത്താമരകൾ തന്നെ.
ബാലഭാവനകൾക്കായി ആളുമരങ്ങുമൊരുങ്ങിയ ഒരു പാട് പാട്ടുകൾ അദ്ദേഹം എഴുതി. കൊന്നപ്പൂഞ്ചോലകളിൽ കുളിച്ചൊരുങ്ങിയ  തുമ്പിക്കുരുന്ന് തുമ്പക്കുടത്തിൽ ചാഞ്ചാടുന്നത് കാണാൻ എന്തു ചന്തം . ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തി ആടിപ്പാടാൻ  പൂങ്കുരുവിയോടൊപ്പം ഓടിപ്പോകുന്ന കുരുന്നു കൗതുകങ്ങൾ ആ ഗാനലോകത്ത് അവിടവിടെ കാണാം. അപ്പൂപ്പൻ താടിയിൽ ഉപ്പിട്ട് ചേർക്കുന്ന രസ ജാലവിദ്യ. മിന്നാമിനുങ്ങും മയിൽക്കണ്ണിയും കുളിരുന്ന കാറ്റിനെ കടം വാങ്ങാനേൽപ്പിക്കുന്ന സങ്കൽപ്പകാന്തികൾ . ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പോൾ പാടാൻ ഓലത്തുമ്പത്തിരുന്ന് ഊയലാടുന്ന ചെല്ലപ്പൈങ്കിളിയെ ക്ഷണിക്കുന്ന പാട്ടിലും കുട്ടികൾക്ക് വേണ്ടിയുള്ള ഭാവ നൈർമല്യമുണ്ട്. 
കൗമാര പ്രണയം  അവതരിപ്പിക്കുന്ന പൂമുഖപ്പടി ഗാനത്തിലും 

കൊഞ്ചീ  കരയല്ലേ ..
മിഴികൾ നനയല്ലേ 
ഇളമനമുരുകല്ലേ 
എന്നൊക്കെയാണ് സാന്ത്വനം. 
പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലിക്കൊണ്ടാണ് പലപ്പോഴും ആ സ്നേഹ പ്രവാഹം . ഇളയരാജയുടെ വ്യത്യസ്ത ഈണം ഭാവത്തിലെ മസൃണതയ്ക്ക് എല്ലുറപ്പ് പകരുന്നതുമായി .
കണ്ണോട് കണ്ണോരം കണിമലരായും കാതോട് കാതോരം തേനൊലിയായും കുഞ്ഞുങ്ങളോടുള്ള ഇമ്പം തുളുമ്പിയ എത്രയെത്ര പാട്ടുകൾ !
മലയാളസിനിമാഗാനരംഗങ്ങളിൽ ഞാൻ ഏറ്റവും കൂടുതൽ രേവതിക്കൊരു പാവക്കുട്ടിയിലെ ഒരു പാട്ടാണ്. ഏത് കാലത്തും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പത്തു പാട്ടുകളിലൊന്ന്. 

വെള്ളാരം കുന്നുമ്മേലേ 
വേഴാമ്പൽ മഴ തേടുമ്പോൽ 
നിന്നോർമ്മതൻ 
പൊൻ പാതയിൽ 
കണ്ണായിരം 
കരളായിരം 
ആരോമലേ നിൻ 
കരളായിരം .
അമ്മ മരിക്കാൻ കാരണം അച്ഛനാണെന്ന് തെറ്റിദ്ധരിച്ച് അച്ഛനെ വെറുത്ത മകൾ , മുതിർന്നപ്പോൾ അവൾ തനിക്ക് പകരം കൂട്ടുകാരിയെ മകളായി അച്ഛന്റെ അരികിലേക്കയച്ചു. സ്വന്തം മകളായി കണ്ട് ആ അച്ഛന്റെ സ്നേഹം കവിഞ്ഞൊഴുകി. അനാഥയായ അവൾക്ക് ആ വാത്സല്യം മുമ്പൊരിക്കലും കിട്ടാത്തതായിരുന്നു.
ഗോപിയും രാധയും ശരിക്കും അച്ഛനും മോളുമായി മനസ്സിൽ ബാക്കിയായത് ആ പാട്ട് നിമിത്തമാണ്. താരാട്ടു വാൻ മാമൂട്ടുവാൻ ഇന്നെന്റെ ജന്മം തികയാതെയായ് എന്നാണ് രണ്ടാം അനുപല്ലവിയിലെ അവസാന ഈരടി . ശ്യാമിന്റെ ഈണത്തിൽ ബിച്ചുവിന്റെ വശ്യതയേറുന്നു. മകളേ, പാതി മലരേ നീ 
മനസ്സിലെന്നെ അറിയുന്നുവോ ? എന്ന ചമ്പക്കുളം തച്ചനിലെ പാട്ടും ഹൃദയ സ്പർശിയാണ് . അതിലാണ് ആശാരിച്ചെറുക്കനായ വിനീത് തന്റെ നായികയായ അമൃതയോട് (പിന്നീട് രംഭ ) ഇങ്ങനെ മനസ്സ് തുറക്കുന്നത് .
മുഴക്കോല് പോലും കൂടാതെന്നേ നിന്നെ
അളന്നിട്ടു പെണ്ണേ എന്റേയുള്ളിൽ ഞാൻ .
പ്രണയത്തിന്റെ ഈ തച്ചുഗണിതവും അപൂർവമായ ഒരു വാഗനുഭവമാണ്. 
ഒളിക്കുന്നുവോ മിഴിക്കു മ്പിളിൽ ഓരായിരം മഴത്തുമ്പികൾ എന്ന പാട്ടിന്റെ അനുപല്ലവിയിലാണ് ആ വരികൾ . ഉണ്ണികളോട് കഥ പറയുന്ന കമൽ- മോഹൻലാൽ സിനിമയിൽ ഒന്നു ചേർന്നൊരു കർണ്ണികാരഭവനം പണിയുന്നതും പുഞ്ചിരിയുടെ പൂവിളി കളിലെ രാഗം കണ്ടെത്തുന്നതും ഈ പാട്ടെഴുത്തുകാരനാണ്. 
അക്കാലത്ത് നോട്ടിൽ എഴുതിയെടുത്ത് കാണാപ്പാഠം പഠിച്ചിരുന്നു അതിന്റെ ആമുഖമായ അക്ഷരപ്പാട്ട്. ആ ഓർമ്മയിലാണ് ഇപ്പോൾ ഇതെഴുതുന്നത്. 
കളകളമിളകുമൊരരുവിയിലലകളിലൊരു കുളിരൊരു പുളകം,

കരളിലുമലരിതളുതിരുമൊരളികുലമിളകിയ ചുരുള ളകം.

ആ ഗാന പ്രപഞ്ചത്തിലൂടെ ഇര വെന്നിയേ പകലെന്നിയേ പദയാത്ര ചെയ്യാൻ ഇന്നും എന്ത് രസം ! 
അവിടെയിപ്പോഴും നക്ഷത്ര ദീപങ്ങൾ തിളങ്ങുന്നുണ്ട് , നവരാത്രിമണ്ഡപമൊരുങ്ങുന്നുണ്ട്. ചിങ്ങവനത്താഴത്തെ കുളിരും കൊണ്ടോടി വരുന്ന കാറ്റിൽ പൂവുകളുടെ ഭരതനാട്യം .
അംബിക പാടുമ്പോൾ സുകുമാരനും സംഘവും കൂക്കിവിളിച്ച് അലങ്കോലമാക്കുന്ന ഒരു കാമ്പസ് ഗാനമുണ്ടല്ലോ അണിയാത്ത വളകൾ എന്ന സിനിമയിൽ . സന്ദർഭം കൃത്യമായി മനസ്സിലാക്കിയിട്ടാണെന്ന് തോന്നുന്നു  ബിച്ചു കാമ്പസ്സ്ഉഴപ്പന്മാരെ കളിയാക്കി ഇങ്ങനെ എഴുതിയത് - കാലികൾ മേയുമീ കാനനത്തിൽ നിന്റെ കാലൊച്ച കേൾക്കുവാൻ കാത്തിരിപ്പു - 
പാട്ട് ഒരു മയിൽപ്പീലിയായ് ഞാൻ ജനിച്ചുവെങ്കിൽ ...
മിഴിയോരം നനഞ്ഞൊഴുകുന്ന മുകിൽമാലകളിൽ ഒരു പാവം ഈണക്കാരൻ ജെറി അമൽദേവ് ഇന്നും ബാക്കിയാവുന്നത് ബിച്ചു സമ്മാനിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ കൊണ്ടു തന്നെയാണ്. ആ മഞ്ഞണിക്കൊമ്പിൽ താനിരുന്ന് പാടുന്നത് സിന്ദൂരക്കുരുവിയാണെന്ന് സിനിമയുടെ കഥ പ്രവചിക്കുകയായിരുന്നില്ലേ പാട്ട് ? എന്നിട്ടും നമ്മൾക്ക് മനസ്സിലായില്ല !  ആയിരം കണ്ണുമായി കാത്തിരുന്നവർക്കറിയാം പാട്ട് നാളേക്ക് ബാക്കിയാക്കുന്നത് എന്തെന്ന് ... എന്റെ ജീവിതത്തിന്റെ എക്സ് സ്റ്റൻഷൻ ( ബാക്കിയെല്ലാം എക്സ്ട്രാ ടെൻഷൻ ആണ് ) പാട്ടുകളാണ്. അതിൽ ബിച്ചു തിരുമലയും മുന്നിലുണ്ട് വെള്ളാരങ്കുന്നിലെ ഹൃദയ ദേവാലയമായി .

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ക്രിസ്മസ് - പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചത് കുടയംപടി ഒളിപ്പറമ്പില്‍ സദന്.

സിനഡാന്തര സര്‍ക്കുലര്‍ കേവലം സമ്മര്‍ദ്ദതന്ത്രം മാത്രമെന്ന് എറണാകുളം അതിരൂപതാ സംരക്ഷണ സമിതി 

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  - ഞായറാഴ്ച (ജോബിന്‍സ്)

മമ്മൂട്ടി കോവിഡ് പോസിറ്റിവ് ; സിബിഐ 5 ചിത്രീകരണം നിര്‍ത്തിവച്ചു

കെ. റെയില്‍ ഡിപിആര്‍ അന്തിമമല്ലെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍

സിപിഎമ്മുകാര്‍ മരണത്തിന്റെ വ്യാപാരികളാണെന്ന് വി.ഡി. സതീശന്‍

മുന്‍ എംപി എ. സമ്പത്ത് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ നിന്നും പുറത്ത് 

പ്രധാനമന്ത്രി പദത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്താല്‍ മറ്റുള്ളവര്‍ പരിഹസിക്കുമെന്ന് സിപിഎം

കിറ്റക്‌സിനെതിരെ പുതിയ ആരോപണം ; പെരിയാര്‍വാലി കനാല്‍ തുരന്ന് അനധികൃതമായി വെള്ളമെടുക്കുന്നു

ചൈനയെ പ്രകീര്‍ത്തിച്ച് കോടിയേരി ; താലിബാന്‍ അനുകൂല നിലപാട് അതിര്‍ത്തിയുമായി ബന്ധപ്പെട്ടത്

ലോ കോളജിലെ എസ്എഫ്‌ഐ കൊടിമരം തകര്‍ത്തു; കോണ്‍ഗ്രസ് കൗണ്‍സിലറും പ്രവര്‍ത്തകരും അറസ്റ്റില്‍

നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് തൃശൂരിലും സിപിഎമ്മിന്റെ മെഗാ തിരുവാതിര

അയല്‍വാസിയെ കൊന്ന കേസില്‍ പിടിയിലായ അമ്മയും മകനും മുമ്പ് പീഡനം മറയ്ക്കാനും കൊലപാതകം നടത്തി

മാർ ജോസഫ് പാംപ്ലാനി തലശേരി ആർച്ച് ബിഷപ്പ് 

വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചു

ബിഷപ്പ് ഫ്രാങ്കോ കേസ് ; വിധി അസംബന്ധവും അബദ്ധവുമെന്ന് ഹരീഷ് വാസുദേവന്‍

ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ വിധിന്യായത്തിലെ പ്രസക്തഭാഗങ്ങള്‍

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

ബിഷപ്പ് ഫ്രാങ്കോ കേസ് ; അതിവേഗ അപ്പീലിന് പോലീസ് ; സ്വന്തം നിലയില്‍ അപ്പീല്‍ പോകാന്‍ കന്യാസ്ത്രിയും

സസ്‌പെന്‍സ് നീളുന്നു ; വിഐപി മെഹബൂബാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബാലചന്ദ്ര കുമാര്‍

മൃതദേഹത്തില്‍ പൂവ് പേണ്ടെന്ന് പി.ടി. നഗരസഭ വെച്ചത് ഒന്നേകാല്‍ ലക്ഷത്തിന്റെ പൂവ് ; അഴിമതി ആരോപണം

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ; ആം ആദ്മിക്ക് ലഭിച്ചത് എട്ട് ലക്ഷം പ്രതികരണങ്ങള്‍

അത്ഭുതമായി കോവിഡ് വാക്‌സിന്‍ ; കിടപ്പിലായിരുന്ന ആള്‍ എണീറ്റ് നടന്നു

യോഗി ആദിത്യനാഥ് ഇത്തവണ അയോധ്യയിലേയ്ക്കില്ല ;  ഗോരഖ്പൂരില്‍ മത്സരിക്കും

ആ വിഐപി താനല്ലെന്ന് കോട്ടയം സ്വദേശിയായ വ്യവസായി മെഹബൂബ്

പി.സി ജോര്‍ജിനെ സന്ദര്‍ശിച്ച്  നന്ദി അറിയിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍

തന്‍റെ മനസ് കല്ലല്ല, ധീരജിന്‍റെ മരണത്തില്‍ ദുഃഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമെന്ന് കെ. സുധാകരന്‍

ദിലീപ് കേസ്; റിപ്പോര്‍ട്ടര്‍ ചാനലിനും പൊലീസിനും എതിരെ മനുഷ്യാവകാശ കമ്മീഷന്‍ 

ജനുവരി 16 ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനമായി ആചരിക്കും : പ്രധാനമന്ത്രി

ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കെ സി രാമചന്ദ്രന്റെ വീടാക്രമിച്ച എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി

View More