Image

ട്രെയിനിടിച്ച് കാട്ടാനകള്‍ ചരിഞ്ഞു, തമിഴ്‌നാടിന്റെ അനധികൃത പരിശോധന, ചിപ്പ് കൈക്കലാക്കി

Published on 27 November, 2021
ട്രെയിനിടിച്ച് കാട്ടാനകള്‍ ചരിഞ്ഞു, തമിഴ്‌നാടിന്റെ അനധികൃത പരിശോധന, ചിപ്പ് കൈക്കലാക്കി
പാലക്കാട്: ട്രെയിനിടിച്ച് കാട്ടാനകള്‍ ചരിഞ്ഞ സംഭവത്തില്‍ തമിഴ്‌നാട് വനം വകുപ്പിന്റെ അനധികൃത പരിശോധന. ട്രെയിനിനുള്ളില്‍ കയറിയ വനം ഉദ്യോഗസ്ഥര്‍, വേഗനിയന്ത്രണ ചിപ്പ് കൈക്കലാക്കി. പാലക്കാട് റെയില്‍വേ ഓഫിസിലെത്തിയ വനം ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചിരിക്കുകയാണ്. പാലക്കാട് ഒലവക്കോടാണു സംഭവം.

തമിഴ്‌നാട്ടില്‍നിന്നെത്തിയ നാല് വനപാലകരെയാണ് ഒലവക്കോടില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണു കോയമ്പത്തൂരിനും വാളയാറിനും ഇടയില്‍ ട്രെയിന്‍ തട്ടി മൂന്ന് കാട്ടാനകള്‍ ചരിഞ്ഞത്. ലോക്കോ പൈലറ്റിന്റെ അമിത വേഗമാണ് അപകടത്തിനു കാരണമായതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ലോക്കോ പൈലറ്റിനെയും സഹപൈലറ്റിനെയും ചോദ്യം ചെയ്തു വിട്ടയച്ചു.

അതിനു ശേഷമാണ് വാളയാറിലുണ്ടായ ട്രെയിനിന്റെ എന്‍ജിനില്‍നിന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ചിപ്പ് കൈക്കലാക്കിയത്. തുടര്‍ന്ന് ട്രെയിനിന്റെ വേഗം അറിയാന്‍ ചിപ്പ് പരിശോധിക്കുന്നതിന് ഉദ്യോഗസ്ഥര്‍ ഒലവക്കോടേക്കു വന്നു. റെയില്‍വേ ഉദ്യോഗസ്ഥരോട് ആവശ്യമുന്നയിച്ചപ്പോഴാണ് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ കയറിയ കാര്യം പുറത്തറിയുന്നത്. ചിപ്പ് കൈമാറാന്‍ വനപാലകര്‍ തയാറായിട്ടില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക