Image

പ്രധാനമന്ത്രിയുടെ വിശ്വാസ്യത വിചാരണ ചെയ്യപ്പെടുന്നു (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 27 November, 2021
പ്രധാനമന്ത്രിയുടെ വിശ്വാസ്യത വിചാരണ ചെയ്യപ്പെടുന്നു (ദല്‍ഹികത്ത് : പി.വി.തോമസ്)
 
ഇന്‍ഡ്യയുടെ പ്രധാനമന്ത്രി മാപ്പു പറയഞ്ഞുകൊണ്ട് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്നും ഒരുവര്‍ഷം ആയി(2020 നവംബര്‍ 26 മുതല്‍) നടത്തിവരുന്ന കലുഷിതമെങ്കിലും സമാധാപനപരമായ കര്‍ഷകസമരം പിന്‍വലിച്ച് വീടുകളിലേക്ക് തിരിച്ചുപോകണമെന്ന് നവംബര്‍ 19-ാം തീയതി ഒരു ദേശീയ സംപ്രേക്ഷണത്തിലൂടെ അഭ്യര്‍ത്ഥിച്ചെങ്കിലും കര്‍ഷകര്‍ കൂട്ടാക്കിയില്ല. അവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കാലുള്ള ഉറപ്പ് പോര. പാര്‍ലിമെന്റിന്റെ നിയമം വേണം. പ്രധാനമന്ത്രി സൗകര്യപൂര്‍വ്വം വിസ്മരിച്ച അവരുടെ മറ്റ് ആവശ്യങ്ങള്‍ക്കും പാര്‍ലിമെന്റിന്റെ നിയമപരമായ അനുമതിവേണം. പ്രധാനമന്ത്രിയെ കര്‍ഷകര്‍ വിശ്വസിക്കുന്നില്ല. പ്രധാനമന്ത്രിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. വിചാരണ ചെയ്യപ്പെടുകയാണ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി പരസ്യമായി മാപ്പു പറഞ്ഞുകൊണ്ട് തര്‍ക്കവിഷയമായ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുകയാണെന്നും പറഞ്ഞിട്ടും കര്‍ഷകര്‍ അതിന് തെല്ലുവിലയും കല്‍പിക്കാതിരുന്നത്. അവിടെയാണ് പ്രധാനമന്ത്രിയുടെ തകരുന്ന വിശ്വാസ്യതയുടെ പ്രശ്‌നം ഉയരുന്നത്. കര്‍ഷകര്‍ ജനസംഖ്യയുടെ 80 ശതമാനം ആണെന്നും മനസിലാക്കണം. ഇവര്‍ ഇന്‍ഡ്യയുടെ പ്രധാനമന്ത്രിയുടെ വാക്കുകളെയും ഉറപ്പുകളെയും പ്രസ്താവനകളെയും വിശ്വസിക്കുന്നില്ലെന്നത് അപകടകരമായ ഒരു അവസ്ഥ ആണ്. ഭരണം തുടങ്ങി ഏഴു വര്‍ഷം കഴിഞ്ഞിട്ടും ഒരു പക്ഷേ അവര്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ പ്രാവര്‍ത്തികമായികാണാത്തതുകൊണ്ട് അവ പൊള്ളയായ വാഗ്ദാനങ്ങളായി പരിണമിച്ചതുകൊണ്ടും ആയിരിക്കാം ഇത്. 'അച്ചാദിന്‍' ഇനിയും വന്നിട്ടില്ല. വിലക്കയറ്റം തടയപ്പെട്ടിട്ടില്ല. പകരം കുതിച്ചുയരുകയാണ്. കള്ളപ്പണം കണ്ടെടുത്തിട്ടില്ല. പകരം നല്ലപണം നിരോധിക്കുകയാണുണ്ടായത്. 15 ലക്ഷം രൂപ സാധാരണ ജനങ്ങളുടെ അക്കൗണ്ടുകളില്‍ എത്തിയില്ല. അങ്ങനെ ഒട്ടേറെ പൊള്ളയായ വാഗ്ദാനങ്ങള്‍ പ്രധാനമന്ത്രിയുടെ വിശ്വാസ്യതയെ തകര്‍ത്തു. പകരം നടപ്പിലാക്കിയത് രാഷ്ട്രീയ സ്വയ സേവക് സംഘിന്റെയും സംഘപരിവാറിന്റെയും അജണ്ടയാണ്. കാശ്മീരിന്റെ വിഭജനം, സംസ്ഥാനപദവി എടുത്തുകളയല്‍, ആര്‍ട്ടിക്കിള്‍ 370-ന്റെ പിന്‍വലിക്കല്‍, രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ജനങ്ങളുടെ ജീവിതോദ്ധാരണത്തിനായി കാര്യമായി ഒന്നും പ്രായോഗിക തലത്തില്‍ നടന്നില്ല. കര്‍ഷകസമരം ഒടുവില്‍ ഔദ്യോഗികമായി കര്‍ഷകര്‍ പാര്‍ലിമെന്റിന്റെ ശീതകാലസമ്മേളനം തുടങ്ങി(നവംബര്‍ 29) ഒരാഴ്ചയ്ക്കുള്ളില്‍ ഉചിതമായ നിയമനിര്‍മ്മാണ പ്രക്രിയക്കു ശേഷം പിന്‍വലിച്ചേക്കാം. പക്ഷേ, ഇവിടെ ഇതുവരെ പ്രധാനമന്ത്രിയുടെ വിശ്വാസ്യതക്ക് ഏറ്റ കനത്ത ആഘാതം ആണ് കാണുന്നത്. ബി.ജെ.പി.യും സംഘപരിവാറും ഒഴിച്ച് ആരും പ്രധാനമന്ത്രിയെ വിശ്വസിക്കുന്നില്ല. ഒപ്പം ചങ്ങാത്ത മുതലാളിമാരായ വന്‍ വ്യവസായികളും. കര്‍ഷകര്‍ വിശ്വസിക്കുന്നില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗം വിശ്വസിക്കുന്നില്ല. ഇത് വളരെ ശോചനീയമായ ഒരു അവസ്ഥയാണ്.
 
എന്താണ് പ്രധാനമന്ത്രി ദേശീയ സംപ്രേക്ഷണത്തില്‍ പറഞ്ഞത് ? അദ്ദേഹം മാപ്പുപറഞ്ഞത് കര്‍ഷകവിരുദ്ധമായ നിയമങ്ങള്‍ കൊണ്ടുവന്ന് കര്‍ഷകരെ ക്ലേശത്തിലാക്കിയതിനല്ല. എഴുന്നൂറിലേറെ കര്‍ഷകര്‍ ഈ സമരത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടതിലോ കര്‍ഷകരേയും അവരുടെ കുടുംബങ്ങളെയും ക്ലേശത്തിലേക്കും ദുരിതത്തിലേക്കും ഒരു വര്‍ഷം തള്ളിയിട്ടതിനു അല്ല. ഒരു വിഭാഗം ജനങ്ങളെ, അതായത് കര്‍ഷകരെ, ഈ നിയമങ്ങളുടെ ന•കളെ ബോദ്ധ്യപ്പെടുത്തുവാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാണ് അദ്ദേഹം ക്ഷമ ചോദിച്ചത്. അപ്പോഴും പ്രധാനമന്ത്രി ഈ മൂന്ന് കാര്‍ഷിക നിയമങ്ങളെയും ന്യായീകരിക്കുകയാണുണ്ടായത്. കാര്‍ഷികമേഖലയില്‍ ഇത് സ്വതന്ത്രമായ ക്രയ-വിക്രയം സാദ്ധ്യമാക്കുമെന്നും കോണ്ടാക്ട് ഫാമിംങ്ങ് നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അങ്ങനെ കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ വ്യതിയാനങ്ങള്‍ ഉണ്ടാകും. തെറ്റായി അദ്ദേഹം സമ്മതിച്ച ഒരേ ഒരു കാര്യം 'ഞങ്ങളുടെ ശ്രമങ്ങളിലും വീഴ്ചകള്‍ ഉണ്ടായിരുന്നിരിക്കാം' എന്നുമാത്രം ആണ്.
 
പൗരത്വഭേദഗതി നിയമവിരുദ്ധ സമരത്തെയും നാഷ്ണല്‍ പോപ്പുലേഷന്‍ രജിസ്ട്രറിനെതിരെയുള്ള പ്രക്ഷോഭണത്തെയും ഗവണ്‍മെന്റ് നേരിട്ട് ഒതുക്കിയ രീതി കണ്ട കര്‍ഷകര്‍ക്ക് ഇതൊന്നും കൊണ്ട് മനസിളകുയില്ല. പൗരത്വ സമരക്കാരെ ദേശദ്രോഹികളും ഭീകരവാദികളും പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ഏജന്റുമാരായും ചിത്രീകരിച്ച് അവരില്‍ 'ഗോലിമാരോ' എന്ന് ഗവണ്‍മെന്റും സംഘപരിവാറും ആക്രോശിച്ചു. 'ഗോലി മാരോ' എന്നും ആജ്ഞാപിച്ചത് കേന്ദ്രമന്ത്രിസഭയിലെ ഒരു മന്ത്രി ആണ്. ഇതേ തന്ത്രങ്ങള്‍ കര്‍ഷകരുടെ അടുത്തും പ്രയോഗിച്ചു. അവരെയും ദേശദ്രോഹികളായും ഖാലിസ്ഥാന്‍ ഭീകരവാദികളായും അര്‍ബ്ബന്‍ നക്‌സലൈററുകള്‍ ആയും 'ആന്തോളന്‍ ജീവികളായും' ചിത്രീകരിച്ച് താറടിച്ചു കാണിക്കുവാന്‍ ശ്രമിച്ചു. പക്ഷേ, ഫലിച്ചില്ല. പഞ്ചാബില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാനയില്‍ നിന്നും വരുന്ന ഈ കര്‍ഷകരും അവരുടെ സന്തതി പരമ്പരകളും ഇന്‍ഡ്യന്‍ പട്ടാളത്തിന്റെ നട്ടെല്ലാണ് . നാടിന്റെ നട്ടെല്ലായ അന്നദാതാക്കള്‍ എന്നതുപോലെതന്നെ. ഒരു വശത്തുകൂടെ ഇവരെ തേജോവധം നടത്തി ദേശദ്രോഹികളായി മുദ്രകുത്തുവാന്‍ ശ്രമിച്ചവര്‍ ആണ് ഇപ്പോള്‍ മാപ്പ് ചോദിക്കുന്നത്. അതും തെറ്റായ കാരണങ്ങള്‍ക്ക്. എവിടെയായിരുന്നു പ്രധാനമന്ത്രിയുടെ സഹാനുഭൂതിയും വിശ്വസ്യതയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ഒരു കേന്ദ്രമന്ത്രി, അജയ്മിശ്രയുടെ മകന്‍ ആഷിഷ് മിശ്ര ലഖിംപൂര്‍ ഖേരിയില്‍(ഉത്തര്‍പ്രദേശ്) സമരം ചെയ്യുന്ന കര്‍ഷകരെ വാഹനം കയറ്റി മനഃപൂര്‍വ്വം കൂട്ടക്കൊല ചെയ്തപ്പോള്‍? മിശ്ര ഇപ്പോഴും കേന്ദ്രമന്ത്രിസഭയില്‍ പ്രധാനമന്ത്രിയോടൊപ്പം തോളോട് തോള്‍ ഉരുമ്മുകയല്ലേ. മിശ്രയെ പുറത്താക്കിയില്ല ഇതുവരെ. കര്‍ഷകരുടെ ഘാതകന്റെ പിതാവിനെ സ്വന്തം മന്ത്രിസഭയില്‍ വച്ചുപുലര്‍ത്തുന്ന പ്രധാനമന്ത്രിയുടെ വിശ്വാസ്യത എന്താണ്? മോദി അദ്ദേഹത്തിന്റെ ഉറച്ച തീരുമാനങ്ങളില്‍ പുറകോട്ടു പോയ രണ്ടാമത്തെ സംഭവം ആണ് കര്‍ഷകനിയമങ്ങള്‍. ആദ്യത്തേത് ലാന്റ് അക്വസിഷന്‍ ആക്ട് ആണ്. പ്രതിഷേധത്തെ തുടര്‍ന്ന് അത് സ്വയം ഇല്ലാതാക്കുവാന്‍ വിട്ടു.
 
സിക്ക് മതസ്ഥാപകനായ ഗുരുനാനാക്ക് ദേവന്റെ 152-ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി ഇങ്ങനെ ഒരു സുപ്രധാനമായ പ്രഖ്യാപനം നടത്തിയത് കര്‍ഷകരോടുള്ള സ്‌നേഹം കൊണ്ടല്ല. ന്യൂനപക്ഷവും എന്നാല്‍ പഞ്ചാബില്‍ ഭൂരിപക്ഷവും ആയ സിക്കുമതക്കാരെ പ്രീണിപ്പിക്കുവാന്‍ വേണ്ടി ആയിരുന്നു. കാരണം പഞ്ചാബ്, ഉത്തപ്രദേില്‍ എന്നതുപോലെ, 2022 ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് വരുകയാണ്. അവിടെ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംങ്ങുമായി ചേര്‍ന്ന് ഭരണത്തില്‍ വരാമെന്ന ഒരു കണക്കുകൂട്ടലും ബി.ജെ.പി.ക്ക് ഉണ്ട്. കാര്‍ഷീക നിയമങ്ങള്‍ മൂലം സഖ്യം വിട്ടുപോയ അകാലിദള്‍ തിരിച്ചു വന്നാല്‍ അത് ഒരു ബോണസും ആകും. പക്ഷേ, മോദിയുടെ പ്രഖ്യാപനം വന്നതിനുശേഷവും അകാലിദള്‍, അതിന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടുകൊണ്ട് സാമ്പത്തീക പരിഷ്‌ക്കരണങ്ങളില്‍ ഇതുപോലെ പിന്നോട്ടുപോകുന്ന ഒരു സര്‍ക്കാരിന്റെ പ്രധാനമന്ത്രിയുടെ വിശ്വാസ്യത എന്താണ്? കാര്‍ഷീക നിയമങ്ങള്‍ പിന്‍വലിക്കുവാന്‍ സര്‍ക്കാരും ബി.ജെ.പി.യും പറയുന്ന മറ്റൊരു ന്യായം പഞ്ചാബ് വളരെ ലോലവും തന്ത്രപ്രധാനവും ആയ ഒരു അതിര്‍ത്തി സംസ്ഥാനം ആണ്. അതിനെ സമരം കൊണഅട് കലുഷിതമായി തുടരുവാന്‍ അനുവദിച്ചുകൂടേ. അതിനാല്‍ ദേശസുരക്ഷയെ കണക്കിലെടുത്താണ് കാര്‍ഷീകനിയമങ്ങള്‍ പിന്‍വലിച്ചതെന്നാണ്. ഇതുപോലുള്ള മുടന്തന്‍ ന്യായങ്ങളും അവസരവാദപരമായ നയങ്ങളും ഒരു പ്രധാനമന്ത്രിയുടെ വിശ്വാസ്യത എങ്ങനെ കാത്തു രക്ഷിക്കും?
 
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പും മോദിയുടെ തീരുമാനത്തിനു പിറകില്‍ ഉണ്ട്. 2024-ലിലേക്കുള്ള പ്രയാണത്തില്‍ മോദിക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു സംസ്ഥാനം ആണ് ഉത്തര്‍പ്രദേശ്(80 ലോകസഭസീറ്റുകള്‍). ഉത്തര്‍പ്രദേശിലെ കര്‍ഷക മഹാപഞ്ചായത്തില്‍ വച്ചാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശുകാരനായ കര്‍ഷകനേതാവ് രാകേഷ് തിക്കായത്തും കൂട്ടരും നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ തോല്‍പിക്കുവാന്‍ തീരുമാനം എടുത്തത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് ജാട്ട്, ഗജ്ജര്‍, മുസ്ലീം മതസ്ഥരുടെ കോട്ടയാണ്. ഇവിടത്തെ കര്‍ഷകര്‍ കര്‍ഷക സമരത്തിന്റെ മുന്‍നിരയിലുണ്ട്. 2017-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഇവിടത്തെ 100 സീറ്റുകളില്‍ എഴുപതും വിജയിച്ചത് ആണ്. 80 ലോകസഭസീറ്റില്‍ 29 എണ്ണം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ആണ്. അതും നിര്‍ണ്ണായകം ആണ്. ഇതെല്ലാം ആണ് മോദിയുടെ കര്‍ഷകപ്രേമത്തിന്റെ പിറകില്‍. പക്ഷേ, മറ്റൊരു നഗ്നമായ യാഥാര്‍ത്ഥ്യം കര്‍ഷക നിയമങ്ങള്‍. പിന്‍വലിച്ചതുകൊണ്ട് ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി.ക്ക് കാര്യമായ നേട്ടം ഉണ്ടാക്കുവാന്‍ സാദ്ധ്യതയില്ല. കാര്‍ഷിക നിയമങ്ങളും വര്‍ഷം നീണ്ടുനിന്ന സമരദുരിത ദുരന്തങ്ങളും ഉണങ്ങാനാവാത്ത വൃണങ്ങള്‍ ആണ് കര്‍ഷകഹൃദയങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇത് പ്രധാനമന്ത്രിയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസ്യതയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഗവണ്‍മെന്റ് കര്‍ഷകരുടെ മറ്റ് ഡിമാന്റുകളായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി, കേസുകള്‍ പിന്‍വലിക്കല്‍, താങ്ങുവിലയുടെ നിയമസംരക്ഷണം, സമരത്തില്‍ മരിച്ചുപോയ എഴുന്നൂറില്‍ പരം കര്‍ഷക കുടുംബങ്ങള്‍ക്കുള്ള ധനസഹായം  തുടങ്ങിയവ അംഗീകരിച്ചാലും കര്‍ഷക മനസ് ഉടന്‍ മാറുമെന്ന കാര്യം കണ്ടറിയണം.
 
കാര്‍ഷീക മേഖലയില്‍ സുതാര്യവും കര്‍ഷകര്‍ക്ക് അഭിവൃദ്ധിപരവുമായ പരിവര്‍ത്തനങ്ങള്‍ വേണമെന്ന കാര്യത്തില്‍ സംശയം ഇല്ല. നിയമം വരുന്നതിനുമുമ്പേ വമ്പന്‍ വ്യവസായി പ്രാവുകള്‍ വലകെട്ടി രംഗത്ത് ഇറങ്ങിയിരുന്നു. ഗോഡൗണുകള്‍, ശീതളസംഭരണികള്‍ എല്ലാം കോടികള്‍ മുടക്കി പടുത്തുയര്‍ത്തിയിരുന്നു. ഈ ഒളിച്ചുകളി എങ്ങനെ നടന്നു?. കാര്‍ഷകമേഖലയിലെ സമഗ്രമാറ്റം എന്നു പറയുന്നത് മേഖലയുടെ വ്യവസായവല്‍ക്കരണമല്ല. വ്യവസായവല്‍ക്കരണമല്ല. വ്യവസായികള്‍ക്ക് കര്‍ഷകരെയും കാര്‍ഷികമേഖലയെയും അടിയറവല്‍ക്കല്‍ അല്ല. എന്തുകൊണ്ട് നിയമങ്ങള്‍ ഓര്‍ഡിനന്‍സ്, മൂട്ടിലൂടെ വന്നു? എന്തുകൊണ്ട് പ്രധാനമന്ത്രി കര്‍ഷകരെയും പ്രതിപക്ഷെത്തെയും വിശ്വാസത്തില്‍ എടുത്തില്ല? എ്ന്തുകൊണഅട് ഇവരുമായി ഒരു സമവായം രൂപീകരിക്കുവാന്‍ സാധിച്ചില്ല? ഇത് ജനാധിപത്യപരം അല്ല.
 
ഇനി പാര്‍ലിമെന്റഇല്‍ ഈ ബില്ലു എത്തിയപ്പോഴത്തെ കഥ. ലോകസഭ വന്‍ഭൂരിപക്ഷത്തോടെ ഇത് ബഹളങ്ങള്‍ക്ക് ശേഷം പാസാക്കി. കാരണം അവിടെ ഭരണപക്ഷത്തിന് വന്‍ഭൂരിപക്ഷം ഉണ്ട്. രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ല. പക്ഷേ, അവിടെയും പ്രതിപക്ഷത്തിന്റെ ബഹിഷ്‌ക്കരണത്തിന് ഇടയില്‍ പാസാക്കി. പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടെങ്കിലും ഒന്നും നടന്നില്ല. ഓര്‍ഡിനന്‍സും ബില്ലുകളും നിയമം ആയി. കര്‍ഷകര്‍ സമരവും ആയി രംഗത്തെത്തുകയും ചെയ്തു. കര്‍ഷകരെ പീഡിപ്പിക്കാവുന്നതിലേറെ പീഢിപ്പിച്ചു. പതിനൊന്ന് റൗണ്ടുകള്‍ ഗവണ്‍മെന്റും കര്‍ഷകരുമായി ചര്‍ച്ച നടത്തി. ഒന്നും വിജയിച്ചില്ല. ഇരുകൂട്ടരും കടുംപിടുത്തം പിടിച്ചു. ഗവണ്‍മെന്റ് പറഞ്ഞു ഇത് നിങ്ങള്‍ക്ക് നല്ലതാണെന്ന്. കര്‍ഷകര്‍ പറഞ്ഞു ഇത് ഞങ്ങള്‍ക്ക് വേണ്ടെന്ന്. കാരണം ഇത് ഞങ്ങളുടെ രക്ഷക്കായിട്ടുള്ളതല്ല. പകരം കോര്‍പ്പറേറ്റുകള്‍ക്ക് കര്‍ഷകരെ തീറ്് കൊടുക്കുന്ന നിയമങ്ങള്‍ ആണെന്ന്. ഒടുവില്‍ ഗവണ്‍മെന്റ് പറഞ്ഞു ഈ നിയമങ്ങള്‍ 18 മാസത്തേക്ക് വേണ്ടെന്ന് വയ്ക്കും എന്ന്. പക്ഷേ, കര്‍ഷകര്‍ സമ്മതിച്ചില്ല. അവിടെയും മോദിയുടെയും ഗവണ്‍മെന്റിന്റെയും വിശ്വാസ്യത അവര്‍ ചോദ്യം ചെയ്തു. ഒടുവില്‍ 2021 ജാനുവരി 12-ന് സുപ്രീം കോടതി മൂന്ന് നിയമങ്ങളും തടഞ്ഞുവച്ചു. ജാനുവരി 20-ന് ഗവണ്‍മെന്റ് 18 മാസത്തേക്ക് അത് നിശ്ചലമാക്കി. പക്ഷേ, കര്‍ഷകര്‍ ഇതുകൊണ്ടൊന്നും അടങ്ങിയില്ല. എന്തുകൊണ്ട്? അതായിരുന്നു ഈ സമരത്തിന്റെ വീര്യവും അന്തസത്തയും. അവസാനം ഗവണ്‍മെന്റഇന് കീഴടങ്ങേണ്ടി വന്നു. പ്രധാനമന്ത്രിയുടെ വിശ്വാസ്യതക്ക് മങ്ങളും ഏറ്റു. സുപ്രീംകോടതി ഈ നിയമങ്ങളെ നിര്‍വീര്യമാക്കിയപ്പോള്‍ പ്രധാനമന്ത്രിക്ക് ഇത് പിന്‍വലിക്കാമായിരുന്നു വേണമെങ്കില്‍. പക്ഷേ, ചെയ്തില്ല.
 
ഈ നിയമങ്ങള്‍ പ്രാവര്‍ത്തികം ആയാല്‍ വന്‍ വ്യവസായികളുടെ കോടികളുടെ നിക്ഷേപം ഇന്‍ഡ്യയിലെ കാര്‍ഷികമേഖലയിലേക്ക് ഒഴുകുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഗവണ്‍മെന്റിനെ പിന്തുണക്കുന്ന ബുദ്ധിജീവികള്‍ പറഞ്ഞു ഇന്‍ഡ്യയിലെ കര്‍ഷകര്‍ ഫ്രാന്‍സിലെ മുന്തിരി കര്‍ഷകരെപ്പോലെയും ഇറ്റലിയിലെ ഒലിവു കൃഷിക്കാരെപോലെയും ശതകോടീശ്വരന്മാര്‍ ആകുമെന്ന്. പക്ഷേ, കര്‍ഷകര്‍ ഇതിലൊന്നും വീണില്ല. അംബാനിക്കും അദാനിക്കും സ്വയം പണയപ്പെടുവാന്‍ അവര്‍ തയ്യാറായിരുന്നില്ല.
 
ഇന്‍ഡ്യയിലെ കര്‍ഷകര്‍ക്ക് നട്ടെല്ല് ഉണ്ടെന്നും അത് വയലുകളില്‍ പണിയുവാന്‍ ഉള്ളത് മാത്രം അല്ലെന്നും അധികാരികളുടെ മുമ്പില്‍ തലയുയര്‍ത്തിനില്‍ക്കുവാനുള്ളതാണെന്നും കര്‍ഷകര്‍ തെളിയിച്ചു. ഈ നട്ടെല്ലുകള്‍ വളയാതിരിക്കട്ടെ. നിവര്‍ന്നു തന്നെ നില്‍ക്കട്ടെ. ഇന്‍ഡ്യ ഇതിലൂടെ ആണ് ജീവിക്കുന്നത്.
 
ഈ പംക്തിയില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം എഴുതിയിട്ടുള്ള ഒരു വിഷയം ആണ് ഇന്‍ഡ്യയിലെ കര്‍ഷകസമരം. ഇത് ഫലം കണ്ടതില്‍ സായൂജ്യം.
 
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക