Image

കാഴ്ച്ച (കഥ: പി. ടി. പൗലോസ്)

Published on 25 November, 2021
കാഴ്ച്ച  (കഥ: പി. ടി. പൗലോസ്)
കൊൽക്കത്ത രാജ് ഭവന്‍ സ്റ്റോപ്പിൽ ബസ്സിൽനിന്നിറങ്ങി. ഡിസംബറിലെ  തണുപ്പുള്ള  പ്രഭാതം. ടിഫിൻബാഗ് ഇടതുകക്ഷത്തിലുറപ്പിച്ച്  ഒരു സിഗററ്റിന് തീ കൊളുത്തി  ആഞ്ഞൊരു പുകയെടുത്ത്  വിടവില്ലാതൊഴുകുന്ന ട്രാഫിക്കിന്റെ ഇടവേളക്കായി ഞാൻ കാത്തുനിന്നു. രാജ് ഭവൻ ത്രീപോയിന്റ് ക്രോസ്സിങ്ങിൽ റെഡ്‌ലൈറ്റ്  തെളിഞ്ഞപ്പോൾ സ്ട്രീറ്റ് മുറിച്ചുകടന്ന് ഇടത്തോട്ടല്പ്പം നടന്ന് വലത്തോട്ടുള്ള വാട്ടർലൂ സ്ട്രീറ്റിലൂടെ മുന്നോട്ടുപോയി. അംബര്‍ റെസ്റ്റോറന്റിന്റെ മുന്നിലെത്തിയപ്പോൾ ക്രിസ്തുമസ് പുതുവത്സരാതിഥികളെ വരവേൽക്കാൻ ആകാശംമുട്ടെ പ്ലാസ്റ്റർ ഓഫ് പാരീസിൽ പണിതുയർത്തിയ തൂവെള്ളയിൽ കടുംചുവപ്പിന്റെ തൊപ്പിയണിഞ് നിറപുഞ്ചിരിയോടെ നിൽക്കുന്ന ക്രിസ്തുമസ് അപ്പൂപ്പനെ നോക്കി ഞാൻ ഒരു നിമിഷം നിന്നു .  പിന്നെയും മുന്നോട്ടു നടന്ന് ബെന്റിങ്ക്‌ സ്ട്രീറ്റിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ഇരുപത്തിയേഴാം നമ്പർ കെട്ടിടം ഓറിയന്റ് സിനിമയുടെ മുന്നിലെത്തിയപ്പോൾ ഞാനറിയാതെ എതിർവശത്തെ മണ്ണിന്റെ നിറവും അടർന്ന ചുവരുകളുമുള്ള ഒരു ബ്രിട്ടീഷ്‌കാല കെട്ടിടത്തിന്റെ മൂന്നാംനിലയിലെ പണ്ടെങ്ങോ അടിച്ച പച്ചപെയിന്‍റുളള ജനലിൽ എന്റെ കണ്ണുകൾ ഉടക്കി.

ജാലകത്തിലൂടെ ഏതോ ഒരു സുന്ദരിയുടെ കൈകൾ പുറത്തേക്കു വരുന്നു. കുളികഴിഞ്ഞ് ഇളം മഞ്ഞയിൽ ചുവപ്പു ബോർഡറുകളുള്ള ഈറൻ സാരി ഉണക്കുവാൻ ജനാലക്കമ്പികളിൽ കോർത്ത് വെളിയിലേക്കിടുവാനുള്ള ശ്രമത്തിലാണ് ആ കൈകൾ. മുഖം വ്യക്തമായി കാണുന്നില്ല. മുഖവും മനോഹരമായിരിക്കും. കാരണം കരങ്ങൾ അതിമനോഹരമാണ്. കടഞ്ഞെടുത്ത വെണ്ണ പോലെ, രാജ രവിവർമ്മ ചിത്രത്തിൽ അരയന്നത്തിന്റെ സന്ദേശം സ്രവിക്കുന്ന ദമയന്തിയുടെ കരിവളയിട്ട കൈകൾ പോലെ... കൈവിരലുകളിലെ കടുംചുവപ്പുള്ള നെയിൽപോളിഷ് സുന്ദരിയുടെ കൈകളെ കൂടുതൽ മനോഹരമാക്കുന്നു. ആ മാസ്മരിക വലയത്തിൽ ഞാനറിയാതെ കുറെ നിമിഷങ്ങൾ തരിച്ചുനിന്നു. അപ്പോഴേക്കും സുന്ദരിയുടെ കൈകൾ ഉള്ളിലേക്ക് വലിഞ്ഞിരുന്നു. ഞാൻ പിറകോട്ടു നോക്കിയപ്പോൾ എന്റെ പിന്നിൽ മറ്റൊരാൾ ആകാംഷയോടെ തുറന്നു കിടക്കുന്ന മൂന്നാംനിലയിലെ പച്ച പെയിന്‍റടിച്ച ജനലിലേക്ക് നോക്കുന്നു. ഒന്നും കാണാതെ അയാളും മുന്നോട്ടു നടന്നപ്പോൾ, മൂന്നാമനും മൂന്നാംനിലയിലേക്ക് നോക്കുന്നു.

ഞാൻ തെരുവ് മുറിച്ചുകടന്ന് കോമേഴ്‌സ് ഹൗസിലെ എന്റെ ഓഫീസിലേക്ക് കയറുമ്പോൾ ഒന്നുകൂടെ തിരിഞ്ഞുനോക്കി. അപ്പോഴും മൂന്നാംനിലയിലെ ശൂന്യമായ ജാലകപ്പഴുതിലേക്ക് ആകാംഷയോടെ നോക്കുവാൻ അച്ചടക്കമുള്ള കാഴ്ചക്കാരുടെ ക്യൂ നീണ്ടു നീണ്ടു പോകുകയായിരുന്നു.
Join WhatsApp News
Raju Thomas 2021-11-26 17:01:34
പഹയൻ! ഏഭ്യൻ! പത്തിരുപത്തഞ്ചു കൊല്ലശേഷവും ആ കാഴ്ച ഇത്ര സ്ഫുടമായി ഓർക്കുന്നല്ലൊ! അതും, എന്തൊരു കാഴ്ച! "ആരാകിലെന്ത്, മിഴിയുള്ളവർ നിന്നിരിക്കാം..." അക്കാര്യം അങ്ങനിരിക്കട്ടെ. ഞാൻ അത്ഭുതം കൂറുന്നത് മറ്റൊരു കാര്യത്തെപ്പറ്റിയാണ്--താൻ പണ്ടു സഞ്ചരിച്ച ആ വിദുരനഗരിയിലെ തെരുവുകളെല്ലാം ഇദ്ദേഹം ഒരു ട്രാവലേഴ്‌സ് ഗൈഡിലെപ്പോലെ കൃത്യമായാണ് നമുക്കു കാട്ടിത്തരുന്നത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക