Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 24 November, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)
വിവാദ ദത്ത് കേസില്‍ കുഞ്ഞിനെ അനുപമയ്ക്ക് തിരികെ ലഭിച്ചു. കുട്ടിയെ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കാന്‍ തിരുവനന്തപുരം കുടുംബകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കുഞ്ഞിനെ അനുപമയ്ക്ക് തിരികെ നല്‍കിത്. എയ്ഡന്‍ അനു അജിത്ത് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കോടതിയില്‍ നിന്നും കുഞ്ഞുമായി സമരപന്തലിലെത്തിയ അനുപമ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്വരെ സമരം തുടരുമെന്നും അനുപമ പറഞ്ഞു. 
*********************************
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനായുള്ള കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതിനായി ഒറ്റ ബില്ലാണ് കൊണ്ടുവരുന്നത്. ബില്‍ നവംബര്‍ 29 ന് പാര്‍ലമെന്റെില്‍ അവതരിപ്പിക്കും. ഇതുള്‍പ്പടെ 26 ബില്ലുകളാണ് ശൈത്യകാല സമ്മേളനം ആരംഭിക്കുമ്പോള്‍ അവതരിപ്പിക്കുക. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗത്തിലാണ് കരട് ബില്ലിന് അംഗീകാരം നല്‍കിയത്.
********************************
മോഫിയ പര്‍വീണിന്റെ  ആത്മഹത്യയെ തുടര്‍ന്ന് ആലുവയില്‍ വന്‍ പ്രതിഷേധം. കേസില്‍ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനുള്ളിലും പുറത്തും യുഡിഎഫും  യുവമോര്‍ച്ചയും സമരം നടത്തി. ഇതിനിടെ, മോഫിയയുടെ ഭര്‍ത്താവിനെയും അച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ ഇന്നലെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയിരുന്നു. ആരോപണ വിധേയനായ സിഐ സുധീറിനെ സ്ഥം മാറ്റിക്കൊണ്ട് ഉത്തരവിറക്കി പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേയ്ക്കാണ് മാറ്റം. ഇയാളെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് മോഫിയയുടെ കുടുംബത്തിന്റെ ആവശ്യം. 
*****************************
സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനില്‍കാന്തിന്റെ കാലാവധി നീട്ടി. രണ്ട് വര്‍ഷത്തേക്കാണ് ഡിജിപിയുടെ കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. 2023 ജൂണ്‍ മുപ്പത് വരെയാണ് പുതുക്കിയ കാലാവധി. 2021 ജൂണ്‍ മുപ്പതിനാണ് അനില്‍കാന്തിനെ പൊലീസ് മേധാവിയായി മന്ത്രിസഭായോഗം തീരുമാനിച്ചത്. ലോകനാഥ് ബെഹ്‌റ വിരമിച്ചപ്പോഴായിരുന്നു അനില്‍കാന്തിന്റെ നിയമനം.
*******************************
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി മെട്രോമാന്‍ ഇ. ശ്രീധരന്‍ രംഗത്ത്. പദ്ധതിയുടെ അലൈന്‍മെന്റില്‍ പാകപ്പിഴകളുണ്ടെന്ന് ശ്രീധരന്‍ ചൂണ്ടിക്കാട്ടി. പദ്ധതിച്ചെലവ് കണക്കാക്കിയിരിക്കുന്നതിലും അപാകതകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 75,000 കോടി ചെലവ് കണക്കാക്കുമ്പോഴും, പണി തീരുമ്പോഴേക്കും 1.1 ലക്ഷം കോടിയെങ്കിലും ആവും. മാത്രമല്ല പണി തീരാന്‍ ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
******************************
ഇന്ത്യയില്‍ ഇപ്പോള്‍ കൊവിഡ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ലെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വാക്സിന്‍ എല്ലാവര്‍ക്കുമെത്തിക്കാനാണ് ഇപ്പോള്‍ ശ്രദ്ധിക്കേണ്ടതെന്നും ഭീകരമായ ഒരു കൊവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യത രാജ്യത്ത് ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞ് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
*****************************
ആന്ധ്രാ സ്വദേശികള്‍ക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാനുള്ള അവസരം നഷ്ടമാകില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.വീണ്ടും ദത്തെടുക്കാന്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ സംസ്ഥാനം സെന്‍ട്രല്‍ അതോറിറ്റിയോട് ആവശ്യം ഉന്നയിച്ചു. അനുപമയുടെ കുഞ്ഞിനെ കൊണ്ടുവരുമ്പോള്‍ തന്നെ ഈ കാര്യം അറിയിച്ചിരുന്നതായും മന്ത്രി വ്യക്തമാക്കി.
***********************************
മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് അറുമുഖസാമി കമ്മിഷന്‍ വിപുലീകരിക്കാന്‍ തയ്യാറാണെന്ന് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള യഥാര്‍ഥ വസ്തുതകള്‍ ജനങ്ങളിലെത്തിക്കേണ്ടത് സുപ്രധാനമാണ്. അതിനാല്‍, കമ്മിഷന്‍ വിപുലീകരിക്കാന്‍ തയ്യാറാണെന്ന് തമിഴ്നാട് സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദ്വിവേദി സുപ്രീം കോടതിയെ അറിയിച്ചു.
*************************************
മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. കായലില്‍ എറിഞ്ഞ, ഹോട്ടലിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കിനായി തിരച്ചിലിലാണെന്നും അദ്ദേഹം പറഞ്ഞു. ഹാര്‍ഡ് ഡിസ്‌ക് തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്നും ഇത് തിരികെ കായലില്‍ തന്നെയിട്ടെന്നും ഇതിനിടെ ചില മത്സ്യത്തൊഴിലാളികള്‍ വെളിപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക