Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 23 November, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ചൊവ്വാഴ്ച (ജോബിന്‍സ്)
ദത്ത് കേസില്‍ കുഞ്ഞ് അനുപമയുടേതാണെന്ന് തെളിഞ്ഞു. ഡിഎന്‍എ പരിശോധനയില്‍ മൂന്ന് പേരുടെയും ഫലം പൊസിറ്റീവായി. ഇതിന് പിന്നാലെ കുഞ്ഞിനെ കാണാന്‍ അനുപമയ്ക്ക് അനുമതി ലഭിച്ചു.  പരിശോധനാ ഫലം കോടതിയില്‍ ഹാജരാക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. എന്നാല്‍ ആരോപണവിധേയര്‍ക്കെതിരെ നടപടി വേണമെന്നും ഈ ആവശ്യമുന്നയിച്ച് കുഞ്ഞിനെ കിട്ടിയാലും സമരം തുടരുമെന്നും അനുപമ പറഞ്ഞു.
**************************************
കാര്‍ഷിക നിയമങ്ങള്‍ പിന്‍ലിക്കാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് ശേഷവും കര്‍ഷക സംഘടനകള്‍ അതിശക്തമായി സമരം തുടരുന്ന സാഹചര്യത്തില്‍ എത്രയും വേഗം നിയമം റദ്ദാക്കാനുള്ള നടപടികളിലേയ്ക്ക് സര്‍ക്കാര്‍ കടന്നു. പാര്‍ലമെന്റില്‍ ഒരു ബില്ലവതരിപ്പിച്ച് മൂന്നു നിയമങ്ങളും റദ്ദാക്കാനാണ് സര്‍ക്കാര്‍ തീരുമാനം ഒപ്പം താങ്ങുവില സംബന്ധിച്ചുള്ള കാര്യങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശമായോ നിയമമായോ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
**************************************
ശബരിമല തീര്‍ത്ഥാടന കാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ ശബരിമലയിലെ വരുമാന കണക്കുകള്‍ പുറത്ത് വന്നു തുടങ്ങി. ഈ ദിവസങ്ങളില്‍ ഉയര്‍ന്നു വന്ന ശര്‍ക്കര വിവാദം ഉള്‍പ്പെടെയുള്ളവ വരുമാനത്തെ ബാധിച്ചില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആറ് കോടി രൂപയുടെ വരുമാനമാണ് ശബരിമലയില്‍ കഴിഞ്ഞയാഴ്ച ലഭിച്ചത്. അപ്പം അരവണ വില്‍പ്പനയുടേതുള്‍പ്പെടെയാണിത്.
**************************************
ആലുവയിലെ എടയപ്പുറത്ത് എല്‍.എല്‍.ബി വിദ്യാര്‍ഥിയായ യുവതി തൂങ്ങി മരിച്ച നിലയില്‍. കക്കാട്ടില്‍ വീട്ടില്‍ മോഫിയ പര്‍വീണാണ്(21) മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. ഇന്നലെ യുവതി ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് എതിരെ ആലുവ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മോഫിയയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കുറിപ്പില്‍ സിഐയ്ക്കും ഭര്‍ത്താവിന്റെ കുടുംബത്തിനും എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
************************************
തിരുവനന്തപുരം-കാസര്‍കോട് കെ റെയിലിന് വായ്പ നല്‍കാന്‍ സന്നദ്ധതയറിയിച്ച് ഏഷ്യന്‍ വികസന ബാങ്ക് (എ.ഡി.ബി).ഒരു ബില്യണ്‍ ഡോളര്‍ (7500 കോടിയോളം രൂപ) വായ്പ നല്‍കാനുള്ള സന്നദ്ധത കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ കേരളാ റെയില്‍ വികസന കോര്‍പറേഷന്‍ അധികൃതരുമായുള്ള കൂടിക്കാഴ്ചയിലാണ് എ.ഡി.ബി അറിയിച്ചത്. എ.ഡി.ബി വായ്പയ്ക്ക് ഒന്നര ശതമാനം വരെയാണ് പലിശ.
*************************************
കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍, മുതിര്‍ന്നവര്‍ക്കുള്ള അധിക ഡോസ് എന്നിവ സംബന്ധിച്ച പദ്ധതി കേന്ദ്രസര്‍ക്കാര്‍ രണ്ടാഴ്ചക്കകം രൂപപ്പെടുത്തിയേക്കും. പ്രതിരോധ കുത്തിവെപ്പുകള്‍ സംബന്ധിച്ച കേന്ദ്രസര്‍ക്കാറിന്റെ ദേശീയ സാങ്കേതിക ഉപദേശകസമിതി അടുത്ത ദിവസം വിഷയം ചര്‍ച്ച ചെയ്യും. 18ല്‍ താഴെ പ്രായമുള്ളവരില്‍ മറ്റു രോഗങ്ങള്‍ അലട്ടുന്നവര്‍ക്ക് ജനുവരിയില്‍ കോവിഡ് വാക്സിന്‍ നല്‍കിത്തുടങ്ങുമെന്നാണ് സൂചന. മറ്റു കുട്ടികള്‍ക്ക് മാര്‍ച്ച് മുതല്‍ നല്‍കാനാണ് ഉദ്ദേശ്യം.
**************************************
കണ്ണൂര്‍ യൂണിവേഴ്സ്റ്റിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കാനുള്ള നീക്കം വിവാദമായതോടെ ഇടപെട്ട് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണ്ണര്‍. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറര്‍ ഗോപിനാഥ് രവീന്ദ്രനോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം തേടി.
***************************************
അവശ്യ സാധനങ്ങളുടെ വില ഉയരാന്‍ കാരണം ഇന്ധന വിലവര്‍ധനയാണെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. സാധാരണ ജനങ്ങള്‍ക്ക് താങ്ങാനാവുന്നതല്ല വിലക്കയറ്റമെന്നും അദ്ദേഹം പറഞ്ഞു. 
കേന്ദ്ര സര്‍ക്കാര്‍ അധിക ലാഭമുണ്ടാക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് നികുതി കൂട്ടുന്നില്ലെന്ന് വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. അതിസാധാരണക്കാരുടെ നികുതി കേന്ദ്രം വര്‍ദ്ധിപ്പിക്കുകയാണ്. ഇന്ധനത്തില്‍ ചുമത്തുന്ന സ്‌പെഷ്യല്‍ എക്‌സൈസ് തീരുവ പൂര്‍ണമായും പിന്‍വലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
***************************************
രണ്ടാം മാറാട് കലാപ കേസിലെ  രണ്ടു പ്രതികള്‍ക്കു കൂടി ഇരട്ട ജീവപര്യന്തം തടവ്. 95ാം പ്രതി ഹൈദ്രോസ, 148ാം പ്രതി നിസാമുദീന്‍ എന്നിവര്‍ക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. കലാപ ലക്ഷ്യത്തോടെ സ്‌ഫോടക വസ്തു കൈവശം വച്ചതിലെ വകുപ്പുകള്‍, മാരകായുധം കൈവശം വയ്ക്കല്‍  എന്നീ കുറ്റങ്ങള്‍ പ്രകാരമാണ് ഹൈദ്രോസിന് രണ്ട് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചത്. ഹൈദ്രോസ 102000 രൂപ പിഴയും  അടക്കണം. കൊലപാതകം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക തുടങ്ങിയവയാണ് നിസാമുദീനെതിരെ തെളിഞ്ഞ കുറ്റങ്ങള്‍. ഇരട്ട ജീവപര്യന്തം തടവിന് പുറമെ 56000 രൂപ പിഴയും നിസാമുദീന്‍ നല്‍കണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക