Image

ഭക്ഷണത്തില്‍ മന്ത്രിച്ചൂതിയ പുരോഹിതന്‍ ചെയ്തത് അനാചാരം; തുപ്പിയ ഭക്ഷണമല്ല ഹലാല്‍; പാളയം ഇമാം‍

Published on 23 November, 2021
ഭക്ഷണത്തില്‍ മന്ത്രിച്ചൂതിയ പുരോഹിതന്‍ ചെയ്തത് അനാചാരം; തുപ്പിയ ഭക്ഷണമല്ല ഹലാല്‍; പാളയം ഇമാം‍
തിരുവനന്തപുരം: ഹലാല്‍ ഭക്ഷണവിവാദത്തില്‍ പ്രതികരണവുമായി  പാളയം ഇമാം. ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണം നടത്തരുത് എന്നും തുപ്പിയ ഭക്ഷണമാണ് ഹലാല്‍ എന്നത് വസ്തുത വിരുദ്ധമാണെന്നും പാളയം ഇമാം വി.പി. സുഹൈബ് മൗലവി പ്രസ്താവനയില്‍ പറഞ്ഞു. 

ഭക്ഷണത്തിലേക്ക് ഊതരുത് എന്നാണ് പ്രവാചക കല്പന. ഉറൂസ് ഭക്ഷണത്തില്‍ മന്ത്രിച്ചൂതുന്ന പുരോഹിതന്റെ നടപടി അനാചാരമാണെന്നും പാളയം ഇമാം ചൂണ്ടിക്കാട്ടി. എന്നാല്‍ വിശ്വാസത്തെ വികലമാക്കുന്ന ഇത്തരം ഒറ്റപ്പെട്ട ചിത്രങ്ങളെ പൊക്കിപ്പിടിച്ചു തെറ്റായ പ്രചാരണം നടത്തുകയാണെന്നും മത സൗഹാര്‍ദ്ദത്തെ തകര്‍ക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ പാടില്ലെന്നും പാളയം ഇമാം കൂട്ടിച്ചേര്‍ത്തു.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ബിരിയാണിച്ചെമ്പിലേക്ക് മന്ത്രിച്ചൂതുന്ന ഉസ്താദിന്റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഹലാല്‍ എന്ന പേരില്‍ വിളമ്പുന്നത് തുപ്പിയ ഭക്ഷണമാണെന്നുള്ള പ്രചാരണങ്ങളും നടന്നത്.

 ഇതിനു പിന്നാലെ വിവാദത്തില്‍ പ്രതികരണവുമായി വിവിധ രാഷ്ട്രീയ നേതൃത്വങ്ങളും രംഗത്ത് വന്നിരുന്നു.

ഹോട്ടലുകളില്‍ എന്തിനാണ് ഹലാല്‍ ബോര്‍ഡ് വയ്ക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു. ഇത്തരം ബോര്‍ഡുകള്‍ സംഘപരിവാറിന് പ്രകോപനം സൃഷ്ടിക്കാന്‍ കാരണമാകും. ഭക്ഷണം ആവശ്യമുള്ളവര്‍ അത് ചോദിച്ചു വാങ്ങുകയാണ് നല്ലതെന്നും ഭക്ഷണത്തിന്റെ പേരില്‍ കേരളത്തെ വിഭജിക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ നടത്തുന്നതെന്നും ഹസ്സന്‍ കോഴിക്കോട് മാധ്യമങ്ങളേ കാണവേ പറഞ്ഞു.

അതേസമയം, പന്നിയിറച്ചിയും കഴിക്കാമെന്ന് പഠിപ്പിച്ച മതമാണ് ഇസ്‌ലാമെന്നാണ് ഹലാല്‍ വിവാദത്തില്‍ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പ്രതികരിച്ചത്. വിശക്കുന്നവന് മറ്റൊന്നും കഴിക്കാനില്ലെങ്കില്‍ പന്നിയിറച്ചിയും ഹറാമല്ല. ഹലാല്‍ വിവാദമുണ്ടാക്കിയത് ഇസ്ലാം മതത്തിലെ ചില ജിഹാദികളാണ്. ഇസ്‌ലാമിനെ വേഷത്തിലും ഭക്ഷണത്തിലും മാറ്റി നിര്‍ത്താന്‍ ഉള്ള ശ്രമമാണിത്. മലമൂത്രത്തില്‍ പോലും തുപ്പരുതെന്ന് പഠിപ്പിച്ച മതമാണ് ഇസ്‌ലാമെന്നും ഭക്ഷണത്തില്‍ തുപ്പിയ തങ്ങളെ അറസ്റ്റ് ചെയ്യണമെന്നും അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക