Image

കുഞ്ഞിനെ കിട്ടിയാലും സമരമവസാനിപ്പിക്കില്ലെന്ന് അനുപമ

ജോബിന്‍സ് Published on 23 November, 2021
കുഞ്ഞിനെ കിട്ടിയാലും സമരമവസാനിപ്പിക്കില്ലെന്ന് അനുപമ
നഷ്ടപ്പെട്ട തന്റെ കുഞ്ഞിനെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് സമരമാരംഭിച്ച തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അനുപമ നിലപാട് മാറ്റുന്നു. കുഞ്ഞിനെ കിട്ടിയാലും സമരമവസാനിപ്പിക്കില്ലെന്ന് അനുപമ പറഞ്ഞു. ഈ വിഷയത്തില്‍ കുട്ടിക്കടത്താണ് നടന്നിരിക്കുന്നതെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് അനുപമയുടെ നിലവിലെ ആവശ്യം. 

അനുപമയുടെ പരാതി അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ആന്ധ്രയിലെ ദമ്പതികളില്‍ നിന്നും കുഞ്ഞിനെ തിരികെ വാങ്ങി കേരളത്തില്‍ എത്തിച്ചിരുന്നു. ഡിഎന്‍എ പരിശോധനാ നടപടികള്‍ പുരോഗമിക്കുമ്പോഴാണ് അനുപമയുടെ പുതിയ ആവശ്യം.

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനന്ദയും ശിശുക്ഷേമസമിതി സെക്രട്ടറി ഷിജു ഖാനും അടക്കമുള്ളവരും പൊലീസും ചേര്‍ന്ന് തെളിവ് നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. സംഭവിച്ച വീഴ്ചകള്‍ മുഴുവന്‍ തന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമം. കുഞ്ഞിനെ കിട്ടിയാലും സമരവുമായി മുന്നോട്ടുപോകുമെന്നും, ഇതില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരം ചെയ്യുമെന്നും അനുപമ വ്യക്തമാക്കി. 

സിബിഐ അന്വേഷണമാവശ്യപ്പെട്ട് പരാതി നല്‍കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ തിരികെ കിട്ടിയാല്‍ ഇടേണ്ട പേര് താനും കുഞ്ഞിന്റെ അച്ഛനായ തന്റെ സുഹൃത്തും ചേര്‍ന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അനുപമ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക