Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 22 November, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - തിങ്കളാഴ്ച (ജോബിന്‍സ്)
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച ഇടക്കാല ഉത്തരവ് തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിലനിര്‍ത്താനാണ് ഇടക്കാല ഉത്തരവ്.
****************************
സംസ്ഥാനത്ത് ഹലാല്‍ വിവാദം ഉയര്‍ത്തുന്നത് മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഈ വിഷയം ഏറ്റവുമധികം പ്രചരിപ്പിക്കുന്ന ബിജെപിയ്ക്കുള്ളില്‍ തന്നെ വിഷയത്തില്‍ അഭിപ്രായ വിത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു കോടിയേരിയുടെ പ്രതികരണം.
**********************************
ആന്ധ്രയില്‍ ഡാമില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 20 ഗ്രാമങ്ങല്‍ ഒഴിപ്പിച്ചു. ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയായ. തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയില്‍ ആണ് വിള്ളല്‍ കണ്ടെത്തിയത്. വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണിയിലെ നാല് ഇടങ്ങളില്‍ ആണ് ചോര്‍ച്ച. 500 വര്‍ഷത്തിലേറെ പഴക്കമുള്ള ജലസംഭരണിയാണ്  റയല ചെരിവ് ജലസംഭരണി.
*********************************
കാര്‍ഷിക നിയമങ്ങള്‍ ആവശ്യമെങ്കില്‍ വീണ്ടും നടപ്പിലാക്കുമെന്ന് ബിജെപി എം.പി സാക്ഷി മഹാരാജ്. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആവശ്യമെങ്കില്‍ ഇനിയും നിയമം നിര്‍മ്മാണം നടത്തുമെന്ന് ഉന്നാവോ എം.പിയായ സാക്ഷി മഹാരാജ് പറഞ്ഞത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതെന്ന പ്രതിപക്ഷത്തിന്റെ വാദം അദ്ദേഹം തള്ളി.
**********************************
കോട്ടയം മുണ്ടക്കയത്ത് ബേക്കറി ജീവനക്കാരനുള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മുണ്ടക്കയം ടൗണിലെ ബേക്കറിയില്‍ ജോലിക്കാരനായിരുന്ന പാലക്കാട് സ്വദേശി സുബൈര്‍ താമസിച്ചിരുന്ന മുറിയില്‍ നിന്നാണ് രണ്ടു യുവാക്കളെ ശനിയാഴ്ച രാത്രി ഏഴരയോടെ പൊലീസ് അറസ്റ്റ് ചെയ്തത്.പാലക്കാട് നെന്‍മാറസ്വദേശികളായ സലാം,  ഇസ്ഹാക് എന്നിവരാണ് അറസ്റ്റിലായത്.
*********************************
ദത്ത് വിവാദത്തില്‍ എല്ലാവരുടെയും ഡി.എന്‍.എ സാമ്ബിള്‍ ശേഖരിച്ചു. ആദ്യം കുഞ്ഞിന്റെ സാമ്ബിളാണ് പരിശോധിച്ചത്. പിന്നീട് അനുപമയുടെയും അജിത്തിന്റെയും സാമ്ബിളും ശേഖരിച്ചു. വേഗത്തില്‍ തന്നെ ഡി.എന്‍.എ പരിശോധനാ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കുഞ്ഞിന്റെ മാതൃത്വം സംബന്ധിച്ചുള്ള അനിശ്ചിതത്വം അവസാനിക്കും. എന്നാല്‍ തന്റെ കുഞ്ഞിന്റെ സാമ്പിള്‍ തന്നെയാണോ ശേഖരിച്ചത് എന്നത് സംബന്ധിച്ച് ഉറപ്പില്ലെന്ന് അനുപമ ആരോപിച്ചു.
*******************************
ആന്ധ്രപ്രദേശ് സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനമെന്ന ബില്ല് മന്ത്രിസഭാ റദ്ദാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇനി അമരാവതിയായിരിക്കും സ്ഥിരം തലസ്ഥാനം.നിയമനിര്‍മ്മാണ തലസ്ഥാനമായി അമരാവതിയും ഭരണനിര്‍വ്വഹണ തലസ്ഥാനമായി വിശാഖപട്ടണവും നീതിന്യായ തലസ്ഥാനമായി കര്‍ണൂലുമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
***********************************
ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ പ്രതിയായ ഇന്റലിജന്‍സ് ബ്യൂറോ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി. ശ്രീകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി .
അതേസമയം മുന്‍കൂര്‍ ജാമ്യത്തിന് എതിരെ സിബിഐ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹര്‍ജികള്‍ നവംബര്‍ 29 ന് പരിഗണിക്കാനായി മാറ്റി.
************************************
കണ്ണൂര്‍ ധര്‍മ്മടത്ത് കളിക്കുന്നതിനിടെ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. ധര്‍മ്മടം പാലാട് നരിവയലിലാണ് സംഭവം. കളിക്കുന്നതിനിടെ കയ്യില്‍ കിട്ടിയ ഐസ്‌ക്രീം ബോള്‍ എടുത്തെറിഞ്ഞപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. പന്ത്രണ്ട് വയസുള്ള കുട്ടിയുടെ നെഞ്ചിനും കാലിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നരിവയല്‍ സ്വദേശി ശ്രീവര്‍ധിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക