Image

മോഡലുകളുടെ മരണം; ഡിവിആര്‍ കണ്ടെത്താനായില്ല, പുഴയിലെ തിരച്ചില്‍ അവസാനിപ്പിച്ചു

Published on 22 November, 2021
മോഡലുകളുടെ മരണം; ഡിവിആര്‍ കണ്ടെത്താനായില്ല, പുഴയിലെ തിരച്ചില്‍ അവസാനിപ്പിച്ചു
കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് പുഴയിലെറിഞ്ഞ സിസിടിവി ഡിവിആര്‍ കണ്ടെത്താനായില്ല. ഡിവിആര്‍ പുഴയിലെറിഞ്ഞെന്ന ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയനുസരിച്ച് ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപമാണ് തിരച്ചില്‍ നടത്തിയത്.

ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ പരിശോധന അവസാനിപ്പിച്ചു. അഞ്ച് മണിക്കൂറോളമാണ് സ്‌കൂബാ ടീം ഇവിടെ തിരച്ചില്‍ നടത്തിയത്. മൊഴി നല്‍കിയ ഹോട്ടല്‍ ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

ഫയര്‍ ഫോഴ്സിന്റെ സ്‌കൂബ ഡൈവിങ് ടീമാണ് പരിശോധന നടത്തിയത്. ഡിവിആര്‍ എറിഞ്ഞതായി ജീവനക്കാര്‍ കാണിച്ചുകൊടുത്ത ഭാഗത്തായിരുന്നു പരിശോധന. ശക്തമായ ഒഴുക്കും ചെളിയുമുള്ള ഇടമായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായിരുന്നു.

ഡിവിആര്‍ യഥാര്‍ഥത്തില്‍ പുഴയിലെറിയുകയായിരുന്നോ അതോ മറ്റേതെങ്കിലും കേന്ദ്രത്തില്‍ ഒളിപ്പിച്ചിട്ടുണ്ടോ എന്ന സംശയവും പോലീസിനുണ്ട്. അതിനായി ഹോട്ടല്‍ ഉടമ റോയിയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളില്‍ കൂടി പോലീസ് പരിശോധന നടത്തും. അതോടൊപ്പം ഹോട്ടലിലെ ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത മുഴുവന്‍ പേരേയും വിളിച്ചുവരുത്തും. 30 പേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. അമ്പതോളം പേരാണ് ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക